വൈ കോമ്പിനേറ്റര്‍, ബെകൊ കാപ്പിറ്റല്‍..പ്രാരംഭ മൂലധന സമാഹരണത്തില്‍ നേട്ടം കൊയ്ത് ടെന്‍ഡേര്‍ഡ്

വൈ കോമ്പിനേറ്റര്‍, ബെകൊ കാപ്പിറ്റല്‍..പ്രാരംഭ മൂലധന സമാഹരണത്തില്‍ നേട്ടം കൊയ്ത് ടെന്‍ഡേര്‍ഡ്

സീഡ് കാപ്പിറ്റല്‍ റൗണ്ടില്‍ നേടിയത് 5.8 മില്യണ്‍ ഡോളര്‍ നിക്ഷേപം

ദുബായ്: പ്രാരംഭ മൂലധനം സമാഹരണത്തില്‍ റെക്കോഡ് നേട്ടം കൊയ്ത ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്-ടെന്‍ഡേര്‍ഡ് നിര്‍മാണമേഖലയ്ക്ക് പുതിയ വാഗ്ദാനമാണ്. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ എല്ലാ ഉപകരങ്ങളും യന്ത്ര സാമഗ്രികളും വിതരണം ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ്പ് വൈ കോമ്പിനേറ്റര്‍, ബെകോ കാപ്പിറ്റല്‍ തുടങ്ങി ലോകത്തിലെ മുന്‍നിര മൂലധന നിക്ഷേപ കമ്പനികളില്‍ നിന്നടക്കം 5.8 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി പശ്ചിമ പൂര്‍വ്വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക മേഖല ഇതുവരെ കാണാത്ത നേട്ടമാണ് സീഡ് ഫണ്ടിംഗ് റൗണ്ടില്‍ നേടിയിരിക്കുന്നത്. വൈ കോമ്പിനേറ്റര്‍ സഹ സ്ഥാപകന്‍ പോള്‍ ഗ്രഹാം, പേപാല്‍ സഹ സ്ഥാപകനും ഫേസ്ബുക്ക് ഡയറക്റ്ററുമായ പീറ്റര്‍ തീല്‍, ടിന്‍ഡെര്‍ സഹസ്ഥാകന്‍ ജസ്റ്റിന്‍ മതീന്‍ തുടങ്ങി പ്രമുഖ സംരംഭകരും കഴിഞ്ഞ ദിവസം നടന്ന നിക്ഷേപ സമാഹരണത്തിലൂടെ ടെന്‍ഡേര്‍ഡിന്റെ ഭാഗമായി.

കുടുംബപരമായുള്ള നിര്‍മാണ ബിസിനസിന് ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭിക്കാതെ വന്നപ്പോഴാണ് അര്‍ജുന്‍ മോഹന്‍ 12 മാസങ്ങള്‍ക്ക് മുമ്പ് ടെന്‍ഡേര്‍ഡ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപിക്കുന്നത്. ”മറ്റ് കോണ്‍ട്രാക്റ്റര്‍മാരില്‍ നിന്നുമാണ് ഞങ്ങള്‍ പലപ്പോഴും ഉപകരണങ്ങള്‍ വാടയ്ക്ക് വാങ്ങിയിരുന്നത്. പക്ഷേ ചില സമയങ്ങളില്‍ അവരുടെ പക്കല്‍ ഉപകരണങ്ങള്‍ ഇല്ലാതെ വരികയോ, അല്ലെങ്കില്‍ അവര്‍ക്ക് അവയുടെ ആവശ്യം വരികയോ ചെയ്യും. മാത്രമല്ല, മറ്റുള്ളവരില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങേണ്ടി വരുന്ന ഘട്ടങ്ങളില്‍ ബ്രോക്കര്‍മാരുടെ സഹായവും വേണ്ടി വരും. സുതാര്യതയില്ലാത്ത ആ ഇടപാട് അനാവശ്യമായി പണം കളയുന്ന ഒരേര്‍പ്പാടും ആയിരുന്നു”.

