അസാന്‍ജിനെ യുഎസിനു കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു

അസാന്‍ജിനെ യുഎസിനു കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു

ലണ്ടന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യുഎസിനു വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ബുധനാഴ്ച ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവച്ചു. ചാരവൃത്തി നിയമ ലംഘനം നടത്തിയെന്ന കേസാണു യുഎസില്‍ അസാന്‍ജിനെതിരേയുള്ളത്. അസാന്‍ജിനെ വിട്ടുതരണമെന്ന് അഭ്യര്‍ഥിച്ച് ബ്രിട്ടന് അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കത്ത് നല്‍കിയിരുന്നു. ഈ കത്ത് നല്‍കി ഒരു ദിവസം പിന്നിട്ടപ്പോഴാണ് ബ്രിട്ടന്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇനി അടുത്ത നടപടിയെന്നു പറയുന്നത്, അസാന്‍ജിനെ വെള്ളിയാഴ്ച ലണ്ടന്‍ കോടതിക്കു മുന്‍പാകെ ഹാജരാക്കുക എന്നതാണ്. കോടതിയില്‍ വച്ച് അസാന്‍ജിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ബോധിപ്പിക്കും. കഴിഞ്ഞ മാസം അസാന്‍ജിനെതിരേ യുഎസ് ചാരവൃത്തി നിയമലംഘനം നടത്തിയെന്നത് ഉള്‍പ്പെടെ 17 പുതിയ കുറ്റങ്ങള്‍ യുഎസ് ചുമത്തുകയുണ്ടായി. 2012 മുതല്‍ ലണ്ടനിലുള്ള ഇക്വഡോറിന്റെ നയതന്ത്ര കാര്യാലയത്തില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുകയായിരുന്നു അസാന്‍ജ്. എന്നാല്‍ അസാന്‍ജിനു നയതന്ത്ര പരിരക്ഷ നല്‍കുന്നത് ഏപ്രിലില്‍ ഇക്വഡോര്‍ അവസാനിപ്പിച്ചതോടെ, ബ്രിട്ടീഷ് പൊലീസ് 47-കാരനായ അസാന്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Comments

comments

Categories: World
Tags: assange