ഇന്ത്യയെ കൂടുതല്‍ തുറന്ന സമ്പദ്‌വ്യവസ്ഥയാക്കണം

ഇന്ത്യയെ കൂടുതല്‍ തുറന്ന സമ്പദ്‌വ്യവസ്ഥയാക്കണം
  • ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യ
  • അമേരിക്കന്‍ കമ്പനികള്‍ക്കുമേലുള്ള വിപണി പ്രവേശന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കം ചെയ്യണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും വിപണിയും കൂടുതല്‍ തുറന്നതാക്കുന്നതിനുള്ള പരിഷ്‌കരണങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കണമെന്ന് യുഎസ് വാണിജ്യ വകുപ്പ് സെക്രട്ടറി വില്‍ബര്‍ റോസ്. ഉയര്‍ന്ന തീരുവയുള്ള രാജ്യമാണ് ഇന്ത്യയെന്നും വില്‍ബര്‍ റോസ് പറഞ്ഞു. യുഎസ് ഇന്ത്യന്‍ ബിസിനസ് കൗണ്‍സിലിന്റെ ഇന്ത്യ ഐഡിയാസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ കമ്പനികള്‍ക്കുമേലുള്ള വിപണി പ്രവേശന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കം ചെയ്യണമെന്നും വില്‍ബര്‍ റോസ് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് പോലെ ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള വ്യാപാര അവസരങ്ങളും ഉഭയകക്ഷി നിക്ഷേപ സാധ്യതകളും കണ്ടെത്തുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹത്തിന്റെ ഭരണകൂടവുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ നോക്കുന്നതെന്നും വില്‍ബര്‍ റോസ് വ്യക്തമാക്കി.

ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ വെല്ലുവിളിയുയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അവ പരിഹരിക്കാനും സമീപ ഭാവിയില്‍ തന്നെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ താന്‍ പദ്ധതിയിടുന്നുണ്ടെന്നും റോസ് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വില്‍ബര്‍ റോസ് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് സര്‍ക്കാര്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

നിക്ഷേപം നടത്താന്‍ അനുയോജ്യമായ ഏറ്റവും മികച്ച ഇടമാണ് അമേരിക്ക. ബിസിനസുകാര്‍ക്കായി രാജ്യം തുറന്ന അവസരങ്ങള്‍ ഒരുക്കുന്നുണ്ടെന്നും റോസ് ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി മാത്രമല്ല ലോകത്തിലുടനീളമുള്ള മറ്റ് വ്യാപാര പങ്കാളികളുമായും കൂടുതല്‍ സന്തുലിതവും പരസ്പര പൂരകവുമായ ബന്ധം ഉണ്ടാക്കാനാണ് യുഎസ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും റോസ് വിശദീകരിച്ചു.

ഏറ്റവും കുറഞ്ഞ സംരക്ഷണവാദമുള്ള പ്രധാന രാജ്യമാണ് യുഎസ്. എന്നാല്‍, ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തുന്ന രാഷ്ട്രമാണ് ഇന്ത്യ. സംരക്ഷണവാദ നടപടികള്‍ അവ നടപ്പാക്കുന്ന രാജ്യങ്ങളെ തന്നെ ബാധിക്കുമെന്നും റോസ് പറഞ്ഞു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിലുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയെ കൂടുതല്‍ തുറന്ന സമ്പദ്‌വ്യവസ്ഥയാക്കുന്നതിനുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ മോദിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ തുറന്ന അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന വിപണിയിലേക്കുള്ള പ്രയാണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ മാറ്റം ഇന്ത്യക്കും യുഎസിനും ഒരുപോലെ ഗുണം ചെയ്യും. ഇന്ത്യന്‍ വിപണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ നികുതി, നികുതി ഇതര നിയന്ത്രണങ്ങളോട് കലഹിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇ-കൊമേഴ്‌സ് നയവും ഡാറ്റ പ്രാദേശികവല്‍ക്കരണവും മെഡിക്കല്‍ ഉപകരണങ്ങളുടെയും മരുന്നുകളുടെയും വില നിയന്ത്രണവും മറ്റ് വിലക്കുകളും യുഎസ് കമ്പനികള്‍ നേരിടുന്നതായും ഇവയില്‍ ചിലത് പുതിയ നിയന്ത്രണങ്ങളാണെന്നും റോസ് ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മില്‍ സുസ്ഥിരമായ വാണിജ്യ ബന്ധം വികസിപ്പിക്കുന്നതിന് കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയുള്ള നിയമങ്ങളും ആവശ്യമാണെന്ന് വില്‍ബര്‍ റോസ് പറഞ്ഞു. ജിഎസ്പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു.

ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഇന്ത്യക്ക് മികച്ച പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്ന കാര്യം വില്‍ബര്‍ റോസ് അംഗീകരിച്ചു. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപം ആകര്‍ഷിക്കാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ യുഎസിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുമായി സഹകരിക്കുന്നതില്‍ മിക്ക യുഎസ് കമ്പനികള്‍ക്കും അനുകൂല സമീപനമാണ് ഉള്ളതെന്നും റോസ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, Slider