ഈ സാധ്യത മുമ്പില്‍ കണ്ടാണ് അര്‍ജുന്‍ ടെന്‍ഡേര്‍ഡിന് രൂപം നല്‍കിയത്. നിരത്ത് യന്ത്രങ്ങള്‍ മുതല്‍ ലേസര്‍ സ്‌കാനറുകള്‍ വരെ ഏത് തരത്തിലുള്ള നിര്‍മാണ യന്ത്രങ്ങളും ഉപകരണങ്ങളും ടെന്‍ഡേര്‍ഡ് വഴി കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് വാടയ്ക്ക് എടുക്കാം. നിര്‍മാണ ഉപകരണങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് അവ വാടകയ്ക്ക് നല്‍കാനുള്ള സൗകര്യവും ടെന്‍ഡേര്‍ഡ് നല്‍കുന്നുണ്ട്. അത്തരം ഉപകരണങ്ങള്‍ ഉടമകള്‍ക്ക് ടെന്‍ഡേര്‍ഡില്‍ ലിസ്റ്റ് ചെയ്താല്‍ അവ നിഷ്‌ക്രിയമായിരിക്കുന്നത് ഒഴിവാക്കി, പരമാവധി ഉപയോഗം സാധ്യമാക്കാനും ആ രീതിയില്‍ ഒരു വരുമാനമുണ്ടാക്കാനും ഉടമകള്‍ക്ക് സാധിക്കും. ഡോസറുകള്‍, ക്രെയിനുകള്‍, റോളറുകള്‍, ട്രക്കുകള്‍, എക്‌സവേറ്റേഴ്‌സ് എന്നിവയടക്കം മൂവായിരത്തോളം നിര്‍മാണ ഉപകരണങ്ങളാണ് ടെന്‍ഡേര്‍ഡ് ഇന്ന് വാടകയ്ക്ക് നല്‍കുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച് കുറച്ച് കാലത്തിനുള്ളില്‍ തന്നെ ആഗോള മൂലധന ഫണ്ടിംഗ് കമ്പനിയായ വൈ കോമ്പിനേറ്ററിന്റെ പ്രസിദ്ധമായ ആക്‌സിലേറ്റര്‍ പരിപാടിയുടെ അംഗീകാരം നേടാന്‍ ഈ സ്റ്റാര്‍ട്ടപ്പിന് സാധിച്ചു. മേഖലയില്‍ വൈ കോമ്പിനേറ്ററിന്റെ അംഗീകാരം നേടുന്ന രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പാണ് ടെന്‍ഡേര്‍ഡ്. അതിന് ശേഷം പശ്ചിമ പൂര്‍വ്വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ വലിയ നിര്‍മാണ ഉപകരണങ്ങളും യന്ത്രങ്ങളും വാടകയ്ക്ക് നല്‍കുന്ന കമ്പനിയായി ടെന്‍ഡേര്‍ഡ് വളര്‍ന്നു. നിലവില്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ടെന്‍ഡേര്‍ഡ് സാന്നിധ്യമുണ്ട്. ഭാവിയില്‍ സമീപ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

നിക്ഷേപ സമാഹരണത്തിലൂടെ ലഭിച്ച പ്രാരംഭ മൂലധനം ഉപയോഗിച്ച് നിര്‍മാണോപകരണങ്ങളും യന്ത്രസാമഗ്രികളും വാടകയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും അടുത്തുള്ള തന്ത്രപ്രധാന വിപണികളിലേക്ക് ചുവടുവെക്കാനുമാണ് ടെന്‍ഡേര്‍ഡിന്റെ പദ്ധതി. വലുതും പ്രസക്തവുമായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ചെറിയൊരു സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് തങ്ങളുടേതെന്ന് അര്‍ജുന്‍ മോഹന്‍ പറയുന്നു. സാങ്കേതികതയെ സ്വീകരിക്കുന്നതില്‍ നിര്‍മാണ മേഖല എപ്പോഴും പിന്നിലാണ്. എങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും മൂലധന നിക്ഷേപങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന പരിഹാര നിര്‍ദ്ദേശങ്ങളോട് വളരെ മികച്ച പ്രതികരണമാണ് തങ്ങളുടെ ഇടപാടുകാരില്‍ നിന്നും ലഭിക്കുന്നതെന്ന് അര്‍ജുന്‍ പറഞ്ഞു.

