ഹോണ്ട സിബി125എം, സിബി125എക്‌സ് ഇന്ത്യയിലെത്തും ?

ഹോണ്ട സിബി125എം, സിബി125എക്‌സ് ഇന്ത്യയിലെത്തും ?

2020 മോഡലുകളായി യൂറോപ്യന്‍ വിപണിയിലായിരിക്കും ആദ്യം അവതരിപ്പിക്കുന്നത്

ന്യൂഡെല്‍ഹി : ഹോണ്ടയുടെ പുതിയ കണ്‍സെപ്റ്റുകളായ സിബി125എം, സിബി125എക്‌സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയേക്കും. രണ്ട് പ്രൊഡക്ഷന്‍ മോഡലുകളുടെയും പാറ്റന്റിനായി യൂറോപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഹോണ്ട. 2020 മോഡലുകളായി രണ്ട് ബൈക്കുകളും യൂറോപ്യന്‍ വിപണിയിലായിരിക്കും ആദ്യം അവതരിപ്പിക്കുന്നത്.

ഹോണ്ട സിബി125എം റോഡ് വേര്‍ഷനാണെങ്കില്‍ അഡ്വഞ്ചര്‍ സ്റ്റൈല്‍ പതിപ്പാണ് സിബി125എക്‌സ്. ഹോണ്ട സിബി125ആര്‍ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നതെങ്കിലും ഹോണ്ട സിബി1000ആര്‍ ബൈക്കിന്റെ രൂപകല്‍പ്പനയാണ് പ്രചോദനമായിരിക്കുന്നത്. താരതമ്യേന, പൂര്‍ണ്ണമായും പുതിയ ഡിസൈന്‍ ഭാഷയിലാണ് ഇരു ബൈക്കുകളും വരുന്നത്.

സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി എന്നീ മോഡലുകളാണ് നിലവില്‍ ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന 125 സിസി മോട്ടോര്‍സൈക്കിളുകള്‍. ശരിയായ ഡിമാന്‍ഡ് ഉണ്ടാകുമെന്ന് ഉറപ്പാകുന്നപക്ഷം സിബി125എം, സിബി125എക്‌സ് ബൈക്കുകള്‍ ഇന്ത്യയിലേക്ക് പരിഗണിച്ചേക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) അധികൃതര്‍ പറഞ്ഞു.

ഹോണ്ട സിബിആര്‍ 125ആര്‍, സിബി125ആര്‍ മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്ന അതേ പവര്‍ട്രെയ്ന്‍ ആയിരിക്കും സിബി125എം, സിബി125എക്‌സ് മോഡലുകളില്‍ നല്‍കുന്നത്. 125 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 10,000 ആര്‍പിഎമ്മില്‍ 13.3 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇന്ത്യയില്‍ പുറത്തിറക്കിയാല്‍ കെടിഎം 125 ഡ്യൂക്കുമായി കൊമ്പുകോര്‍ക്കും.

Comments

comments

Categories: Auto