സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്

പഞ്ചാബ് സര്‍ക്കാര്‍ ജൂലൈ ഒന്നിന് സാര്‍ബത്ത് സേഹത്ത് ബിമ യോജനയെന്ന് സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. സംപൂര്‍ണ ആരോഗ്യ പദ്ധതി മൂലം 43.18 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വാര്‍ഷിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കും. സംസ്ഥാനത്തൊട്ടാകെയുള്ള 364 സ്വകാര്യ ആശുപത്രികളെ ഇതിലേക്ക് പട്ടികപ്പെടുത്തി. ഇവിടെ ഗുണഭോക്താക്കള്‍ക്ക് ദ്വിതീയ, തൃതീയ പരിചരണ ചികിത്സ ലഭിക്കും. പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്റീവ് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തെ 43.18 ലക്ഷം കുടുംബങ്ങളില്‍, 14.86 ലക്ഷം കുടുംബങ്ങള്‍ പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള 20.48 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് ബ്ലൂകാര്‍ഡ് നല്‍കി. 7.84 ലക്ഷം കുടുംബങ്ങളെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പഞ്ചാബ് മാണ്ഡി ബോര്‍ഡിന്റെ കീഴില്‍ അഞ്ചു ലക്ഷം കര്‍ഷകരെ ഇന്‍ഷുര്‍ ചെയ്തിരിക്കുന്നു. 2.38 ലക്ഷം നിര്‍മ്മാണ തൊഴിലാളികളെ നിര്‍മാണത്തൊഴിലാളി ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് നികുതി വകുപ്പിന്റെ കീഴില്‍ 46,000 കുടുംബങ്ങളെയും ഇന്‍ഷുര്‍ ചെയ്തിരിക്കുന്നു. 43.18 ലക്ഷം ഗുണഭോക്താക്കളുടെയും വിവരശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ നല്‍കാന്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഏതാണ്ട് 400 ല്‍പരം സ്വകാര്യ ആശുപത്രികള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ പദ്ധതിക്കായി സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെ പട്ടിക രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുന്ന 14.86 ലക്ഷം കുടുംബങ്ങളുടെ് പ്രീമിയം തുക 60:40 എന്ന അനുപാതത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വഹിക്കുമെന്ന് ബല്‍ബീര്‍ സിംഗ് സിദ്ദു പറഞ്ഞു. ബാക്കി ഗുണഭോക്താക്കളുടെ പ്രീമിയംതുക സംസ്ഥാന സര്‍ക്കാര്‍ തനിച്ചു വഹിക്കും.

Comments

comments

Categories: Health