ഡിഐഎഫ്‌സിയുടെ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം

ഡിഐഎഫ്‌സിയുടെ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം

ഭര്‍ത്താക്കന്മാര്‍ക്ക് അഞ്ച് ദിവസം പറ്റേണിറ്റി ലീവ്

ദുബായ്: ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍(ഡിഐഎഫ്‌സി) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം ദുബായ് ഭരണാധികാരി പാസാക്കി. പറ്റേണിറ്റി ലീവ്, സിക്ക് പേ, വിരമിക്കല്‍ സേവനം എന്നീ പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്ന നിയമത്തിനാണ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം പാസാക്കിയത്.

ഭാര്യമാരുടെ പ്രസവ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താക്കന്മാര്‍ക്ക് അഞ്ച് ദിവസം വരെ അവധി, തൊഴിലിടങ്ങളിലെ വിവേചന നടപടികള്‍ക്ക് പിഴ, അടിസ്ഥാന തൊഴില്‍ സാഹചര്യങ്ങള്‍, വിസ, താമസത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ നല്‍കിയില്ലെങ്കില്‍ പിഴ എന്നിവയാണ് നിയമത്തിലെ തൊഴിലാളികള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍. തൊഴിലാളികളുടെ കടമകള്‍ വര്‍ധിപ്പിക്കല്‍, നിയമപ്രകാരമുള്ള സിക്ക് പേയില്‍ കുറവ്, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സമയത്ത് ലഭ്യമാക്കാതിരുന്നാല്‍ തൊഴിലാളിക്ക് നല്‍കേണ്ട പിഴയില്‍ ഇളവ് തുടങ്ങിയവയാണ് നിയമത്തിലെ തൊഴിലുടമയ്ക്ക് അനുകൂലമായ വ്യവസ്ഥകള്‍.

തൊഴിലാളികളുടെയും തൊളിലുടമകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് 24,000 ജീവനക്കാര്‍ക്ക് ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിയമം കാരണമാകുമെന്ന് ഡിഐഎഫ്‌സി ഗവര്‍ണര്‍ എസ്സ ഖാസിം പറഞ്ഞു.

ആഗസ്റ്റ് 28നാണ് നിയമം പ്രാബല്യത്തില്‍ വരിക. രണ്ടാംതട്ടിലുള്ളവര്‍ക്കും, പാര്‍ട് ടൈം, ഷോട്ട് ടേം ജീവനക്കാര്‍ക്കും നിയമം ബാധകമാണ്.

Comments

comments

Categories: Arabia