ഇമ്രാന്‍ ഖാനെ മുന്നിലിരുത്തി ഭീകരവാദത്തെ കടന്നാക്രമിച്ച് മോദി

ഇമ്രാന്‍ ഖാനെ മുന്നിലിരുത്തി ഭീകരവാദത്തെ കടന്നാക്രമിച്ച് മോദി

ഭീകരരെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം

ബിഷ്‌കെക്: ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ രാജ്യന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ ആരംഭിച്ച ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിലാണ് (എസ്‌സിഒ) മോദി പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സാക്ഷിയാക്കിയായിരുന്നു വിമര്‍ശനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹകരണം ശക്തമാക്കുന്നതിന് എസ്‌സിഒയിലെ അംഗരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരതയില്ലാത്ത സ്വതന്ത്ര സമൂഹത്തിനായാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ ഭീകരാക്രമണം നടന്ന സെന്റ് ആന്റണീസ് പള്ളി സന്ദര്‍ശിച്ച അനുഭവം പ്രധാനമന്ത്രി പങ്കുവെച്ചു. ‘എല്ലായിടത്തും നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരവാദത്തിന്റെ വൃത്തികെട്ട മുഖം എനിക്കവിടെ കാണാന്‍ സാധിച്ചു,’ പ്രധാനമന്ത്രി പറഞ്ഞു. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്‍കുന്നവരെയും പണം നല്‍കുന്നവരെയും ഭീകരവാദത്തിന്റെ ഉത്തരവാദികളായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കള്‍ ഭീകരവാദ ആശയങ്ങളില്‍ പെട്ടുപോവാതിരിക്കാന്‍ സാഹിത്യവും സംസ്‌കാരവും ക്രിയാത്മകമായ പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.

ഷാങ്്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് മോദി കിര്‍ഗിസ്ഥാന്‍ തലസ്ഥാനത്തെത്തിത്. ചൈനയുടെ നേതൃത്വത്തില്‍ എട്ട് രാജ്യങ്ങള്‍ അംഗങ്ങളായ സാമ്പത്തിക-സുരക്ഷാ സംഘടനയാണ് എസ്‌സിഒ. 2017 ലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇതില്‍ അംഗങ്ങളാകുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് മിന്നലാക്രമണത്തിനും ശേഷം ആദ്യമായാണ് മോദിയും ഇമ്രാന്‍ ഖാനും ഒരേ വേദിയില്‍ എത്തുന്നത്. ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഇമ്രാന്‍ ഖാന്‍ സൂചിപ്പിച്ചെങ്കിലും ഇന്ത്യ താല്‍പ്പര്യം കാട്ടിയില്ല. നേരത്തെ ഫോണിലൂടെയും ഇമ്രാന്‍ ഖാന്‍ ചര്‍ച്ചകള്‍ക്കുള്ള താല്‍പ്പര്യം അറിയിച്ചിരുന്നു. ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ചു പോവില്ലെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മറുപടി.

Categories: FK News, Slider