യുബറിന്റെ പറക്കും ടാക്‌സികള്‍ ഇന്ത്യയിലുമെത്തിയേക്കും

യുബറിന്റെ പറക്കും ടാക്‌സികള്‍ ഇന്ത്യയിലുമെത്തിയേക്കും

ഡെല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങള്‍ യുബറിന്റെ പരിഗണനാ പട്ടികയില്‍

വാഷിംഗ്ടണ്‍: യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ ഫ്‌ളൈയിംഗ് ടാക്‌സികള്‍ ഇന്ത്യയിലും സര്‍വീസ് ആരംഭിച്ചേക്കുമെന്ന് സൂചന. കമ്പനിയുടെ പ്രധാന വിപണിയായി ഇന്ത്യ തുടരുന്നെന്ന യുബര്‍ എലിവേറ്റ്‌സിന്റെ (യുബറിന്റെ എയര്‍ കാബ് സേവന വിഭാഗം) മേധാവി എറിക് അല്ലിസണിന്റെ വാക്കുകളാണ് പ്രതീക്ഷ സജീവമാക്കിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുബര്‍ എയറിന് വിപണി സാധ്യതയുള്ള രാജ്യമെന്ന നിലയില്‍ കമ്പനി ഇന്ത്യയില്‍ വളരെ തല്‍പ്പരരാണെന്നും ഭാവിയില്‍ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യ മുന്‍നിരയിലുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രവര്‍ത്തനം സംബന്ധിച്ച് പല പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെന്നും ഏവിയേഷന്‍ അതോറിറ്റിയുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ദ്വിദിന യുബര്‍ എലിവേറ്റ് സമിറ്റ് 2019 ല്‍ സംസാരിക്കുകയായിരുന്നു അല്ലിസണ്‍.

യുഎസിനു പുറത്ത് പദ്ധതിക്കായി യുബര്‍ പരിഗണിക്കുന്ന വിപണികളില്‍ ഇന്ത്യയ്ക്ക് നറുക്ക് വീഴുകയാണെങ്കില്‍ ഡെല്‍ഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലാകും സേവനം ആരംഭിക്കുക. ജപ്പാന്‍, ഫ്രാന്‍സ്, ബ്രസീല്‍ എന്നിവയാണ് എയര്‍ ടാക്‌സി സേവനത്തിനായി കമ്പനി പരിഗണിക്കുന്ന മറ്റ് വിപണികള്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണാണ് പ്രസ്തുത പദ്ധതിക്കായി യുബര്‍ എയര്‍ തെരഞ്ഞെടുത്തിരുന്ന ആദ്യ രാജ്യാന്തര നഗരം.

ലോസ് ആഞ്ചലസിലും ഡള്ളാസിലും പരീക്ഷണാര്‍ത്ഥത്തിലുള്ള എയര്‍ ടാക്‌സി സേവനം ആരംഭിക്കുമെന്ന് യുബര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 2023 ഓടെ ഫ്‌ളൈയിംഗ് ടാക്‌സി സേവനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാനും ലോസ് ആഞ്ചലസ്, ഡള്ളാസ്, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള യുബര്‍ എയര്‍ സേവനം ആരംഭിക്കാനുമാണ് പദ്ധതി. ഭാവിയില്‍ കാറുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ടാക്‌സികള്‍ ലഭ്യമാക്കാനാകുമെന്നാണ് യുബര്‍ വിശ്വസിക്കുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: Uber