യുഎഇയില്‍ ലുലുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒപ്പോ

യുഎഇയില്‍ ലുലുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒപ്പോ
  • ജിസിസി മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ചൈനീസ് ഭീമന്‍
  • ലുലുവുമായുള്ള പങ്കാളിത്തം ഗുണം ചെയ്യുമെന്നും ഒപ്പോ

ദുബായ്: ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പുതിയ വിതരണക്കാരെ കമ്പനി തീരുമാനിച്ചു. ലുലുവുമായി ചേര്‍ന്നായിരിക്കും ഒപ്പോ ഫോണുകള്‍ യുഎഇ വിപണി പിടിക്കുക. ജിസിസി മേഖലയിലാകെ ഭാവിയില്‍ നേട്ടമുണ്ടാക്കുന്നതിന് പുതിയ പങ്കാളിത്തം ഗുണം ചെയ്യുമെന്നാണ് ചൈനീസ് കമ്പനിയുടെ പ്രതീക്ഷ.

റീട്ടെയ്ല്‍ വിപണികളില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഒപ്പോയെ സഹായിക്കുന്നതിന് പുറമെ അവര്‍ക്ക് മാര്‍ക്കറ്റിംഗ് പിന്തുണയും ലുലു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ പോലുള്ള പ്രശസ്ത ബ്രാന്‍ഡുമായി ഇവിടെ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആവേശവും സന്തോഷവുമുണ്ട്. മേഖലയില്‍ ഒപ്പോ ബ്രാന്‍ഡിന്റെ വികസനത്തിന് ഇത് സഹായിക്കും-ഒപ്പോ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക പ്രസിഡന്റ് ആന്‍ഡി ഷി പറഞ്ഞു.

പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി തങ്ങളുടെ മേഖല ആസ്ഥാനം ഒപ്പോ ദുബായില്‍ സജ്ജീകരിക്കും. ഒപ്പോയുടെ റെനോ സീരിസിന്റെ അന്താരാഷ്ട്ര ലോഞ്ചും ദുബായില്‍ തന്നെയായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ സജീവ സാന്നിധ്യമാണ് ഒപ്പോയ്ക്കുള്ളത്.
ഓപ്പോയുടെയും വിവോയുടെയും റിയല്‍മിയുടെയും ഉടമസ്ഥര്‍ ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന കമ്പനിയാണ്. വിവിധ വിപണികളില്‍ പല ബ്രാന്‍ഡുകളിലൂടെ സ്വാധീനം നേടാനുള്ള തീവ്രശ്രമത്തിലാണ് ബിബികെ ഇലക്ട്രോണിക്‌സ്.

വലിയ ഡിസ്‌പ്ലേ, ശക്തമായ പ്രോസസറുകള്‍, ഉന്നത ഗുണനിലവാരമുള്ള സെല്‍ഫി കാമറകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ കാലാനുസൃതമായി തങ്ങളുടെ മോഡലുകളില്‍ അവതരിപ്പിച്ചാണ് ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണി പിടിച്ചത്. ഇന്ത്യയിലെ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാന്‍ ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് നായകരെയും ബ്രാന്‍ഡ്അംബാസഡര്‍മാരാക്കി മികച്ച ബ്രാന്‍ഡിംഗ് സ്ട്രാറ്റജിയും ഒപ്പോ പോലുള്ള കമ്പനികള്‍ നടപ്പാക്കി.

Comments

comments

Categories: Arabia
Tags: Lulu, Oppo

Related Articles