ഇത് തൊഴിലാളികളുടെ വിജയം

ഇത് തൊഴിലാളികളുടെ വിജയം

മലയാളിയുടെ ജീവിതചര്യയുമായി മെഡിമിക്‌സ് എന്ന ബ്രാന്‍ഡ് ഇഴചേര്‍ന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പാരമ്പര്യത്തനിമകൊണ്ടും നിര്‍മാണത്തിലെ വ്യത്യസ്തത കൊണ്ടും ലോക ശ്രദ്ധയാര്‍ജ്ജിച്ച മെഡിമിക്‌സ്, വിപണി ആധുനിക കാലത്തും തന്റെ വിപണി സാന്നിധ്യം ശക്തമാക്കി കൊണ്ടുപോകുന്നതിന് പിന്നില്‍ എ വി എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററായ എ വി അനൂപിന്റെ നേതൃപാഠവമാണ് തെളിഞ്ഞു കാണുന്നത്. സംരംഭകത്വം പാഷനായി കാണുന്ന അനൂപ് വ്യത്യസ്തമായ മേഖലകളില്‍ ഒരേ പോലെ നിക്ഷേപം കൊണ്ട് വന്നിരിക്കുന്നു. മെഡിമിക്‌സിന് പുറമെ അംബികാപിള്ളയുമായി ചേര്‍ന്നുള്ള കെയ്ത്ര, മേളം കറിപ്പൊടികള്‍, സജ്ജീവനം ആയുര്‍വേദ ആശുപത്രി എന്നിവ എ വി എ ഗ്രൂപ്പിന്റെ സംരംഭങ്ങളാണ്. എ വി എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മാണ രംഗത്തും എ വി അനൂപ് സജീവമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കൈകൊണ്ട് നിര്‍മിക്കപ്പെടുന്ന സോപ്പ് എന്ന ഖ്യാതിയോടെ മെഡിമിക്‌സിന്റെ അടുത്ത ഘട്ട വികസനം വിഭാവനം ചെയ്യുകയാണ് അദ്ദേഹം. നിലവില്‍ ദക്ഷിണേന്ത്യയില്‍ 300 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനം 2020 ല്‍ ലക്ഷ്യമിടുന്നത് 500 കോടി രൂപയുടെ വിറ്റുവരവാണ്. മാത്രമല്ല, വികസന പദ്ധതികളുടെ ഭാഗമായി ഹെയറോയില്‍, ബോഡി വാഷ്, ഷാംപൂ , തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും പദ്ധതിയിടുന്നുണ്ട്.

ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന് വിനോദസഞ്ചാരരംഗത്തിനപ്പുറം എടുത്തുപറയത്തക്ക മറ്റൊരു അമൂല്യമായ പ്രത്യേകത കൂടിയുണ്ട്. പരമ്പരാഗതമായി കൈമാറപ്പെട്ടു വന്ന ആയുര്‍വേദത്തിന്റെ പാരമ്പര്യമാണത്. കാലം എത്ര മാറിയിട്ടും മലയാളിക്ക് ആയുര്‍വേദത്തിലുള്ള വിശ്വാസത്തില്‍ യാതൊരു കുറവും വന്നിട്ടില്ല. മാത്രമല്ല, ഈ രംഗത്തെ ഗവേഷണങ്ങള്‍ കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ലോകരാജ്യങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത്തരത്തില്‍ ആയുര്‍വേദത്തിന്റെ ചുവടുപിടിച്ച് വളര്‍ന്നു വന്ന ബ്രാന്‍ഡാണ് മെഡിമിക്‌സ്. പൂര്‍ണമായും ഒരു ചെറുകിട ബിസിനസ് എന്ന രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച മെഡിമിക്‌സ്, ഇന്ന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ഉല്‍പ്പന്ന വൈവിധ്യവത്ക്കരണത്തിന്റെ ചുവടുപിടിച്ച് മേഖലയിലെ ഒന്നാം നമ്പര്‍ സാന്നിധ്യമായി മാറിയിരിക്കുകയാണ്. യന്ത്രവത്കരണത്തിന്റെ കാലഘട്ടത്തിലും കൈകൊണ്ട് നിര്‍മിക്കുന്ന സോപ്പുകളുമായി ഈ മേഖലയില്‍ മുന്‍നിരയില്‍ തുടരുവാന്‍ മെഡിമിക്‌സ് എന്ന ബ്രാന്‍ഡിന് കഴിയുന്നു എന്നത് മാനേജ്‌മെന്റിന്റെ വിജയമാണ്.

തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ഒരേ പോലെ വിപണിയുള്ള മെഡിമിക്‌സിന്റെ തെക്കേ ഇന്ത്യന്‍ വിപണിക്ക് നേതൃത്വം നല്‍കുന്നത് എ വി എ ഗ്രൂപ്പും വടക്കേ ഇന്ത്യന്‍ വിപണിക് നേതൃത്വം നല്‍കുന്നത് ചോളയില്‍ ഗ്രൂപ്പുമാണ്. കൃത്യമായി പറഞ്ഞാല്‍ 1969 ലാണ് മെഡിമിക്‌സ് ആദ്യമായി വിപണിയിലെത്തുന്നത്. മെഡിമിക്‌സ് സ്ഥാപകനായ ഡോ. വിപി സിദ്ധന്റെ വ്യക്തിപരമായ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് വിപണിയിലെത്തുന്നത്. ഇന്ത്യന്‍ റെയില്‍വേയിലെ ഡോക്റ്റര്‍ ആയിരുന്ന വിപി സിദ്ധന് തന്റെ കരിയറില്‍ നേരിടേണ്ടി വന്ന ഒരു പ്രധാന വെല്ലുവിളിയായിരുന്നു തൊഴിലാളികള്‍ക്കുണ്ടാകുന്ന ചര്മപ്രശ്‌നങ്ങള്‍ . ഇതിനു ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനായി അദ്ദേഹം നടത്തിയ ഗവേഷണങ്ങളും പഠനങ്ങളുമാണ് മെഡിമിക്‌സ് എന്ന ആയുര്‍വേദ സോപ്പിന്റെ നിര്‍മാണത്തിന് കാരണമായത്.വിവിധ ഡോക്റ്റര്‍മാര്‍ എഴുതിയ മരുന്നുകളിലെ ഉള്ളടക്കവും സുഹൃത്തുക്കള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ച വിശ്വാസവും ചേര്‍ത്ത് വിവിധ ആയുര്‍വേദ മൂലികകള്‍ ചേര്‍ത്ത് അദ്ദേഹം ബാത്തിങ് സോപ്പ് നിര്‍മിക്കുകയായിരുന്നു.

തുടക്കം മുതല്‍ക്കേ കൈകൊണ്ട് നിര്‍മിക്കുന്ന സോപ്പ എന്ന ലേബലിലാണ് ഉല്‍പ്പന്നം അറിയപ്പെട്ടത്. കാലങ്ങള്‍ മുന്നോട്ട് പോകും തോറും ഫാക്റ്ററികളില്‍ യന്ത്രങ്ങള്‍ വന്നു എങ്കിലും മെഡിമിക്‌സ് ആ പഴയ പാതയില്‍ തന്നെ തുടര്‍ന്നു. മെഡിമിക്‌സ് ക്ലാസിക് എന്ന ഒരൊറ്റ ഉല്‍പ്പന്നമാണ് ദീര്‍ഘകാലം വിപണിയില്‍ എത്തിച്ചിരുന്നത്. തുടര്‍ന്നു, 1990 കളിലാണ് സോപ്പിന്റെ വിവിധ വൈവിധ്യങ്ങള്‍ വിപണിയില്‍ എത്തിച്ചു തുടങ്ങിയത്. ഇപ്പോള്‍ മെഡിമിക്‌സ് ക്ലാസിക്കിന് പുറമെ, മെഡിമിക്‌സ് ഗ്ലിസറിന്‍, മെഡിമിക്‌സ് സാന്‍ഡല്‍, മെഡിമിക്‌സ് ഹാന്‍ഡ് വാഷ് എന്നീ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നുണ്ട്. മെഡിമിക്‌സിന് തെക്കേ ഇന്ത്യയില്‍ മാത്രമായി ആറ് പ്ലാന്റുകളാണ് ഉള്ളത്. ഓരോ പ്ലാന്റിലും ഏകദേശം 100,000 സോപ്പുകള്‍ പ്രതിദിനം നിര്‍മിക്കുന്നു. തെക്കേ ഇന്ത്യയില്‍ മാത്രം പ്രതിമാസം 850 ടണ്‍ സോപ്പിന്റെ ഉല്‍പ്പാദനമാണ് നടക്കുന്നത്.

തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകവും ബിസിനസും

തൃശ്ശൂര്‍ എന്ന സാംസ്‌കാരിക നഗരിയുടെ പുത്രനാണ് എ വി എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ എ വി അനൂപ്. തൃശ്ശൂര്‍ നഗരത്തില്‍ ജനിച്ചു വളര്‍ന്നതിന്റെ തനിമ സ്വഭാവത്തിലും ബിസിനസിലെ ഒരേ പോലെ കാത്തു സംരക്ഷിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എ വി എ ഗ്രൂപ്പിന്റെ ബിസിനസ് ഏറ്റെടുത്തതോടെ കേരളം വിട്ട് ചെന്നൈ നഗരത്തിലേക്ക് ചേക്കേറിയെങ്കിലും സംസ്ഥാനത്തിന്റെ വിപണിക്ക് ഇണങ്ങുന്ന രീതിയിലുള്ള ബിസിനസ് വികസനമാണ് അദ്ദേഹം കാഴ്ചവച്ചത്. ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍ എന്നും വ്യത്യസ്തനായിരുന്നു എ വി അനൂപ്. ഗുണമേന്മയില്‍ അധിഷ്ഠിതമായ വളര്‍ച്ച , അത് മാത്രമാണ് തന്റെ സ്ഥാപനത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തത്. വി പി സിദ്ധന്‍ പകര്‍ന്നു നല്‍കിയ മൂല്യാധിഷ്ഠിത സംരംഭകത്വം എന്ന ആശയത്തില്‍ അടിയുറച്ചാണ് അദ്ദേഹം തന്റെ ബിസിനസ് വളര്‍ത്തിയത്. കൃത്യമായ ഇടവേളകളില്‍ ഉല്‍പ്പന്ന വികേന്ദ്രീകരണം നടത്താനും സ്ഥാപനത്തിന്റെ പ്രധാന സമ്പാദ്യമായ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല.

എ വി എ ഗ്രൂപ്പിന്റെ ബിസിനസ് കെയ്ത്ര , മേളം , സജ്ജീവനം, എ വി എ ഗ്രൂപ്പ് പ്രൊഡക്ഷന്‍സ് തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്പോഴും വ്യക്തമായ പ്രവര്‍ത്തന പദ്ധതി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ആയുര്‍വേദ ചികിത്സാ രംഗത്ത് പുതിയ ആശയമാകുന്ന സഞ്ജീവനത്തിനൊപ്പം മെഡിമിക്‌സും മേളവും കേത്രയും എവിഎ പ്രൊഡക്ഷന്‍സും ഉള്‍പ്പെടുന്ന എ.വി അനൂപ് ഗ്രൂപ്പിന്റെ ബിസിനസ് എല്ലാം തന്നെ വളരെ കൃത്യമായതും എന്ന മന്ദഗതിയിലുള്ളതുമായ വളര്‍ച്ചാരീതിയാണ് സ്വീകരിച്ചു വരുന്നത്.വ്യത്യസ്തമായ ഈ ബിസിനസ് രീതി തന്നെയാണ് ഗ്രൂപ്പിന്റെ നിലനില്‍പ്പിന് പിന്നില്‍

