ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് നിര്‍മ്മിച്ചുതുടങ്ങി

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് നിര്‍മ്മിച്ചുതുടങ്ങി

2019 അവസാനത്തോടെ ഡിബിഎക്‌സ് എസ്‌യുവി അനാവരണം ചെയ്യും

ലണ്ടന്‍ : ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഗോണ്ടയുടെ രണ്ടാമത്തെ യുകെ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ എസ്‌യുവിയായ ഡിബിഎക്‌സിന്റെ പ്രീ-പ്രൊഡക്ഷന്‍ മോഡലുകളാണ് പ്ലാന്റില്‍ ആദ്യമായി നിര്‍മ്മിക്കുന്നത്. 2020 ആദ്യ പകുതിയില്‍ പ്ലാന്റില്‍ പൂര്‍ണ്ണ തോതിലുള്ള ഉല്‍പ്പാദനം ആരംഭിക്കുമെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഗോണ്ട പ്രസിഡന്റും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആന്‍ഡി പാമര്‍ പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശമിരുന്ന വെയ്ല്‍സിലെ സെയ്ന്റ് ആത്തനിലെ 90 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനകം 200 പേര്‍ക്ക് സെയ്ന്റ് ആത്തന്‍ പ്ലാന്റ് വഴി തൊഴില്‍ ലഭിച്ചു. 550 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈ ശൃംഖലയിലും പ്രാദേശികമായ ബിസിനസ്സുകളുമായി മൂവായിരത്തോളം പേര്‍ക്ക് വേറെയും ജോലി ലഭിച്ചേക്കും.

സെയ്ന്റ് ആത്തന്‍ പ്ലാന്റില്‍ മാത്രമായിരിക്കും ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് നിര്‍മ്മിക്കുന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഗോണ്ടയുടെ ‘വൈദ്യുതീകരണത്തിന്റെ ഭവനം’ എന്ന് പുതിയ പ്ലാന്റിനെ കഴിഞ്ഞ വര്‍ഷം വിശേഷിപ്പിച്ചിരുന്നു. ലഗോണ്ട ബ്രാന്‍ഡ് കാറുകള്‍ നിര്‍മ്മിക്കുന്നതും ഇവിടെ ആയിരിക്കും.

ഡിബിഎക്‌സ് എസ്‌യുവിയുടെ പരീക്ഷണ ഓട്ടം ഇതിനകം ആരംഭിച്ചു. ആര്‍ട്ടിക് മേഖലയിലും ജര്‍മ്മനിയിലെ നര്‍ബര്‍ഗ്‌റിംഗ് നോഡ്ഷ്‌ലെഫിലും എസ്‌യുവി കഴിഞ്ഞ കുറച്ചു മാസങ്ങളിലായി പരീക്ഷിച്ചിരുന്നു. 2019 അവസാനത്തോടെ ഡിബിഎക്‌സ് അനാവരണം ചെയ്യുമെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഗോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Auto