കര്‍ഷകര്‍ പ്രതിമാസം 100 രൂപ അടയ്ക്കണം

കര്‍ഷകര്‍ പ്രതിമാസം 100 രൂപ അടയ്ക്കണം
  • കേന്ദ്ര സര്‍ക്കാരും തുല്യമായ വിഹിതം ഗുണഭോക്താവിനായി മാറ്റിവെക്കും
  • എല്‍ഐസി വഴിയാണ് സ്‌കീം നടപ്പാക്കുക

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ പ്രതിമാസം 100 രൂപ അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 വയസ്സിനുശേഷം കര്‍ഷകര്‍ക്ക് 3,000 രൂപയുടെ പ്രതിമാസ നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന.

കര്‍ഷകര്‍ അടയ്ക്കുന്നതിന് തുല്യമായ വിഹിതം പദ്ധതിക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാരും അടയ്ക്കും. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കര്‍ഷകര്‍ക്കായുള്ള പ്രത്യേക പെന്‍ഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ച് കോടി കര്‍ഷകരിലേക്ക് പിഎം കിസാന്‍ പെന്‍ഷന്‍ സ്‌കീമിന്റെ പ്രയോജനം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ 6,000 രൂപയുടെ സഹായം ഉറപ്പാക്കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് പുറമെയാണ് പുതിയ പെന്‍ഷന്‍ പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്.

പ്രതിവര്‍ഷം പെന്‍ഷന്‍ സ്‌കീമിനായി 10,774.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. കഴിയുന്നതിലും വേഗത്തില്‍ സ്‌കീം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ നിര്‍ദേശിച്ചു. പുതിയ സ്‌കീമിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

18നും 40നും ഇടയില്‍ പ്രായമുള്ള കര്‍ഷകരെ സ്‌കീമിലേക്ക് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന കൃഷി മന്ത്രിമാരോട് തോമര്‍ ആവശ്യപ്പെട്ടു. സ്‌കീമിനെ കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്നും തോമര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കീമിന്റെ ഗുണഭോക്താവായിട്ടുള്ള കര്‍ഷകന്‍ പ്രതിമാസം 100 രൂപ വരിസംഖ്യ അടയ്ക്കണമെന്നും കൃഷി മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

എല്‍ഐസി വഴിയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുക. 50 വയസിനുശേഷം പദ്ധതിക്ക് കീഴില്‍ ഗുണഭോക്താവായിട്ടുള്ള കര്‍ഷകന് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. പദ്ധതി നടത്തിപ്പില്‍ പൂര്‍ണമായ സുതാര്യത ഉറപ്പാക്കുന്നതിന് ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവും സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്.

പിഎം കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം എല്ലാ കര്‍ഷകരിലേക്കും എത്തിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഭൂപരിധിയില്ലാതെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും അനൂകൂല്യം നല്‍കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

രണ്ട് ഹെക്റ്റര്‍ വരെ കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കാനായിരുന്നു ആദ്യതീൂരുമാനം. 75,000 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരുന്നത്. പുതുക്കിയ പദ്ധതി 87,217.50 കോടി രൂപയുടേതാണ്. അധികമായി 2.5 കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഭൂമി ഉടമസ്ഥത നോക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ഉത്തരവില്‍ പറയുന്നു.

Comments

comments

Categories: FK News