ധനകാര്യ സേവന രംഗം 47,800 തൊഴിലുകള്‍ സൃഷ്ടിക്കും

ധനകാര്യ സേവന രംഗം 47,800 തൊഴിലുകള്‍ സൃഷ്ടിക്കും

ബാങ്കുകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ധനകാര്യ സേവന മേഖലയിലെ തൊഴില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്ന് നിരീക്ഷണം

മുംബൈ: രാജ്യത്തെ ധനകാര്യ സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 47,800 പുതിയ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. എന്‍ബിഎഫ്‌സികളും ബാങ്കുകളും വായ്പാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയതാണ് നിയമനങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ അഭിമുഖീകരിക്കുന്ന മൂലധന പ്രതിസന്ധി ഒഴിച്ചാല്‍ ധനകാര്യ സേവന മേഖലയിലെ നിയമനങ്ങള്‍ സംബന്ധിച്ച് അനുകൂലമായ കാഴ്ചപാടാണ് സര്‍വേ റിപ്പോര്‍ട്ട് പങ്കുവെക്കുന്നത്. ഗ്രാമീണ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതാണ് ധനകാര്യ സേവന മേഖലയെ വളര്‍ച്ചയ്ക്ക് സഹായിച്ച പ്രധാന ഘടകമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ധനകാര്യ സേവന മേഖലയുടെ വിപുലീകരണെം രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് ടീംലീസ് സര്‍വീസസ് ബിഎഫ്എസ്‌ഐ വിഭാഗം മേധാവി അമിത് വദേര പറഞ്ഞു. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ രണ്ടാം നിര നഗരങ്ങളിലെ നിയമനങ്ങളില്‍ അഞ്ച് ശതമാനവും മൂന്നാം നിര നഗരങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും നിയമനങ്ങളില്‍ രണ്ട് ശതമാനം വീതവും വര്‍ധനയുണ്ടാകുമെന്നും വദേര വ്യക്തമാക്കി.

ഇന്ത്യയിലെ 14 നഗരങ്ങളിലെ 19 മേഖലകളില്‍ നിന്നുള്ള 775 സംരംഭങ്ങളെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്. ആഗോള തലത്തില്‍ നിന്നുള്ള 85 ബിസിനസുകളെയും സര്‍വേയില്‍ ഉള്‍കൊള്ളിച്ചു. ബാങ്കുകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം അടക്കമുള്ള ഘടകങ്ങള്‍ ധനകാര്യ സേവന മേഖലയിലെ തൊഴില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്നാണ് സര്‍വേ നിരീക്ഷിക്കുന്നത്.

സീനിയര്‍ ലെവര്‍ ഒഴികെയുള്ള എല്ലാ തസ്തികകളിലെയും നിയമനങ്ങളില്‍ ആരോഗ്യകരമായ വളര്‍ച്ച നിരീക്ഷിക്കാനാകും. മിഡ് ലെവല്‍ നിയമനങ്ങള്‍ നാല് ശതമാനവും എന്‍ട്രി, ജൂനിയര്‍ ലെവല്‍ നിയമനങ്ങള്‍ മൂന്ന് ശതമാനം വീതവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടത്തരം ബിസിനസ് വിഭാഗത്തില്‍ നിയമനങ്ങള്‍ അഞ്ച് ശതമാനത്തിലധികവും വന്‍കിട ബിസിനസുകളില്‍ നിയമനങ്ങള്‍ രണ്ട് ശതമാനവും വര്‍ധിക്കും.

Comments

comments

Categories: FK News