സിനിമാ പ്രചാരണത്തിന്റെ മാറുന്ന ശൈലികള്‍

സിനിമാ പ്രചാരണത്തിന്റെ മാറുന്ന ശൈലികള്‍

നൂറ്റാണ്ടിന്റെ പഴക്കമുള്ള ഇന്ത്യന്‍ സിനിമാ വ്യവസായം സിനിമയുടെ പ്രചാരണത്തിന് ഉപയോഗിച്ച മാര്‍ഗങ്ങള്‍ കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരുന്നു. ദാദാസാഹെബ് ഫാല്‍ക്കെ പോലെ ആദ്യകാല ചലച്ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ നേരിട്ട് ആളുകളെ തീയേറ്ററുകളിലേക്ക് വിളിച്ചു കയറ്റിയിട്ടുണ്ട്. പിന്നീട് ചെണ്ടകൊട്ടിയും ലഘുലേഖകള്‍ വിതരണം ചെയ്തും മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ നടത്തിയും വാള്‍ പോസ്റ്ററുകളിലൂടെയും സിനിമയുടെ അറിയിപ്പുകള്‍ പ്രേക്ഷകരിലേക്കെത്തി. ഡിജിറ്റല്‍ കാലത്ത് സിനിമയുടെ പ്രചാരണം പരമ്പരാഗത രീതികളെയെല്ലാം ഏകദേശം ഉപേക്ഷിച്ചിരിക്കുന്നു

വിനോദ് മിറാനി

കോളെജ് പഠനകാലത്ത് കൊമേഴ്‌സ് പഠിച്ചിട്ടുള്ള ആര്‍ക്കും ആ പഴയ കാലത്ത് പരസ്യത്തിന്റെ ഏറ്റവും മികച്ച, പരമ്പരാഗത മാര്‍ഗമെന്താണെന്ന് ബോധ്യമുണ്ടായിരിക്കും. അതിപ്പോള്‍ അക്കാലത്ത് ഏറ്റവും പ്രചരിക്കപ്പെട്ട സിഗരറ്റിന്റെയോ സിനിമയുടെയോ കാര്യമായിരിക്കട്ടെ. ഓള്‍ ഇന്ത്യ റേഡിയോയോ ദൂരദര്‍ശനോ പ്രചുര പ്രചാരം നേടാഞ്ഞ കാലത്തെക്കുറിച്ചാണ് ഈ പറയുന്നത്. ആവശ്യമുള്ളപ്പോള്‍ വലിയ നഗരങ്ങളും ചെറു പട്ടണങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രചാരണം നടന്നിരുന്നത്. സിനിമകള്‍ക്ക് മാത്രമല്ല, ഒരു ഉല്‍പ്പന്നവും പ്രചരിപ്പിക്കുന്നതിന് ഒരു ദേശീയ പ്ലാറ്റ്‌ഫോം അന്നുണ്ടായിരുന്നില്ല. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ സിനിമ പ്രചാരണത്തിനുള്ള നടപടികള്‍ ഒരുപോലെ സമാനവും ലളിതമായിരുന്നു. എന്നിട്ടും ഇന്ന് കോടികള്‍ ചെലവഴിച്ച് നടത്തുന്ന പ്രചാരണങ്ങളേക്കാള്‍ വളരെ കാര്യക്ഷമമായിരുന്നു അവയെല്ലാം. എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും പ്രാദേശികതലത്തിലാണ് നടത്തിയിരുന്നത്. രാജ്യത്തങ്ങോളമിങ്ങോളമുള്ള റെയ്ല്‍വേ പാതകളോട് ചേര്‍ന്നുള്ള പരസ്യമായിരുന്നു ദേശീയ തലത്തില്‍ പ്രചാരണം നടത്താനുള്ള ഏക വഴി. തിരക്കേറിയ റെയ്ല്‍ പാതകളിലെ റെയ്ല്‍വേ സ്റ്റേനുകളില്‍ സാമാന്യം വലിപ്പമുള്ള രണ്ട് പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. വലിയ ഒരു ജനവിഭാഗത്തെ തന്നെ ലക്ഷ്യമിടാന്‍ ഇത് പര്യാപ്തമായിരുന്നു. ഇത്രയും വിശാലമായ റെയ്ല്‍വേ സംവിധാനത്തിന്റെ എല്ലാ കോണുകളിലും എത്തുന്നത് ഏറെ അധ്വാനമുള്ളതും സമയമെടുക്കുന്നതുമായ പ്രവര്‍ത്തിയായിരുന്നതിനാല്‍ സിനിമ പുറത്തിറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ഈ കാര്യങ്ങളെല്ലാം ആരംഭിച്ചിരുന്നു.

