700 മില്യണ്‍ ഡോളറിന്റെ റഷ്യന്‍ മിസൈലുകള്‍ വാങ്ങുന്നു

700 മില്യണ്‍ ഡോളറിന്റെ റഷ്യന്‍ മിസൈലുകള്‍ വാങ്ങുന്നു

പാക് വ്യോമസേനയുടെ കൈവശമുള്ള യുഎസ് നിര്‍മിത അംറാം മിസൈലിനെ നേരിടാന്‍ റഷ്യയുടെ ആര്‍-77 മിസൈല്‍

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി ഇന്ത്യ, റഷ്യയില്‍ നിന്ന് പുതിയ മിസൈലുകള്‍ വാങ്ങാനൊരുങ്ങുന്നു. 700 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കരാറാണ് ഇതിനായി ഒപ്പിടുക. വിമാനങ്ങളില്‍ നിന്ന് അന്തരീക്ഷത്തിലെ തന്നെ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് വിക്ഷേപിക്കാവുന്ന (എയര്‍-ടു-എയര്‍) മിസൈലുകളും വിമാനങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കാവുന്ന (എയര്‍-ടു-സര്‍ഫസ്) മിസൈലുകളുമാണ് ഇന്ത്യ കരസ്ഥമാക്കാനൊരുങ്ങുന്നത്.

ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വ്യോമസേനയുമായി കശ്മീര്‍ അതിര്‍ത്തിയില്‍ നടന്ന നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കരുത്തും ദൂരപരിധിയും കൃത്യതയുമുള്ള മിസൈലുകള്‍ വാങ്ങുന്നത്. ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത യുദ്ധവിമാനങ്ങളിലാവും ഇവ പ്രധാനമായും ഘടിപ്പിക്കുക. ഇസ്രയേലില്‍ നിന്ന് 300 കോടി രൂപ വിലവരുന്ന 100 സ്‌പൈസ് ബോംബുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് റഷ്യയുമായി മിസൈല്‍ കരാറിലും ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നത്. ബാലാകോട്ടിലെ ഭീകര ക്യാംപുകള്‍ തകര്‍ക്കാന്‍ അത്യാധുനിക സംപൈസ് ബോംബുകളാണ് ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത്.

300 ഹ്രസ്വ ദൂര എയര്‍-ടു-എയര്‍ മിസൈലുകളും (ആര്‍73) 400 മധ്യ ദൂര എയര്‍-ടു-എയര്‍ മിസൈലുകളും (ആര്‍-77) നിലവില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്‌തെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അമേരിക്കയുടെ മീഡിയം റേഞ്ച് മിസൈലായ എഐഎം 120 അംറാമിന് തുല്യമാണ് റഷ്യയുടെ ആര്‍-77 ന്റെ ശേഷി. ഫെബ്രുവരി 27 ന് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ സുഖോയ് വിമാനങ്ങള്‍ തകര്‍ക്കാന്‍ അംറാം മിസൈലുകളാണ് പാക്കിസ്ഥാന്‍ വ്യോമസേന തൊടുത്തിരുന്നത്. എന്നാല്‍ ഇവ ലക്ഷ്യം കണ്ടിരുന്നില്ല. റഡാറുകളെ ഉന്നമിടുന്ന മിസൈലായ എക്‌സ്-31 ഉം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്ന ആയുധങ്ങളിലുണ്ട്.

Categories: Current Affairs, Slider