29 യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കും

29 യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കും
  • പ്രത്യേക വ്യാപാര പരിഗണന പിന്‍വലിച്ച ട്രംപ് ഭരണകൂടത്തിനുള്ള മറുപടി
  • മോദിയും ട്രംപും ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനാരിക്കെയാണ് നടപടി
  • യുഎസ് ആഭ്യന്തര സെക്രട്ടറി ഈ മാസം 25, 26 തിയതികളില്‍ ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും നല്‍കി വന്നിരുന്ന ഇളവുകള്‍ ഏകപക്ഷീയമായി പിന്‍വലിച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് അതേ നാണയത്തില്‍ മറപടി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചു. 29 യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതി ഉയര്‍ത്താനുള്ള തീരുമാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. യുഎസുമായുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ മങ്ങിയതോടെയാണ് ഇന്ത്യയും നികുതി വര്‍ധിപ്പിക്കലുമായി തിരിച്ചടിക്കുന്നത്. 235 ദശലക്ഷം ഡോളര്‍ വരുന്ന യുഎസ് ഉല്‍പ്പന്ന ഇറക്കുമതികള്‍ക്ക് മേലാണ് ഇതോടെ ഉയര്‍ന്ന നികുതി ബാധകമാവുക. 2018 ജൂണ്‍ 20 ന് പ്രഖ്യാപിച്ചിരുന്ന നികുതി വര്‍ധനവ് ഇതുവരെ പ്രാബല്യത്തിലാക്കിയിരുന്നില്ല. പലതവണ മാറ്റിവെച്ച നികുതി വര്‍ധന നടപ്പാക്കലിന്റെ സമയക്രമം നാളെ അവസാനിക്കാനിരിക്കെ ഇനി ഇളവുകള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. സമയപരിധി അവസാനിക്കുന്നത് മുന്‍പ് ധനകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യ-യുഎസ് ഭരണ നേതൃത്വങ്ങള്‍ തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടക്കാനിരിക്കെയാണ് ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ജപ്പാനിലെ ഒസാക്കയില്‍ ഈ മാസം 28, 29 തിയതികളില്‍ നടക്കാനിരിക്കുന്ന ജി20 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി 25, 26 തിയതികളില്‍ യുഎസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ ഡെല്‍ഹിയിലെത്തുകയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. പരസ്പരം ചുമത്തിയ നികുതികള്‍ വ്യാപാര യുദ്ധത്തിന്റെ തലത്തിലേക്ക് വഷളാവുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുതിയ സാഹചര്യത്തില്‍ ഇരു രാഷ്ട്രങ്ങളും നടത്തേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുന്‍പ് നടത്തിയ കൂടിക്കാഴ്ചകളില്‍ യുഎസ് നിര്‍മിത മോട്ടോര്‍ ബൈക്കുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നതിനെ പ്രസിഡന്റ് ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു.

ജൂണ്‍ അഞ്ച് മുതലാണ് ഇന്ത്യക്ക് നല്‍കിയിരുന്ന പ്രത്യേക വ്യാപാര പരിഗണന (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്, ജിഎസ്പി) പിന്‍വലിക്കാനുള്ള യുഎസ് തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്. ജൂണ്‍ ഒന്നിന് ഇതു സംബന്ധിച്ച് ടൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം ഇന്ത്യയെ ആശ്ചര്യപ്പെടുത്തിയിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയും ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നു കിടക്കുകയും ചെയ്തിട്ടും ട്രംപ് ഏറ്റുമുട്ടലിന്റെ പാതയിലാണ് നീങ്ങിയത്. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും നിരവധി വ്യവസായികളും ആവശ്യപ്പെട്ടിട്ടും ഇന്ത്യക്കെതിരായ നടപടിയുമായി ട്രംപ് മുന്നോട്ടു നീങ്ങുകയായിരുന്നു. 5.6 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഈ ആനുകൂല്യങ്ങളുടെ ബലത്തില്‍ കയറ്റുമതി ചെയ്ത ഇന്ത്യ, ജിഎസ്പിയുടെ ലാഭം ഏറ്റവും മികച്ച രീതിയില്‍ ലഭിച്ച രാജ്യമാണ്. അതേസമയം ജിഎസ്പി അടഞ്ഞ അധ്യായമല്ലെന്നും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുമെന്നും മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രത്യേക വ്യാപാര പരിഗണന പിന്‍വലിച്ചത് കാര്യമായി ആശങ്കപ്പെടുത്തുന്നില്ലെന്നും കയറ്റുമതിയെ കൂടുതല്‍ മത്സരക്ഷമമാക്കുമെന്നുമാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ പ്രതികരിച്ചത്.

Categories: FK News, Slider

Related Articles