മറ്റ് രാഷ്ട്രങ്ങളിലെ നിക്ഷേപം: നില മെച്ചപ്പെടുത്തി യുഎഇ; പട്ടികയില്‍ 19ാം സ്ഥാനത്ത്

മറ്റ് രാഷ്ട്രങ്ങളിലെ നിക്ഷേപം: നില മെച്ചപ്പെടുത്തി യുഎഇ; പട്ടികയില്‍ 19ാം സ്ഥാനത്ത്

2019-21 കാലഘട്ടത്തില്‍ ഇന്ത്യയും യുഎഇയും ആദ്യ പത്തില്‍ ഇടം നേടുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

ദുബായ്: രാജ്യത്ത് നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കില്‍ യുഎഇ നില മെച്ചപ്പെടുത്തുന്നു. ലോകരാജ്യങ്ങളുടെ വിദേശ നിക്ഷേപം സംബന്ധിച്ച സമീപകാല റിപ്പോര്‍ട്ടില്‍ രാജ്യത്ത് നിന്നുമുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ(എഫ്ഡിഐ) പ്രവാഹത്തില്‍ ലോകത്തിലെ ആദ്യ 20 രാഷ്ട്രങ്ങളില്‍ യുഎഇയും ഇടം നേടിയിട്ടുണ്ട്.

യുഎഇയില്‍ നിന്നുള്ള എഫ്ഡിഐ ഒഴുക്കില്‍ 1 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വളര്‍ച്ച ഉണ്ടായതായാണ് വ്യാപാര, വികസനത്തിലുള്ള ഐക്യരാഷ്ട്രസഭ കോണ്‍ഫറന്‍സിന്റെ 2019ലെ ലോക നിക്ഷേപ റിപ്പോര്‍ട്ടില്‍(യുഎന്‍സിടിഎഡി) പറയുന്നത്. 2018ല്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി പട്ടികയില്‍ 19ാം സ്ഥാനത്താണ് യുഎഇ. മുന്‍വര്‍ഷം 20ാം സ്ഥാനത്തായിരുന്നു യുഎഇ. അതേസമയം നേരത്തേ മുതല്‍ക്കേ പട്ടികയില്‍ ഇടം നേടാതിരുന്ന യുഎഇയും ഇന്ത്യയും 2019-2021 കാലഘട്ടത്തില്‍ രാജ്യത്ത് നിന്നുമുള്ള എഫ്ഡിഐ ഒഴുക്കില്‍ ആദ്യ പത്തില്‍ ഇടം നേടുമെന്ന് യുഎന്‍സിടിഎഡിയുടെ സര്‍വ്വേയില്‍ പറയുന്നു.

ആഫ്രിക്കയില്‍ യുഎഇയുടെ ഗ്രീന്‍ഫീല്‍ഡ് നിക്ഷേപങ്ങള്‍ ഇരട്ടിയായി വളര്‍ന്നു. നേരത്തെ 1.81 ബില്യണ്‍ ഡോളര്‍ ആഫ്രിക്കയിലെ ഗ്രീന്‍ഫീല്‍ഡ് നിക്ഷേപങ്ങള്‍ 3.93 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താന്‍ യുഎഇയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം വളര്‍ന്നുവരുന്ന ഏഷ്യന്‍ വിപണികളിലുള്ള യുഎഇ നിക്ഷേപത്തില്‍ മൂന്നിരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വിപണികളില്‍ 2017ല്‍ യുഎഇ 6.18 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 22.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഏഷ്യയിലെ വികസിത രാഷ്ട്രങ്ങളിലുള്ള യുഎഇ നിക്ഷേപം ഇതേ കാലയളവില്‍ 2.58 ബില്യണ്‍ ഡോളറില്‍ നിന്നും 5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നാല്‍ അവികസിത രാഷ്ട്രങ്ങളിലേക്കുള്ള യുഎഇയുടെ എഫ്ഡിഐ ഒഴുക്ക് കാര്യമായി വര്‍ധിച്ചിട്ടില്ല. നേരത്തെ 1.39 ബില്യണ്‍ ഡോളറായിരുന്ന ഇത് കഴിഞ്ഞ വര്‍ഷം 1.54 ബില്യണ്‍ ഡോളറായി നേരിയ തോതില്‍ വളര്‍ന്നു. വികസനത്തിന്റെ പാതയിലുള്ള ചെറിയ ദ്വീപുകളിലേക്കുള്ള യുഎഇയുടെ എഫ്ഡിഐ 63 മില്യണ്‍ ഡോളറില്‍ നിന്നും 179 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം യുഎഇയിലേക്കുള്ള എഫ്ഡിഐ ഒഴുക്കില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 10 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ എത്തിയത്. യുഎഇയിലെ എണ്ണ, വാതക മേഖലകളില്‍ മുതല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ മേഖലകള്‍ വരെ വ്യത്യസ്തമേഖലകളിലേക്ക് വിദേശ നിക്ഷേപം എത്തിയിട്ടുണ്ട്.