ദൂശ്യങ്ങളിലൂടെയും വാമൊഴിയായും സാവധാനത്തില്‍ ഒരു സിനിമയുടെ പ്രചാരണം വര്‍ധിപ്പിക്കുകയെന്നതായിരുന്നു അക്കാലത്തെ ആശയം. സിനിമാ പ്രചാരണത്തിന് സംഗീതം പ്രധാന പങ്കാണ് വഹിച്ചിരുന്നത്. സിനിമ, തിയറ്ററുകളിലെത്തുന്നതിന് ഏറെനാളുകള്‍ക്ക് മുന്‍പ് തന്നെ സംഗീതം പുറത്തിറക്കിയിരുന്നു. മാധ്യമ പങ്കാളിത്തവും മദ്യത്തിന്റെ അകമ്പടിയുമെല്ലാമുള്ള ഒരു ആഘോഷപരിപാടിയായാണ് മ്യൂസിക് ലോഞ്ചുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും ഷോ കാര്‍ഡുകളും തീയേറ്ററുകളിലെ ചില്ലുകൂടുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവ കാണാന്‍ സിനിമാപ്രേമികള്‍ തിക്കും തിരക്കുമുണ്ടാക്കിയിരുന്നത് സര്‍വസാധാരണമായി ദൃശ്യമായിരുന്നു. അക്കാലത്ത് പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെ പോസ്റ്ററുകള്‍ക്ക് മുന്നില്‍ ജനം കൂട്ടം കൂടി നിന്നിരുന്നു. (രാത്രിയിലാണ് ഇവ പതിപ്പിച്ചിരുന്നത്). അച്ചടിച്ച ചിത്രങ്ങള്‍ പ്രേക്ഷകരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

ട്രെയ്‌ലറുകള്‍ തെരുവു പ്രചാരണം എന്നിവ ഉള്‍പ്പെടുന്ന സിനിമാ പ്രചാരണ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല കാര്യം, അതില്‍ സിനിമയില്‍ നിന്നുള്ള യഥാര്‍ത്ഥ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിക്കുകയെന്നതാണ്. സിനിമയിലെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ തന്നെയാണ് ട്രെയ്‌ലര്‍ നിര്‍മിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. പോസ്റ്റര്‍ തയാറാക്കുന്നതിന് വിദഗ്ധരായ ഡിസൈനര്‍മാരുണ്ട്. അതുപോലെ തന്നെ സിനിമകളുടെ ട്രെയ്‌ലര്‍ നിര്‍മിച്ച് പ്രശസ്തരായവരുമുണ്ട്. ട്രെയ്‌യറുകള്‍ ദൈര്‍ഘ്യമേറിയതും ആക്ഷന്‍, സംഗീതം, നാടകീയത, വൈകാരികത തുടങ്ങി സിനിമയുടെ എല്ലാ തലങ്ങളും കൈകാര്യം ചെയ്യുന്നതുമാണ്. സംഗീതത്തെ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കും.

തിയറ്ററുകള്‍ അവ പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ പ്രചരണത്തിന് വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. സിഗരറ്റ് കടകളിലും മറ്റും സിനിമകളുടെ ചെറിയ ബാനറുകള്‍ സ്ഥാപിക്കുകയും ഒപ്പം സിനിമകളെ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുകയോ ഓട്ടോറിക്ഷകളിലോ കൈവണ്ടികളിലോ അനൗണ്‍സ്‌മെന്റുകള്‍ നടത്താറുമുണ്ടായിരുന്നു.

