എണ്ണക്കപ്പല്‍ ആക്രമണം: പിന്നില്‍ ഇറാനെന്ന് ഉറപ്പിച്ച് അമേരിക്ക, തെളിവ് പുറത്തുവിട്ടു

എണ്ണക്കപ്പല്‍ ആക്രമണം: പിന്നില്‍ ഇറാനെന്ന് ഉറപ്പിച്ച് അമേരിക്ക, തെളിവ് പുറത്തുവിട്ടു
  • ഇറാന്‍ പങ്ക് വ്യക്തമാക്കുന്ന വീഡിയോയുമായി അമേരിക്ക
  • അക്രമിക്കപ്പെട്ട കപ്പലില്‍ നിന്നും ഐര്‍ജിസി സ്‌ഫോടക വസ്തുക്കള്‍ നീക്കിയെന്ന് അവകാശവാദം
  • ആരോപണം ഇറാന്‍ നിഷേധിച്ചു

ബഹ്‌റൈന്‍: ഒമാന്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസമുണ്ടായ എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണത്തിന് തെളിവുമായി അമേരിക്ക. അക്രമിക്കപ്പെട്ട രണ്ടു ടാങ്കറുകളില്‍ ഒന്നില്‍ നിന്നും ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്യുന്ന വീഡിയോ ആണ് അമേരിക്ക പുറത്തുവിട്ടത്. കപ്പലുകള്‍ ആക്രമിക്കപ്പെട്ട വ്യാഴാഴ്ച തന്നെ സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക പരസ്യമായി ആരോപിച്ചിരുന്നു.

”പ്രാദേശിക സമയം 4.10ന് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് കോര്‍പിന്റെ ഗഷ്ടി ക്ലാസ് പെട്രോള്‍ ബോട്ട് അക്രമിക്കപ്പെട്ട എംടി കോകുക കറേജ്യസ് ബോട്ടിനടുത്ത് എത്തിയതായി കണ്ടു. കപ്പലില്‍ നിന്നും പൊട്ടാത്ത, പറ്റിപ്പിടിച്ചിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ അവര്‍ നീക്കം ചെയ്തു”പുറത്തുവിട്ട വീഡിയോ അടിസ്ഥാനപ്പെടുത്തി അമേരിക്കന്‍ നാവികസേനാ ക്യാപ്റ്റനും യുഎസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് വക്താവുമായ ബില്‍ അര്‍ബന്‍ പറഞ്ഞു.

ഇറാനിലെ പ്രബലരായ റെവലൂഷനറി ഗാര്‍ഡ് കോര്‍പ് തന്നെയാണ് കപ്പലിനടുത്തെത്തി സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയതതെന്ന നിഗമനത്തിലാണ് അമേരിക്ക. ഇതിന് തെളിവായി വീഡിയോ മാത്രമല്ല, ഫോട്ടോകളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. അക്രമിക്കപ്പെട്ട ടാങ്കറുകളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചള്ള സന്ദേശം വന്ന് ഏതാണ്ട് പത്ത് മണിക്കൂറിനും ആ കപ്പലിലെ 21 ജീവനക്കാരെ അമേരിക്കയുടെ നാവികകപ്പല്‍ രക്ഷപ്പെടുത്തി അഞ്ച് മണിക്കൂറിനും ശേഷമാണ് പ്രസ്തുത വീഡിയോ എടുത്തിട്ടുള്ളത്. ആക്രമണത്തിന് ശേഷം കപ്പലിന്റെ ബാഹ്യപാളിയിലുണ്ടായ വിള്ളലില്‍ നിന്നും സ്്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങളെല്ലാം ഇറാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇറാന്‍ തീരത്ത് നിന്നും ഏതാണ്ട് 14 നോട്ടിക്കല്‍ മൈല്‍ അകലെയായി ഒമാന്‍ ഉള്‍ക്കടലില്‍ ജപ്പാന്‍, നോര്‍വെ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഒരു കപ്പലിന് തീപിടിക്കുകയും ചെയ്തു. ഇരുകപ്പലുകളുടെയും നിയന്ത്രണം നഷ്ടമായതോടെ അതിലുണ്ടായിരുന്ന 44ഓളം ജീവനക്കാരെ രക്ഷപ്പെടുത്തി. ആഗോള എണ്ണനീക്കത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മൂസ് കടലിടുക്കില്‍ ഒരു മാസത്തിനിടെ എണ്ണക്കപ്പലുകള്‍ ലക്ഷ്യമാക്കി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം 12ന് ഫുജെയ്‌റയില്‍ നടന്ന ആക്രമണത്തില്‍ സൗദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ അടക്കം നാല് കപ്പലുകള്‍ അക്രമിക്കപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിലും ഇറാനാണെന്നാണ് അമേരിക്കയുടെ ആരോപണം.