വിദേശനിക്ഷേപങ്ങളുടെ കാര്യത്തില്‍ പശ്ചിമേഷ്യ പൊതുവേ ഭേദപ്പെട്ട പ്രകടനമാണ് കഴിഞ്ഞ തവണ കാഴ്ച വെച്ചിരിക്കുന്നത്. യുഇഎ പോലുള്ള നിരവധി പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ ചില മേഖലകളില്‍ 100 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കുന്ന തരത്തിലുള്ള പുതിയ എഫ്ഡിഐ നയങ്ങളും നിക്ഷേപങ്ങളെ ആകര്‍ഷിക്കാനുള്ള നടപടികളുമാണ് ഇതിന് കാരണം. പശ്ചിമേഷ്യയില്‍ നിന്നുമുള്ള എഫ്ഡിഐ ഒഴുക്ക് 2018ല്‍ പുതിയ റെക്കോഡ് കുറിച്ചു. 2017ല്‍ 39 ബില്യണ്‍ ഡോളറായിരുന്ന എഫ്ഡിഐ ഒരു വര്‍ഷം കൊണ്ട് 10 ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപവുമായി 2018ല്‍ 49 ബില്യണ്‍ ഡോളര്‍ എന്ന നിലയിലേക്ക് വളര്‍ന്നു. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ബഹുരാഷ്ട്ര സംരംഭങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. അതേസമയം പശ്ചിമേഷ്യയിലേക്കുള്ള എഫ്ഡിഐ കഴിഞ്ഞ 10 വര്‍ഷത്തെ താഴോട്ടുള്ള വളര്‍ച്ച മതിയാക്കി ഇത്തവണ നില മെച്ചപ്പെടുത്തി. 3 ശതമാനം വളര്‍ച്ചയാണ് എഫ്ഡിഐ നിക്ഷേപത്തില്‍ പശ്ചിമേഷ്യ നേടിയിരിക്കുന്നത്. എന്നിരുന്നാല്‍ 2008ല്‍ ഉണ്ടായ 85 ബില്യണ്‍ ഡോളറിന്റെ മൂന്നിലൊന്ന് നിക്ഷേപം പോലും കഴിഞ്ഞ തവണ പശ്ചിമേഷ്യയിലേക്ക് എത്തിയിട്ടില്ല. ഈ നേരിയ വളര്‍ച്ചയ്ക്ക് കാരണം സൗദിയിലേക്കുള്ള നിക്ഷേപങ്ങള്‍ കൂടിയതാണ്.

സൗദി അറേബ്യയില്‍ നിന്നുള്ള എഫ്ഡിഐ ഒഴുക്ക് മൂന്നിരട്ടിയോളം വര്‍ധിച്ച് 2018ല്‍ 21 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. വിദേശ നിക്ഷേപ രാഷ്ട്രങ്ങളുടെ പട്ടികയില്‍ 14ാം സ്ഥാനത്താണ് സൗദി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്നുള്ള എഫ്ഡിഐയില്‍ 7 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

ആഗോള തലത്തില്‍ ജപ്പാനാണ് ഏറ്റവും വലിയ വിദേശ നിക്ഷേപ രാഷ്ട്രം. കഴിഞ്ഞ വര്‍ഷം 143 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജപ്പാന്‍ മറ്റ് രാഷ്ട്രങ്ങളില്‍ നടത്തിയിരിക്കുന്നത്. ചൈന, ഹോങ്കോങ്, ജര്‍മനി, നെതര്‍ലന്‍ഡ്, കാനഡ, യുകെ എന്നീ രാഷ്ട്രങ്ങളാണ് തുടര്‍ സ്ഥാനങ്ങളില്‍. ആഗോള തലത്തില്‍ വിദേശ നിക്ഷേപത്തില്‍ 13 ശതമാനത്തിന്റെ ഇടിവുണ്ടായി. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് ആഗോള എഫ്ഡിഐ ഒഴുക്കില്‍ ഇടിവുണ്ടാകുന്നത്. 2017ല്‍ 1.5 ട്രില്യണ്‍ ഡോളര്‍ ആയിരുന്ന നിക്ഷേപം കഴിഞ്ഞ വര്‍ഷം 1.3 ട്രില്യണ്‍ ഡോളറായി കുറഞ്ഞു.

Comments

comments

Categories: Arabia