പ്ലാസ്റ്റിക് വിമുക്തമാകാനൊരുങ്ങി ബഹ്‌റൈന്‍

പ്ലാസ്റ്റിക് വിമുക്തമാകാനൊരുങ്ങി ബഹ്‌റൈന്‍

പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ജൂലൈയില്‍ നിലവില്‍ വരും

ബഹ്‌റൈന്‍: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതിക്ക് ജുലൈയില്‍ ബഹ്‌റൈനില്‍ തുടക്കമാകും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സാങ്കേതിക നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള മന്ത്രിസഭാ ഉത്തരവ് ജൂലൈ 21ന് നിലവില്‍ വരും. പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിരോധനമേര്‍പ്പെടുത്തുക.

ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം ജൈവ വിഘടനം സംഭവിക്കാത്ത പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും നിരോധിക്കും. പിന്നീടുള്ള ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ എന്നന്നേക്കുമായി നിരോധിക്കും. അതിന്റെ ഭാഗമായി ചില മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും.

മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ബന്ധപ്പെട്ട അധികൃതര്‍ ആസൂത്രണം ചെയ്ത് വരികയാണ്. പ്ലാസ്റ്റിക് വിമുക്ത യുഗത്തിലേക്ക് ചുവട് മാറുന്നതിന് വേണ്ട മെച്ചപ്പെട്ട അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കടലിലേക്ക് പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് ലഘൂകരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് ചില മുന്‍നിര രാഷ്ട്രങ്ങള്‍ക്കൊപ്പം ബഹ്‌റൈന്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Arabia