യുദ്ധം ജനങ്ങളുടെ മാനസികാസ്വാസ്ഥ്യം വര്‍ധിപ്പിച്ചു

യുദ്ധം ജനങ്ങളുടെ മാനസികാസ്വാസ്ഥ്യം വര്‍ധിപ്പിച്ചു

യുദ്ധമേഖലകളിലെ ജനങ്ങളുടെ മാനസികാരോഗ്യനില തകരാറിലാണെന്ന് ലോകാരോഗ്യസംഘടന റിസര്‍ച്ച്

യുദ്ധവും സംഘര്‍ഷവും തുടരുന്ന മേഖലകളില്‍ ജീവിക്കുന്ന അഞ്ചിലൊന്ന് ആളുകളും ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട്. നാം വിചാരിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്തരക്കാരുടെ എണ്ണം. 2016ല്‍ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് സംഘര്‍ഷാവസ്ഥയില്‍ കഴിയുന്ന 16 പേരില്‍ ഒരാള്‍ക്കായിരുന്നു മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴിത് അഞ്ചിലൊരാളെന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 129 പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്.

സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്ന 22% ആളുകളില്‍ വിഷാദരോഗം, ഉല്‍ക്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രേനിയ എന്നിവ കാണപ്പെടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കുന്നത്. പ്രായം കൂടുന്തോറും ഇതിന്റെ കാഠിന്യം കൂടിവരുന്നു. ജനസംഖ്യയില്‍ ഏതാണ്ട് ഒമ്പത് ശതമാനം മിതമായ തോതു മുതല്‍ കടുത്ത രീതി വരെയുള്ള മാനസികരോഗം ബാധിച്ചവരാണ്. അതേസമയം 13% പേരില്‍ മാനസികപ്രശ്‌നങ്ങള്‍ താഴ്ന്ന നിലയില്‍ കാണപ്പെടുന്നു.

ചെറിയ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടുന്നവരുടെ എണ്ണം സ്വാഭാവികമായും കുറവാണെന്നത് സത്യം. എന്നാല്‍ കടുത്ത മാനസികരോഗങ്ങളുള്ളവരും മനോരോഗ വിദഗ്ധരെ കാണാനും ചികില്‍സ തേടാനും വിമുഖത കാട്ടുന്നുണ്ട്. പലപ്പോഴും അവഗണിക്കപ്പെടുന്ന മാനസികരോഗം പിന്നെ വളര്‍ന്ന് ആളുകളെ കടുത്ത മനോരോഗത്തിലേക്കു തള്ളിവിടാറുണ്ടെന്ന് പഠനം പറയുന്നു. സംഘര്‍ഷമേഖലകളില്‍ മാനസികാരോഗ്യ സംരക്ഷണത്തിനായി കൂടുതല്‍ വിദഗ്ധരും മരുന്നും എത്തേണ്ടതിന്റെ ആവശ്യകത ലോകാരോഗ്യസംഘടന എടുത്തു പറയുന്നു.

സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ മാനസികാരോഗ്യ സംരക്ഷണത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. 2016 ല്‍ സായുധകലാപം സര്‍വ്വകാല ഉയരത്തിലെത്തി. 37 രാജ്യങ്ങളിലായി 53 കലാപങ്ങളാണുണ്ടായതെന്നു റിപ്പോര്‍ട്ട് പറയുന്നു. ലോകജനസംഖ്യയുടെ 12% ഏതെങ്കിലുമൊരു സംഘര്‍ഷമേഖലയിലാണു ജീവിക്കുന്നത്. 69 ദശലക്ഷം പേര്‍ പലായനത്തിനു നിര്‍ബന്ധിതരായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സംഘര്‍ഷം മൂലം പലായനം ചെയ്യേണ്ടി വന്നവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നൈജീരിയ, സൊമാലിയ, സൗത്ത് സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം മൂലമുള്ള മനുഷ്യാവകാശ ലംഘനം രൂക്ഷമായിരിക്കുന്നത്. 2017ല്‍ 51 രാജ്യങ്ങളിലെ 12.4 കോടി ജനങ്ങള്‍ കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം പട്ടിണിയിലായി. പല രാജ്യങ്ങളും ഇപ്പോഴും തുടരുന്ന കലാപങ്ങളുടെ പേരില്‍ ബുദ്ധിമുട്ടുകയാണ്. യുദ്ധമേഖലകളിലെ ആറു ലക്ഷത്തോളം കുട്ടികള്‍ കൊടുംപട്ടിണി കാരണം മരിച്ചു വീഴുമെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്.

മുന്‍ പഠനങ്ങളേക്കാള്‍ കൃത്യതയുള്ള കണക്കാണിത്. എങ്കിലും പരിമിതികള്‍ ഉണ്ട്, ഇതിനുള്ള വിവരശേഖരണമാണ് ഏറ്റവും പ്രയാസം. ഉദാഹരണത്തിന്, ചിത്തഭ്രമം, മദ്യപാനം ഉണ്ടാക്കുന്ന മാനസികപ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് മതിയായ തെളിവുകള്‍ ശേഖരിച്ചിട്ടില്ലായിരുന്നു. സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഉണ്ടെങ്കിലും, രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണനിലവാരം ഉറപ്പുവരുത്താനും, സുസ്ഥിര മാനസികാരോഗ്യ സേവനങ്ങള്‍ക്ക് ഉത്തേജനം നല്‍കാനും കഴിയും.

യുദ്ധമേഖലകളില്‍ അധിവസിക്കുന്നവര്‍ക്കു വേണ്ടി വരുന്ന മാനസികാരോഗ്യ ആവശ്യങ്ങളെ ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുക. സാധ്യമായ രീതിയിലുള്ള എല്ലാ പിന്തുണയും ഉറപ്പിക്കുന്നതിനൊപ്പം കൂടുതല്‍ സഹായങ്ങള്‍ അവരിലേക്ക് എത്തിക്കുക. പരിശീലനത്തിലൂടെയോ വിഭവസമഹരണങ്ങളിലൂടെയോ വിദഗ്ധ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെയോ പിന്തുണയ്ക്കാന്‍ ശ്രമിക്കുക എന്നീ നിര്‍ദേശങ്ങളാണ് യുഎന്‍ നല്‍കുന്നത്.

Comments

comments

Categories: Health