ആലിബാബ ഹോങ്കോംഗ് ഓഹരി വിപണിയിലേക്ക്

ആലിബാബ ഹോങ്കോംഗ് ഓഹരി വിപണിയിലേക്ക്

ലക്ഷ്യമിടുന്നത് 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം

ബെയ്ജിംഗ്: ബഹുരാഷ്ട്ര ചൈനീസ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഹോങ്കോംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ചൈന ഇന്റര്‍നാഷണല്‍ കാപ്പിറ്റല്‍ കോര്‍പ് (സിഐസിസി), ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി എന്നിവരെയാണ് ഹോങ്കോംഗ് ഐപിഒയ്ക്ക്(പ്രഥമ ഓഹരി വില്‍പ്പന) നേതൃത്വം നല്‍കാന്‍ ആലിബാബ തെരഞ്ഞെടുത്തിരിക്കുന്നത്. 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണമാണ് ഇതു വഴി കമ്പനി ലക്ഷ്യമിടുന്നതെന്നാണ്് അറിയുന്നത്. യാഥാര്‍ത്ഥ്യമായാല്‍ ഹോങ്കോംഗ് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നാകുമിത്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എഐഎ ഗ്രൂപ്പ് 2010 ല്‍ നടത്തിയ ഐപിഒ ആണ് ഹോങ്കോംഗ് ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ.

നിലവില്‍ ന്യൂയോര്‍ക്ക് ഓഹരി വിപണിയിലാണ് ആലിബാബ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടത്തിയ ഐപിഒയില്‍ 25 ബില്യണ്‍ ഡോളറാണ് ആലിബാബ സമാഹരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ഇടപാടായിരുന്നു ഇവത്. ആലിബാബയുടെ ഘടന ഹോങ്കോംഗ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് ആദ്യം അനുമതി നിഷേധിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ന്യൂയോര്‍ക്ക് ഓഹരി വിപണിയിലേക്ക് കമ്പനി ചേക്കേറിയത്. യുഎസുമായുള്ള വാണിജ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 13.6 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ആലിബാബ നേടിയത്. ഹോംങ്കോഗ് വില്‍പ്പനയിലൂടെ നിക്ഷേപ സമാഹരണത്തിനൊപ്പം ചൈനീസ് സര്‍ക്കാരുമായുള്ള ബന്ധം ശക്തമാക്കാനും ജാക്ക് മായുടെ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

ഫുഡ് ഡെലിവറി, ട്രാവല്‍ കമ്പനിയായ മെയ്തുവാന്‍ ഡയാന്‍പിംഗുമായുള്ള വിപണി മല്‍സരത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പണം കമ്പനിക്ക് ഹോങ്കോംഗ് ഇടപാടിലൂടെ ലഭിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ വിപണി എതിരാളികളായ മെയ്തുവാന്‍, വീചാറ്റ് ഉടമകളായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് എന്നിവയില്‍ നിന്ന് നിക്ഷേപകരുടെ പണത്തിന്റെ ദിശമാറ്റിവിടാനും ഇടപാട് സഹായകമാകും. ചൈനീസ് ടെക് ലിസ്റ്റിംഗ് കേന്ദ്രമെന്ന നിലയിലുള്ള ഹോങ്കോംഗിന്റെ പദവി ഉയര്‍ത്താനും ആലിബാബയുടെ ഹോങ്കോംഗ് ലിസ്റ്റിംഗിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഹോങ്കോംഗ് ഐപിഒയിലും കമ്പനിയുടെ നിലവിലെ ഭരണ സംവിധാനം നിലനിര്‍ത്താനാകും ആലിബാബ ശ്രമിക്കുക. പങ്കാളിത്തമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഭൂരിഭാഗം ബോര്‍ഡ് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അവകാശം നല്‍കുന്നതാണ് നിലവിലുള്ള സംവിധാനം. കഴിഞ്ഞ വര്‍ഷം ഹോങ്കോംഗില്‍ നിലവില്‍ വന്ന ദ്വിതീയ ലിസ്റ്റിംഗിനെ സംബന്ധിച്ച പുതിയ നിയമങ്ങളില്‍ നിന്ന് ഇളവ് നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടേക്കും.

Categories: Business & Economy, Slider
Tags: Alibaba