നിര്‍മാണ ഉപകരണങ്ങളും യന്ത്രങ്ങളും വാടയ്ക്ക് നല്‍കുന്നതിന് പുറമേ, ഉപകരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന സാങ്കേതികതയ്ക്കും കമ്പനി രൂപം നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ടെന്‍ഡേര്‍ഡില്‍ നിന്നും ഒരു ഉപകരണം കോണ്‍ട്രാക്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന, ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായുള്ള കമ്പനിയുടെ പ്രത്യേക ട്രാക്കിംഗ് സംവിധാനം അവര്‍ക്ക് ലഭ്യമാകും. ഉപകരണത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണിത്. എത്രനേരം ഉപകരണം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും ഇതിലൂടെ മനസിലാക്കാം. ഉപകരണത്തിന്റെ സ്ഥിരതയുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി കാര്യങ്ങള്‍ ട്രാക്ക് ചെയ്യാനും പാഴായിപ്പോകല്‍ നിയന്ത്രിക്കാനും ഇതിലൂടെ കമ്പനിക്ക് സാധിക്കും.

നിര്‍മാണമേഖലയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്ന തന്റെ ഈ സാങ്കേതിക ഉദ്യമം ഭാവിയില്‍ കൂടുതല്‍ പ്രായോഗികതലത്തിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യവും അര്‍ജുനുണ്ട്. നിര്‍മാണ പദ്ധതികളുടെ എല്ലാ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സാധ്യമാക്കി സ്വന്തമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളും പഴഞ്ചന്‍ ഉപകരണങ്ങളേക്കാളും വളരെ മെച്ചപ്പെട്ട, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളും കൊണ്ടുവരിക എന്നതാണ് ഈ യുവസംരംഭകന്റെ ആശയം. ഇത്തരം എല്ലാ വികസന പദ്ധതികള്‍ക്കും മനുഷ്യവിഭവശേഷി ആവശ്യമായുള്ളതിനാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് അര്‍ജുന്‍.

പശ്ചിമ പൂര്‍വ്വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ നിന്നുള്ളൊരു കമ്പനിക്ക് ലോകോത്തര നിലവാരത്തിലുള്ള കമ്പനികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നത് വളരെ അവേശം നല്‍കുന്ന കാര്യമാണെന്ന് ബെകോ കാപ്പിറ്റലിലെ യൂസഫ് ഹമദ് പറഞ്ഞു. വളരെ പെട്ടന്ന് ലഭിക്കുന്ന ഏപ്പോഴും ആശ്രയിക്കാവുന്ന ഉപകരണങ്ങള്‍ക്കുള്ള ആവശ്യകത വിപണിയില്‍ വര്‍ധിച്ച് വരികയാണെന്ന് വൈ കോമ്പിനേറ്റര്‍ പങ്കാളിയായ അഡോറ ചിയൂങ് പറഞ്ഞു. നിര്‍മാണ പദ്ധതികള്‍ക്ക് കൂടുതല്‍ കാര്യപ്രാപ്തിയോടെ നിലവാരമുള്ള ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കാനും അവ കൈകാര്യം ചെയ്യാനും തങ്ങളുടെ നിക്ഷേപം ടെന്‍ഡേര്‍ഡിന് സഹായകമാകുമെന്ന് കരുതുന്നതായും അഡോറ പറഞ്ഞു.

പശ്ചിമേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് സീഡ് റൗണ്ടില്‍ ഉണ്ടാക്കിയ നേട്ടമെന്ന നിലയില്‍ മാത്രമല്ല ടെന്‍ഡേര്‍ഡ് ശ്രദ്ധേയമാകുന്നത്, പല കാരണങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദം നേരിടുന്ന ആഗോള നിര്‍മാണ മേഖലയ്ക്ക് വാഗ്ദാനമായ ഒരു കമ്പനി എന്ന നിലയ്ക്ക് കൂടിയാണ്. ലോകത്തിലെ നിര്‍മാണ കമ്പനികള്‍ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പ ഓരോ വര്‍ഷം കൂടുന്തോറും കൂടിക്കൂടി വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിര്‍മാണ രംഗത്തെ പുത്തന്‍രീതികള്‍ക്കൊത്ത് മാറുന്നതിനൊപ്പം പുതിയകാല ഉപകരണങ്ങളുടെ ആവശ്യത്തിനും വലിയ ചിലവുകള്‍ ആവശ്യമായിരിക്കുന്നു. ഈ ഘട്ടത്തില്‍ ടെന്‍ഡേര്‍ഡിന്റേതു പോലുള്ള ആശയങ്ങള്‍ നിര്‍മാണ മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്.

Comments

comments

Categories: Arabia