ഗുണനിലവാരത്തില്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനം

എളുപ്പത്തില്‍ ലാഭം നേടാം എന്ന് കരുതി ഗുണനിലവാരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത ബ്രാന്‍ഡുകളാണ് എ വി എ ഗ്രൂപ്പിന് കീഴില്‍ ഉള്ളത്. 50 വര്‍ഷം പിന്നിട്ട മെഡിമിക്‌സും അടുത്തിടെ ഏറ്റെടുത്ത മേളം , കെയ്ത്ര എന്നീ ബ്രാന്‍ഡുകളും ഇക്കാര്യത്തില്‍ ഒരേ സമീപനമുള്ളവയാണ്. കൈകൊണ്ട് സോപ്പ് നിര്‍മിക്കുമ്പോള്‍ ധാരളം സമയം നഷ്ടമാകുന്നു എന്ന പരാതിയോടെ ചില ബ്രാന്‍ഡുകള്‍ യന്ത്ര നിര്‍മിത സോപ്പുകളിലേക്ക് തിരിഞ്ഞപ്പോഴും കൂടുതല്‍ ലാഭത്തേക്കാളും ഉപഭോക്താക്കളുടെ സംതൃപ്തിക്ക് വില നല്‍കിക്കൊണ്ട് ഹാന്‍ഡ് മെയ്ഡ് സോപ്പ് വിഭാഗത്തില്‍ തന്നെ തുടരാനാണ് മെഡിമിക്‌സ് തീരുമാനിച്ചത്. തങ്ങളുടെ തൊഴിലാളികളില്‍ അര്‍പ്പിച്ച ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു മെഡിമിക്‌സിന്റെ പിന്നീടുള്ള വളര്‍ച്ച. ”ഇന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ച് സോപ്പ് നിര്‍മാണം നടത്തുന്ന മറ്റ് സോപ്പ് ഫാക്റ്ററികളില്‍ ഉള്ള അത്ര ആളുകള്‍ തന്നെയാണ് മെഡിമിക്‌സിന്റെ പ്ലാന്റിലും ഉള്ളത്. എന്നാല്‍ അവര്‍ യന്ത്രങ്ങള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് വാസ്തവം. അതിനാല്‍ പ്രൊഡക്ഷനിലും ഞങ്ങള്‍ ഒട്ടും പിന്നിലല്ല. സോപ്പിന്റെ നിര്‍മാണം , കട്ടിംഗ്, പാക്കിംഗ് തുടങ്ങി എല്ലാ കാര്യങ്ങളും തൊഴിലാളികള്‍ തന്നെയാണ് ചെയ്യുന്നത്.തൊഴിലാളികളുടെ വാക്കുകള്‍ മുഖവിലക്കെടുക്കുക, അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുക തുടങ്ങിയ പോളിസികള്‍ പാളിച്ച കൂടാതെ നടപ്പിലാക്കുന്നതാണ് ഞങ്ങളുടെ വിജയം” എ വി അനൂപ് പറയുന്നു.

പൂര്‍ണമായും തൊഴിലാളികളുടെ നേതൃത്വത്തില്‍ പോകുന്ന ഒരു സ്ഥാപനമായതിനാല്‍, തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കി വരുന്നു. മെഡിമിക്‌സിന്റെ ഏറെ പ്രചാരത്തിലുള്ള മിനി സോപ്പ് ഇത്തരത്തില്‍ ഒരാശയമായിരുന്നു.മെഡിമിക്‌സ് സോപ്പിന്റെ ബാറുള്‍ 75 ഗ്രാം ഭാരത്തിലുള്ള സോപ്പുകളായി മുറിക്കുമ്പോള്‍ കുറേയേറെ ചെറിയ സോപ്പ് കഷണങ്ങള്‍ ബാക്കി വരുമായിരുന്നു.ഇതുകൊണ്ട് എന്ത് ചെയ്യും എന്ന ചിന്തയില്‍ നിന്നുമാണ് മിനി സോപ്പ് എന്ന ആശയം ജനിക്കുന്നത്. മിനി സോപ്പ് എവിടെ വില്‍ക്കും? വെറുതെ സാംപ്ലിംഗിന് മാത്രമായി വിനിയോഗിക്കാതെ അതില്‍ നിന്നും പുതിയൊരു വിപണി കൂടി കണ്ടെത്താന്‍ ശ്രമിച്ചതായിരുന്നു ആ ബ്രാന്‍ഡിന്റെ വിജയം. മെഡിമിക്‌സ് മിനി സോപ്പിന് മാത്രമായി ചെറിയൊരു മാര്‍ക്കറ്റിംഗ് ടീമിനെ നിയോഗിച്ചു. 1990കളുടെ ആദ്യ വര്‍ഷങ്ങളിലായിരുന്നു അത്. 100 ഹോട്ടലുകളുകളായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. ഇന്ന് 6000ത്തിലധികം ഹോട്ടലുകളില്‍ മെഡിമിക്‌സ് മിനി ഇപയോഗിച്ചു വരുന്നു.