പണ്ട് ഒരു സിനിമയുടെ പ്രചരണ പരിപാടികള്‍ പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ് ആരംഭിക്കുക. വാര്‍ത്തയിലിടം നേടാന്‍ അപ്പേള്‍ നിര്‍മാതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടാകും. മാധ്യമ പ്രതിനിധികളെ എല്ലാ ചെലവും വഹിച്ച് സിനിമാ ലൊക്കേഷനില്‍ കൂട്ടികൊണ്ടുപോകുന്ന പ്രവണത അക്കാലത്തുണ്ടായിരുന്നു. സിനിമാ താരങ്ങളുമായും അണിയറ പ്രവര്‍ത്തകരുമായി ഒന്നോ രണ്ടോ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ സംവദിക്കുകയും ഭേദപ്പെട്ട പ്രചാരം ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിലൂടെ ലഭിച്ചും പോന്നു.

അച്ചടി പരസ്യങ്ങളും ലൗഡ് സ്പീക്കറുകളും വഴിയുള്ള പ്രചാരണ രീതികളുടെ സ്ഥാനം ഇന്ന് വാട്‌സാപ്പ്, ട്വിറ്റര്‍, ഇ-മെയ്ല്‍ മേസേജുകള്‍ തുടങ്ങിയവ കൈയടക്കിയിരിക്കുന്നു. തങ്ങളുടെ സിനിമയ്ക്കായി നിര്‍മാതാക്കള്‍ തയാറാക്കുന്ന വെബ്‌സൈറ്റിനു പുറമെ യുട്യൂബും പ്രചാരണത്തിനുള്ള മികച്ച ഒരു മാധ്യമമാണ്. ചുവര്‍ പോസ്റ്ററുകള്‍ ഇക്കാലത്തും പ്രചാരണത്തിനുള്ള അംഗീകൃത മാര്‍ഗമാണെങ്കിലും ഇക്കാലത്ത് വലിയ ബാനറിലുള്ള സിനിമാ നിര്‍മാതാക്കള്‍ ഇത് സ്വീകരിക്കുന്നില്ല. നഗരത്തിന്റെ മുഖം വികൃതമാക്കുന്ന വിധമുള്ള പോസ്റ്ററുകള്‍ പലയിടത്തും നിരോധിച്ചിട്ടുമുണ്ട്. ഡെല്‍ഹിയാണ് ഈ നിരോധനം ആദ്യമായി നടപ്പിലാക്കിയ നഗരം. പ്രമോ എന്നാണ് ഇക്കാലത്ത് ട്രെയ്‌ലറുകള്‍ അറിയപ്പെടുന്നത്. സിനിമാ സംവിധാനം ചെയ്തവര്‍ തന്നെയായിരിക്കില്ല ഇക്കാലത്ത് പ്രൊമോ ചെയ്യുന്നത്. ചില ഭാഗങ്ങള്‍ പ്രമോയുടെ ആവശ്യത്തിന് മാത്രം പ്രത്യേകമായി ചിത്രീകരിക്കുന്നു. പലപ്പോഴും സിനിമയുടെ ഉള്ളടക്കവുമായി അതിന് ബന്ധമുണ്ടായിരിക്കില്ല.

പണ്ട് സിനിമാ പോസ്റ്ററുകളും ദൃശ്യരൂപത്തിലുള്ള മറ്റ് പ്രചാരണങ്ങളും മനുഷ്യരാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. സിനിമയുടെ യഥാര്‍ത്ഥ ചിത്രീകരണത്തിനിടെ തന്നെ തുടര്‍ച്ചയായി ദൃശ്യങ്ങളെടുത്താണ് ഇവ തയാറാക്കിയിരുന്നത്. ഇതില്‍ പ്രസ്തുത സിനിമയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സൂക്ഷ്മമായി വിവരിച്ചിരുന്നു. ഇന്ന്് എല്ലാ ഡിസൈനിംഗ് ജോലികളും കംപ്യൂട്ടറാണ് ചെയ്യുന്നത്. ഇന്ന് ഒരു ഡിസൈനറിന് കടലാസില്‍ ഒരു നേര്‍രേഖ വരക്കുന്നതിന് തന്നെ ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല, എന്നാല്‍ കംപ്യൂട്ടറിന്റെയും സങ്കല്‍പ്പത്തിന്റെയും സഹായത്താല്‍ എന്തും ഡിസൈന്‍ ചെയ്യാന്‍ സാധിക്കും.

