പിയാജിയോ ആപ്പെ സിറ്റി പ്ലസ് അവതരിപ്പിച്ചു

പിയാജിയോ ആപ്പെ സിറ്റി പ്ലസ് അവതരിപ്പിച്ചു

മുംബൈ എക്‌സ് ഷോറൂം വില 1.71 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : പിയാജിയോ ആപ്പെ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.71 ലക്ഷം രൂപ (പെട്രോള്‍ വേരിയന്റ്) മുതല്‍ 1.92 ലക്ഷം രൂപ (സിഎന്‍ജി വേരിയന്റ്) വരെയാണ് മുംബൈ എക്‌സ് ഷോറൂം വില. അര്‍ധ നഗര, ഗ്രാമീണ മേഖലകളിലെ മുക്കിലും മൂലയിലും എത്താന്‍ കഴിയുകയെന്ന അഥവാ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പിയാജിയോ ഇന്ത്യ വാണിജ്യ യാത്രാ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പിയാജിയോയുടെ ഇറ്റലിയിലെയും ഇന്ത്യയിലെയും ഗവേഷണ വികസന കേന്ദ്രങ്ങളിലാണ് മൂന്നുചക്ര വാഹനം വികസിപ്പിച്ചത്. പെട്രോള്‍, ഡീസല്‍, എല്‍പിജി, സിഎന്‍ജി എന്നീ നാല് ഇന്ധന വേരിയന്റുകളില്‍ പിയാജിയോ ആപ്പെ സിറ്റി പ്ലസ് ലഭിക്കും.

ഈ വിഭാഗത്തിലെ മികച്ച സ്ഥലസൗകര്യം, കരുത്ത്, ടോര്‍ക്ക് എന്നിവയോടെയാണ് പിയാജിയോ ആപ്പെ സിറ്റി പ്ലസ് വരുന്നത്. ലഗേജ് സൂക്ഷിക്കാന്‍ അധിക സ്ഥലം ലഭ്യമാണ്. വലിയ അനുപാതങ്ങളില്‍ നിര്‍മ്മിച്ചതോടെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട ലെഗ്‌റൂം, ഹെഡ്‌റൂം എന്നിവ അനുഭവിക്കാന്‍ കഴിയും. ഡ്രൈവര്‍ക്ക് കൂടുതല്‍ സുഖപ്രദമായ സീറ്റ് നല്‍കിയിരിക്കുന്നു. 197 മില്ലി മീറ്ററാണ് പിയാജിയോ ആപ്പെ സിറ്റി പ്ലസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. സെഗ്‌മെന്റിലെ ഏറ്റവും ഉയര്‍ന്നത്. 1920 മില്ലി മീറ്ററാണ് വീല്‍ബേസ്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2880 എംഎം, 1435 എംഎം, 1970 എംഎം.

പൂര്‍ണ്ണമായും പുതിയ 230 സിസി, 3 വാല്‍വ് പെട്രോള്‍ എന്‍ജിനാണ് പിയാജിയോ ആപ്പെ സിറ്റി പ്ലസിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 4,800 ആര്‍പിഎമ്മില്‍ 10 ബിഎച്ച്പി കരുത്തും 17.51 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എല്‍പിജി വേര്‍ഷനില്‍ ഇതേ മോട്ടോര്‍ 4,900 ആര്‍പിഎമ്മില്‍ 11 ബിഎച്ച്പി കരുത്തും 3,000 ആര്‍പിഎമ്മില്‍ 20.37 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 3,600 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 21 എന്‍എം ടോര്‍ക്കും ഡീസല്‍ വേര്‍ഷനിലെ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. എല്ലാ വേരിയന്റുകളിലും 4 സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. ഡ്രം ബ്രേക്കുകള്‍ നല്‍കി.

സിഎന്‍ജി വേരിയന്റില്‍ 40 കിലോമീറ്ററും എല്‍പിജി വേര്‍ഷനില്‍ 22 കിലോമീറ്ററും ഡീസല്‍ പതിപ്പില്‍ 40 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. പെട്രോള്‍ വേരിയന്റിന് 36 മാസം/ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി ഓഫര്‍ ചെയ്യുന്നു. ആദ്യ വര്‍ഷം എട്ട് സൗജന്യ സര്‍വീസുകള്‍ ഉണ്ടായിരിക്കും. 42 മാസം/1.2 ലക്ഷം കിലോമീറ്റര്‍ വാറന്റിയാണ് ഡീസല്‍ വേരിയന്റിന് ലഭിക്കുന്നത്. സൗജന്യ സര്‍വീസുകള്‍ അഞ്ചെണ്ണമായിരിക്കും.

പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 200-300 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉല്‍പ്പന്ന, സാങ്കേതികവിദ്യാ വികസനത്തിന് തുക ചെലവഴിക്കും. ഈ വര്‍ഷം ഡിസംബര്‍ പാദത്തില്‍ പൂര്‍ണ്ണ ഇലക്ട്രിക് മൂന്നുചക്ര വാഹനം വിപണിയിലെത്തിക്കും. ഈ വര്‍ഷം സെപ്റ്റംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുതുടങ്ങും. 4.5 കിലോവാട്ട് മോട്ടോര്‍ കരുത്തേകും. 1.45 ലക്ഷം മുതല്‍ 1.95 ലക്ഷം രൂപ വരെയായിരിക്കും വില.

Comments

comments

Categories: Auto