പാലാരിവട്ടം മേല്‍പ്പാലം കണ്ണുതുറപ്പിക്കുമോ

പാലാരിവട്ടം മേല്‍പ്പാലം കണ്ണുതുറപ്പിക്കുമോ

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ലെന്ന് മദ്രാസ് ഐഐടിയും വ്യക്തമാക്കിയിരിക്കുന്നു. ഉത്തരവാദിത്തമില്ലായ്മയുടെ പാരമ്യമമാണ് പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയും തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിക്കഴിഞ്ഞു. 100 ചാക്ക് സിമന്റിന് പകരം 33 ചാക്ക് മാത്രമാണ് നിര്‍മാണത്തിന് മേല്‍പ്പാലം നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. അത് അടിവരയിടുന്നതാണ് ഐഐടി മദ്രാസിന്റെ പുതിയ റിപ്പോര്‍ട്ട്.

പാലത്തിന്റെ ഡിസൈന്‍ പ്രകാരം എം 35 എന്ന ഗ്രേഡില്‍ കോണ്‍ക്രീറ്റ് വേണ്ടിടത്ത് എം 22 എന്ന തോതില്‍ മാത്രമാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. അതീവഗൗരവമുള്ള വീഴ്ച്ചയാണ് പാലത്തിന്റെ നിര്‍മാണത്തിലുണ്ടായിരിക്കുന്നത് ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

വളരെ പ്രധാനപ്പെട്ട ഒരു അടിസ്ഥാനസൗകര്യ പദ്ധതിയില്‍ യാതൊരുതരത്തിലുള്ള എക്കൗണ്ടബിലിറ്റിയുമില്ലാതെ നടപ്പാക്കിയതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാലാരിവട്ടം മേല്‍പ്പാലം. പദ്ധതി പ്രവര്‍ത്തനക്ഷമമായി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെയാണ് ഈ ദുരന്തമെന്നതാണ് നിര്‍ഭാഗ്യകരം. പ്രാഥമികമായി തന്നെ പാലത്തിലെ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം വിഷയത്തോട് അന്നത്തെ കാലത്തെ പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണമെല്ലാം തീര്‍ത്തും നിരുത്തരവാദിത്തപരമായി പോയി. മന്ത്രിയായിരുന്ന ജോലി പാലത്തിന് ഭരണാനുമതി നല്‍കല്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഉദ്യോഗസ്ഥതലത്തിലും സര്‍ക്കാര്‍ തലത്തിലും കൂടുതല്‍ എക്കൗണ്ടബിള്‍ ആയി കാര്യങ്ങള്‍ മാറിയാല്‍ മാത്രമേ പാലാരിവട്ടം പാലങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ഇത്തരമൊരു വലിയ വീഴ്ച്ചയ്ക്ക് ആരാണ് ഉത്തരവാദിയെന്ന കാര്യത്തില്‍ പോലും ഇതുവരെ ധാരണയില്ല എന്നത് നമ്മുടെ സംവിധാനങ്ങളിലെ പിഴവാണ് ചൂണ്ടിക്കാണിക്കുന്നത്.

Categories: Editorial, Slider