ബിഎസ് 6 അനുസൃത സ്വിഫ്റ്റ്, വാഗണ്‍ആര്‍ പുറത്തിറക്കി

ബിഎസ് 6 അനുസൃത സ്വിഫ്റ്റ്, വാഗണ്‍ആര്‍ പുറത്തിറക്കി

ഇരു മോഡലുകളുടെയും പെട്രോള്‍ വേരിയന്റുകള്‍ മാത്രമാണ് ബിഎസ് 6 പാലിക്കുന്നതാക്കി വിപണിയില്‍ എത്തിച്ചത്. അതായത്, 1.2 ലിറ്റര്‍ കെ സീരീസ് വിവിടി എന്‍ജിന്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി സ്വിഫ്റ്റ്, വാഗണ്‍ആര്‍ ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇരു മോഡലുകളുടെയും പെട്രോള്‍ വേരിയന്റുകള്‍ മാത്രമാണ് ബിഎസ് 6 അനുസരിക്കുന്നതാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അതായത്, 1.2 ലിറ്റര്‍ കെ സീരീസ് വിവിടി എന്‍ജിന്‍ പരിഷ്‌കരിച്ചു. ബിഎസ് 6 അനുസരിച്ച് തുടങ്ങിയതോടെ ഇരു കാറുകളുടെയും വില വര്‍ധിപ്പിച്ചു. 5.10 ലക്ഷം മുതല്‍ 5.96 ലക്ഷം രൂപ വരെയാണ് വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 5.14 ലക്ഷം മുതല്‍ 8.89 ലക്ഷം രൂപ വരെ.

ഇരു മോഡലുകളുടെയും പെട്രോള്‍ എന്‍ജിന്‍ പരിഷ്‌കരിച്ചതിനൊപ്പം, വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വിഫ്റ്റ് ഇപ്പോള്‍ പാലിക്കുമെന്ന് മാരുതി സുസുകി അറിയിച്ചു. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഒരേസമയം പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും.

പുതിയ ഓള്‍ട്ടോയുടെ സിഎന്‍ജി വേരിയന്റുകള്‍ പുറത്തിറക്കുന്നതായും മാരുതി സുസുകി പ്രഖ്യാപിച്ചു. എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ (ഒ) വേരിയന്റുകളിലായിരിക്കും സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നത്. 4.10 ലക്ഷം, 4.14 ലക്ഷം രൂപയാണ് യഥാക്രമം വില.

വാഗണ്‍ആര്‍ ഹാച്ച്ബാക്കിലെ മറ്റൊരു പെട്രോള്‍ എന്‍ജിനായ 1.0 ലിറ്റര്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചില്ലെങ്കിലും ഈ എന്‍ജിന്‍ ഉപയോഗിക്കുന്ന വേരിയന്റുകളുടെ വില മാരുതി സുസുകി വര്‍ധിപ്പിച്ചു. 4.34 ലക്ഷം മുതല്‍ 5.33 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ബിഎസ് 6 അനുസൃത എന്‍ജിനുകള്‍ നല്‍കി ബലേനോ, ഓള്‍ട്ടോ മോഡലുകള്‍ ഈയിടെ പരിഷ്‌കരിച്ചിരുന്നു. മാരുതി സുസുകി തങ്ങളുടെ പെട്രോള്‍ എന്‍ജിനുകള്‍ മാത്രമാണ് ബിഎസ് 6 അനുസരിക്കുന്നതാക്കി മാറ്റുന്നത്. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ എന്‍ജിനുകള്‍ കയ്യൊഴിയുമെന്ന് മാരുതി സുസുകി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

Comments

comments

Categories: Auto