കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകട്ടെ ഭരണയന്ത്രം

കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകട്ടെ ഭരണയന്ത്രം

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കിക്കഴിഞ്ഞെന്ന് വിലയിരുത്തലുകള്‍ വരുന്നു. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയുടെ കാര്യത്തിലും നടപടികള്‍ കര്‍ക്കശമാകുന്നു. പ്രതീക്ഷയേകുന്നു ഈ നീക്കങ്ങള്‍

ആദായനികുതി വകുപ്പിലെ ഉയര്‍ന്ന പദവികളിലിരിക്കുന്ന 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് നിര്‍ബന്ധിതമായി വിരമിക്കണമെന്ന് മോദി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. ഉദ്യോഗസ്ഥ തലത്തിലെ ശുദ്ധികലശമെന്ന് ഇതിനെ വിശേഷിപ്പിച്ച് സര്‍ക്കാര്‍ നീക്കത്തിന് വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ലഭിച്ചത്. ചില ഉദ്യോഗസ്ഥരോട് നിര്‍ബന്ധിതമായി വിരമിക്കാന്‍ നിര്‍ദേശിച്ചത് ശരിയായില്ലെന്ന് ബിജെപിക്കുളളില്‍ തന്നെ അഭിപ്രായങ്ങളുയര്‍ന്നെങ്കിലും മോദിയുടെ സന്ദേശം വ്യക്തമാണെന്ന് വേണം കരുതാന്‍. ആരോപണവിധേയരുടെ വിഷയത്തിലാണ് പലര്‍ക്കും അഭിപ്രായവ്യത്യാസമുള്ളത്.

അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങളില്‍ ആരോപണ വിധേയരായവരോടും അന്വേഷണം അഭിമുഖീകരിക്കുന്നവരോടുമാണ് നിര്‍മല സീതാരാമന്റെ നേതൃത്വത്തിലുള്ള ധനമന്ത്രാലയം നിരന്‍ബന്ധിതമായി വിരമിക്കാന്‍ ആവശ്യപ്പെട്ടത്. വിവിധ വകുപ്പുകളില്‍ നിര്‍ബന്ധിത വിരമിക്കലിന് ‘യോഗ്യരായ’ ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാന്‍ കാബിനറ്റ് സെക്രട്ടറിയോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായും വാര്‍ത്തയുണ്ട്.

ഉദ്യോഗസ്ഥതലത്തില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ തന്റെ ആദ്യഭരണകാലയളവിലും പ്രധാനമന്ത്രി പ്രത്യേകമായി താല്‍പ്പര്യമെടുത്തിരുന്നു. നേരത്തെ പരാമര്‍ശിച്ച നടപടികളുടെ ഭാഗമായി തന്നെ വേണം ജീവനക്കാരുടെ ഉല്‍പ്പാദനക്ഷതയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും വിലയിരുത്താന്‍. മന്ത്രിമാരുടെ കാര്യത്തിലും അദ്ദേഹം കൈക്കൊള്ളുന്നത് സമാനമായ നിലപാടാണ്.

എല്ലാ മന്ത്രിമാരോടും രാവിലെ 9.30 തന്നെ ഓഫീസിലെത്തണമെന്നും വീട്ടിലിരുന്ന് ജോലിയെടുക്കുന്ന പരിപാടി ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച പ്രവര്‍ത്തന ശൈലിയിലൂടെ ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പാര്‍ലമെന്റ് സെഷന്‍ നടക്കുന്ന 40 ദിവസങ്ങളില്‍ പുറത്തുള്ള ഒരു പരിപാടിയിലും പങ്കെടുക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതെല്ലാം മികച്ച രീതിയില്‍ തന്നെ നടപ്പാകുന്നുവെന്ന് ഉറപ്പാക്കുകയാണ് മുഖ്യം.

Categories: Editorial, Slider