ആധുനിക കാലത്ത് പ്രചാരണത്തിനാവശ്യമായ ചിത്രങ്ങളെടുക്കുന്നതിനായി ഡിസൈനര്‍മാര്‍ താരങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഫലം, വ്യത്യസ്ത സിനിമകളുടെ പോസ്റ്ററുകളില്‍ ആകെ വ്യത്യാസം കാണാനാവുക താരത്തിന്റെ വസ്ത്രത്തില്‍ മാത്രമായിരിക്കും, ബാക്കിയെല്ലാം സമാനം. ഈ ഡിസൈനുകളാവട്ടെ പഴയ കാലത്തേതു പോലെ സിനിമയെപ്പറ്റി ഒരു വിവരവും നമുക്ക് നല്‍കുന്നതുമായിരിക്കില്ല. ഇക്കാലത്ത് ഡിസൈനര്‍മാര്‍ സിനിമയ്ക്കു പകരം താരത്തെയാണ് പ്രൊമോട്ട് ചെയ്യുന്നത്.

അന്നത്തെ കാലത്ത് പ്രചരണത്തിനുപയോഗിക്കുന്ന ഉപാധികള്‍ക്ക്് വരെ വലിയ ആകര്‍ഷകത്വമുണ്ടായിരുന്നു. ഭൂരിഭാഗം സിനിമാ തിയേറ്ററുകളും റോഡിന് അഭിമുഖമായിട്ടായിരുന്നു നിലകൊണ്ടിരുന്നത്. പുതിയ സിനിമയുടെ ഫോട്ടോസെറ്റ് ജനാലകളില്‍ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് സിനിമാപ്രേമികള്‍ ആകാംഷരായി അതിനു ചുറ്റും വട്ടം കൂടിയിരുന്നു. ട്രെയ്‌ലറിന്് അതിന്റേതായ ആകര്‍ഷണത്വം ഉണ്ടായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ കാണുന്നതിന് വേണ്ടി പ്രധാന സിനിമ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തിയറ്ററുകളില്‍ പ്രേക്ഷകര്‍ എത്തുമായിരുന്നു. ചൂളമടിച്ചും കൈയടിച്ചും കൂകിവിളിച്ചുമെല്ലാം ട്രെയ്‌ലറിനെ വരവേറ്റിരുന്നു. ഇന്നിത് അപൂര്‍വമായി കാണുന്ന കാഴ്ച്ചയാണ്. ഫോട്ടോസെറ്റുകള്‍ പിന്നീട് സ്റ്റാന്‍ഡീസ് എന്നു വിളിക്കുന്ന വലിയ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് വഴിമാറി! (സിനിമകളുടെ ട്രെയ്‌ലറുകള്‍ കാണാനുള്ള ആവേശം വളര്‍ത്തിയ സാപ്താഹികി എന്ന ദൂരദര്‍ശന്‍ പരിപാടിക്ക് വലിയ ആസ്വാദകവൃന്ദമുണ്ടായിരുന്നു) ചലചിത്ര താരത്തിന്റെ, സാധാരണയായി പുരുഷ സിനിമാതാരത്തിന്റെ വിനൈല്‍ ബോര്‍ഡ് കട്ട്-ഔട്ടിനെയാണ് സ്റ്റാന്‍ഡീസ് എന്നു വിളിക്കുന്നത്. ഇത്തരത്തിലൊരു സ്റ്റാന്‍ഡീസ് ആ സിനിമയില്‍ പ്രധാന നടന്‍ ആരാണെന്നതിലുപരി ഒന്നും തന്നെ പ്രേക്ഷകനുമായി സംവദിക്കുന്നില്ല. തീയേറ്റര്‍ ലോബിയുടെ മൂലയ്ക്ക് അച്ചടക്കത്തോടെ ഇത് നിലകൊള്ളുന്നുണ്ടാകും.