ആയുര്‍വേദ ചികിത്സക്ക് മുതല്‍ക്കൂട്ടായി സജ്ജീവനം

ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട്. പക്ഷെ, വിദേശത്ത് നിന്നും മറ്റും വരുന്ന രോഗികള്‍ക്ക് ചികിത്സയോടൊപ്പം തന്നെ ഇവിടത്തെ സൗകര്യങ്ങളും അവയുടെ നിലവാരവും പ്രധാനമാണ്.ഇത്തരത്തിലുള്ള നിരവധി ആവശ്യങ്ങള്‍ പരിഗണിച്ച് കേരളത്തില്‍ ഇനിയൊരു ആയുര്‍വേദ ആശുപത്രിക്കുള്ള സാദ്യത തിരിച്ചറിഞ്ഞുകൊണ്ടാണ് എല്ലാ രീതിയിലും അന്താരാഷ്ട്ര നിലവാരമുള്ള, ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ഒരു ഹോസ്പിറ്റല്‍ എന്ന നിലക്ക് കൊച്ചി ആസ്ഥാനമായി സജ്ജീവനം ആരംഭിക്കുന്നത്. കേരളത്തില്‍ ഇങ്ങനെയൊരു മോഡല്‍ ആദ്യമായാണ്. സഞ്ജീവനത്തിലൂടെ ആയുര്‍വേദ എന്ന ബ്രാന്‍ഡ് അപ്‌േഗ്രഡ് ചെയ്യുക എന്നതാണ് എ വി എ ഗ്രൂപ്പിന്റെ ലക്ഷ്യം. രോഗനിര്‍ണയത്തിന് ബ്ലഡ് ടെസ്റ്റും എക്‌സ്‌റേയും സ്‌കാനും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളും അലോപ്പതി ഡോക്ടര്‍മാരുടെ സേവനവും ഉള്ള ഇഇഇ ആശുപത്രിയില്‍ ചികിത്സ പൂര്‍ണമായും ആയുര്‍വേദ രീതിയിലാണ് നടക്കുന്നത്. വിദേശീയരെ ഉദ്ദേശിച്ചുകൊണ്ട് ഇന്ത്യക്ക് പുറത്തും സജ്ജീവനം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ട്. 20 ഇന്റര്‍നാഷണല്‍ ഏജന്‍സികള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

സജീവ പങ്കാളിത്തമുറപ്പിച്ച് മേളം , കെയ്ത്ര

ഏറ്റെടുത്ത നാള്‍ മുതലിന്നു വരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഈ രണ്ടു ബ്രാന്‍ഡുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. 30 കോടി രൂപയായിരുന്നു മേളത്തിന്റെ കഴിഞ്ഞ തവണത്തെ വിറ്റുവരവ്. മേളത്തിന് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള പദ്ധതി തയ്യാറാണ്. അംബികാ പിള്ളയുമായി ചേര്‍ന്നുള്ള ജോയിന്റ് വെന്‍ച്വറായ കേത്രയുടെ നിര്‍മാണം പോണ്ടിച്ചേരിയിലാണ്, പിന്നെ മൂവാറ്റുപുഴയില്‍ ഒരു ഫാക്ടറിയിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.ഈ രണ്ടു ബ്രാന്‍ഡുകള്‍ക്കും അനിവാര്യമായ എല്ലാ വികസന പദ്ധതികളും എ വി അനൂപ് ഒരുക്കിക്കഴിഞ്ഞു.

50 വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പദ്ധതികളാണ് മെഡിമിക്‌സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ടു കോടി രൂപയുടെ നിക്ഷേപത്തില്‍ ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. പ്ലാന്റുകള്‍ സ്വന്തമായി ഉള്ളതിനാല്‍ ഹെയര്‍ ഓയില്‍, ഷാംപൂ , ബോഡി വാഷ് എന്നിവ വിപണിയില്‍ എത്തിക്കുന്നതിനായി വലിയ നിക്ഷേപം ആവശ്യമില്ല. സാമ്പത്തിക സാഹചര്യം അനുകൂലമായി വന്നാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. സിഎസ്ആര്‍ പദ്ധതികളില്‍ കൂടുതല്‍ സജീവമാകാനുള്ള ഉദ്ദേശവും എ വി എ ഗ്രൂപ്പിനുണ്ട്. തമിഴ്‌നാട്ടിലും മറ്റുമുള്ള തങ്ങളുടെ ഫാക്റ്ററികളില്‍ ജോലി ചെയ്യുന്ന ആളുകളുടെ മക്കള്‍ ഒരിക്കലും ഓതി രീതിയില്‍ തൊഴിലാളികളയായി മാറരുത് എന്ന ഉദ്ദേശത്തില്‍ അവര്‍ക്ക് പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള സൗകര്യം ഒരുക്കി നല്‍കുന്നു. തൊഴിലാളികളില്‍ ചിലരുടെ മക്കള്‍, ഡോക്റ്റര്‍മാരും എന്ജിനീയര്‍മാരുമായി മാറിയത് സ്ഥാപനത്തിന്റെ കൂടി വിജയമാണ്. ഈ തിരക്കുകള്‍ക്കിടയിലും സിനിമ നിര്‍മാണം , അഭിനയം തുടങ്ങിയ തന്റെ താല്‍പര്യങ്ങളും എ വി അനൂപ് കൂടെ കൂട്ടുന്നു.

Categories: FK Special, Slider