വ്യാഴാഴ്ച ആക്രമണമുണ്ടായതിന് പിന്നാലെ സംഭവത്തിന് ഉത്തരവാദി ഇറാനാണെന്ന് പരസ്യമായി ആരോപിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് അമേരിക്കന്‍ നാവികസേന ഇതിന് തെളിവായി വീഡിയോ പുറത്തുവിടുന്നത്. യാതൊരു പ്രകോപനവും കൂടാതെ നടക്കുന്ന ഈ ആക്രമണങ്ങള്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പോംപിയോ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാന്‍-അമേരിക്ക പ്രശ്‌ന പരിഹാരത്തിനായി ടെഹ്‌റാനിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുമായി ചര്‍ച്ച നടത്തവെയാണ് ആക്രമണുണ്ടായത്. ജപ്പാന്‍ പ്രധാനമന്ത്രിക്ക് ആതിഥേത്വം നല്‍കുന്ന വേളയില്‍ തന്നെ ജപ്പാന്‍ നിയന്ത്രണത്തിലുള്ള കപ്പലിന് നേരെ ആക്രമണം നടത്തിയത് അപമര്യാദയാണെന്ന് പോംപിയോ ആരോപിച്ചു.

എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങള്‍ക്കെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ആഞ്ഞടിച്ചു. യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഉള്‍പ്പെടുന്ന ‘ബി ടീം’ എന്ന് വിളിക്കപ്പെടുന്നവര്‍ നടത്തുന്ന ‘അട്ടിമറി നയതന്ത്ര’ത്തിന്റെ ഭാഗമാണ് അമേരിക്കയുടെ ഇപ്പോഴത്തെ ആരോപണങ്ങളെന്ന് സരീഫ് കുറ്റപ്പെടുത്തി. യാതൊരു തെളിവും ഇല്ലാതെ ഇറാനെതിരെ തിടുക്കത്തില്‍ ആരോപണങ്ങള്‍ പടച്ചുവിടുകയാണ് അമേരിക്ക. അട്ടിമറി നയതന്ത്രമെന്ന പ്ലാന്‍ ബിയിലേക്ക് ഷിന്‍സോ ആബെ അടക്കമുള്ള ബി ടീം നീങ്ങുകയാണെന്നാണ് ഇത് വ്യക്തമാക്കുന്ന്. ഇറാനെതിരെ അവര്‍ നടത്തുന്ന സാമ്പത്തിക തീവ്രവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും ട്വിറ്ററിലൂടെ സരീഫ് ആരോപിച്ചു.

അതേസമയം എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായി സന്ധി സംഭാഷണം നടത്താനുള്ള തീരുമാനം അമേരിക്ക ഉപേക്ഷിച്ചു. നയതന്ത്രത്തിനുള്ള അവസരം താത്കാലികമായി ഉപേക്ഷിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സമാധാന ശ്രമങ്ങള്‍ നടത്തിയ ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബേയ്ക്ക് ട്രംപ് നന്ദി അറിയിച്ചു.

ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു

ഗള്‍ഫില്‍ ഒരു യുദ്ധമുണ്ടാകുന്നത് ലോകത്തിന് താങ്ങാനാകില്ലെന്ന് ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ അപലപിച്ച് കൊണ്ട് ഐക്യരാഷ്ട്ര സഭ പറഞ്ഞു. ജനങ്ങള്‍ക്കെതിരായ ഏതൊരു അക്രമത്തെയും ശക്തമായി അപലപിക്കുമെന്നും ഇത് സംബന്ധിച്ച വസ്തുതകള്‍ പുറത്ത് വരികയും ഉത്തരവാദിത്തം വിശദീകരിക്കപ്പെടുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാസമിതിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

എണ്ണവില കൂടി

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കൂടി. ആക്രമണത്തിന് ശേഷം വ്യാഴാഴ്ച എണ്ണവില ബാരലിന് 2.42 ഡോളര്‍ വരെ വില വര്‍ധിച്ചു. ബ്രന്റ് ഫ്യൂച്ചേഴ്‌സിന് നാല് ശതമാനം വരെയാണ് വില കൂടിയത്. അക്രമിക്കപ്പെട്ട ഫ്രണ്ട് ഓള്‍ടയര്‍ എന്ന കപ്പലില്‍ 75,000 മെട്രിക് ടണ്‍ നാഫ്തയാണ് ഉണ്ടായിരുന്നത്. അബുദാബിയിലെ തക്രീര്‍ എണ്ണശുദ്ധീകരണശാലയില്‍ നിന്നും ചരക്ക് കയറ്റിയ ശേഷം തായ്‌ലന്‍ഡിലേക്ക് പോകുകയായിരുന്നു ഈ കപ്പല്‍. ഖത്തറിലെ മെസയീദ് തുറമുഖത്ത് നിന്നും സൗദി തുറമുഖമായ ജുബൈലില്‍ നിന്നും മെഥനോള്‍ കയറ്റിയ ശേഷം സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച കോകുക കറേജ്യസ് എന്ന ടാങ്കറും അക്രമിക്കപ്പെട്ടു. പശ്ചിമേഷ്യയിലെ എണ്ണ സംവിധാനങ്ങള്‍ ലക്ഷ്യമാക്കി നടന്ന ഏറ്റവും ഒടുവിലത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ ലക്ഷ്യമാക്കിയും എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. അന്നും ആക്രമണത്തിന്റെ പ്രതിഫലനങ്ങള്‍ എണ്ണവിലയില്‍ ദൃശ്യമായിരുന്നു.

പശ്ചിമേഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ്

ഒമാന്‍ കടലിടുക്കില്‍ എണ്ണ ഉല്‍പ്പന്നങ്ങളുമായി പോയ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ഓഹരിവിപണികളില്‍ അപ്രതീക്ഷിത ഇടിവുണ്ടായി. സൗദി ഓഹരിവിപണിയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. സൗദി സൂചിക 1.58 ശതമാനം നഷ്ടത്തില്‍ 8,941.54 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ദുബായ് ധനകാര്യ വിപണി 1.15 ശതമാനം നഷ്ടത്തില്‍ 2.633 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലെ പൊതുസൂചിക 0.54 ശതമാനം നഷ്ടത്തില്‍ 4,963.69 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.

എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും സൗദിയിലെ ആഭ വിമാനത്താവളം ലക്ഷ്യമാക്കി നടന്ന ഹൂതി ആക്രമണത്തില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന പ്രത്യാക്രമണത്തിന് ശ്രമിക്കുന്നതുമാണ് ഓഹരിവിപണികളുടെ തകര്‍ച്ചയില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. എണ്ണനീക്കത്തില്‍ സുപ്രധാന പങ്കുള്ള ഒമാന്‍ കടലിടുക്കില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് ഓഹരിവിപണിയെ പ്രതികൂലമായി ബാധിക്കുന്നത് സ്വാഭാവികമാണ്.

Comments

comments

Categories: Arabia