സിനിമാ പ്രചരണത്തില്‍ ചില യൂണിറ്റുകള്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുകയും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ മറ്റ് മെട്രോ നഗരങ്ങളിലെത്തിക്കുകയും ചെയ്യാറുണ്ട്. മാധ്യമങ്ങള്‍ക്ക് ഇന്ത്യയിലാകമാനം എത്താനാകുന്ന കാലത്ത് ഇത്തരം പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ യുക്തിയെന്താണെന്ന് അറിയില്ല. അച്ചടി മാധ്യമങ്ങള്‍ക്ക് ഒന്നിലധികം പതിപ്പുകളുണ്ട്. ടിവി ചാനലുകള്‍ ഒരേ പരിപാടികളാണ് എല്ലായിടത്തും കാണിക്കുന്നത്. ആവശ്യത്തിന് ബന്ധങ്ങളുള്ള പിആര്‍ഒമാര്‍ വിമാനടിക്കറ്റിന്റേയും ഹോട്ടല്‍ താമസത്തിന്റെയും സ്‌പോണ്‍സറെ കണ്ടെത്തുന്നതുകൊണ്ടാണ് ഈ റോഡ്‌ഷോകള്‍ നടക്കുന്നത്. സിനിമാ അഭിനേതാവ് തന്റെ ബിസിനസ് പരിപാടികളില്‍ പങ്കെടുക്കണം എന്നുള്ളതാണ് സ്‌പോണ്‍സറിന്റെ താല്‍പര്യം.

‘താരക് മേത്താ കാ ഉള്‍ട്ടാ ചഷ്മ’, ‘കപില്‍ ശര്‍മ ഷോ’ തുടങ്ങിയ ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ പരിപാടികള്‍ വഴി പ്രചാരണം നല്‍കുകയെന്നതാണ് സിനിമാ പ്രൊമോഷന്റെ ഏറ്റവും നവീനമായ രീതി. സിനിമയുടെ സത്തിനെക്കുറിച്ച് ഒന്നു തന്നെ ഇവിടെയും വെളിച്ചത്തുവരുന്നില്ലെന്നുള്ളതാണ് അപ്പോഴും നിലനില്‍ക്കുന്ന പ്രശ്‌നം. താരങ്ങളാണ് ഇവിടെ പ്രൊമോട്ട് ചെയ്യപ്പെടുന്നത്, അവരുടെ സിനിമയല്ല. വസ്തുത പണ്ടത്തേത് തന്നെയാണ്, അടിസ്ഥാനപരമായ വിശകലത്തില്‍ ഒരു സിനിമ പ്രൊമോട്ട് ചെയ്യപ്പെടുന്നത് അതിന്റെ തന്നെ യോഗ്യതകൊണ്ടായിരിക്കണം റിലീസിന് മുന്‍പുള്ള പ്രൊമോഷന്‍ സിനിമ തിയറ്റര്‍ സ്‌ക്രീനിലെത്തിക്കഴിഞ്ഞാല്‍ ഒന്നുമല്ലാതായി തീരുന്നു. പണ്ടത്തെ പല സിനിമകളും അടുത്തിടെ ഇറങ്ങിയ ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, രാസി, ബദ്‌ല, ഗല്ലി ബോയ് തുടങ്ങിയ സിനിമകളും ഇക്കാര്യം തെളിയിക്കുന്നുണ്ട്.

(പ്രമുഖ ചലചിത്ര കഥാകൃത്തും ബോക്‌സ് ഓഫീസ് നിരീക്ഷകനുമാണ്് ലേഖകന്‍)

Categories: FK Special, Slider