സണ്ണിനൊപ്പം പുതുചരിത്രം രചിക്കാന്‍ സൗദിയും അബുദാബിയും ഒമാനും

സണ്ണിനൊപ്പം പുതുചരിത്രം രചിക്കാന്‍ സൗദിയും അബുദാബിയും ഒമാനും
  • മൊത്തം 200 ബില്യണ്‍ ഡോളറിന്റെ വിഷന്‍ ഫണ്ടിലൂടെ സണ്ണിന്റെ വീരഗാഥ തുടരുന്നു
  • ആദ്യ വിഷന്‍ ഫണ്ടിന് യുബറും വീവര്‍ക്കും ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളില്‍ നിക്ഷേപമുണ്ട്
  • സൗദി കിരീടാവകാശി ആദ്യ ഫണ്ടിന് നല്‍കിയത് 45 ബില്യണ്‍ ഡോളറിന്റെ പിന്തുണ
  • പുതിയ ഫണ്ട് പ്രാബല്യത്തിലെത്തിയാല്‍ ടെക് ലോകം സണ്ണിന്റെ കൈപ്പിടിയില്‍

റിയാദ്: രണ്ടാമത്തെ നൂറ് ബില്യണ്‍ നിക്ഷേപ ഫണ്ടിനായി പണം സമാഹരിക്കാന്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പുമായി ചേര്‍ന്ന് തീവ്രശ്രമത്തിലാണ് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്. ജപ്പാനിലെ ശതകോടീശ്വര സംരംഭകനായ മസയോഷി സണ്ണിന്റെ ചിന്തയില്‍ നിന്നും പിറവിയെടുത്ത വിഷന്‍ ഫണ്ടിന്റെ ആദ്യ പതിപ്പ് വന്‍ വിജയമായിരുന്നു. ആദ്യ ഫണ്ടിന്റെ ഭാഗമായ 100 ബില്യണ്‍ ഡോളറുപയോഗിച്ച് ലോകത്തങ്ങോളമിങ്ങോളമുള്ള ടെക്‌നോളജി സംരംഭങ്ങളില്‍ സണ്‍ നിക്ഷേപം നടത്തി. ഇതില്‍ മിക്കതും മികച്ച വിജയമായിരുന്നു. ഇന്ത്യയിലെ ഫഌപ്കാര്‍ട്ടും ഒലയുമെല്ലാം സോഫ്റ്റ്ബാങ്ക് നിക്ഷേപത്തിന്റെ രുചിയറിഞ്ഞിട്ടുണ്ട്.

പുതിയ ഫണ്ടിനായി സിംഗപ്പൂര്‍, സൗദി അറേബ്യ, കസാക്ക്സ്ഥാന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സോഫ്റ്റ്ബാങ്കും ഇടപാടിനായി അവരെ സഹായിക്കുന്ന ബാങ്കുകളും ചെര്‍ച്ച നടത്തിയതായാണ് വിവരം. സെന്‍ട്രിക്കസ്, കാന്റര്‍ ഫിറ്റ്‌സ്‌ഗെറാള്‍ഡ് തുടങ്ങിയ ആഗോള ധനകാര്യസ്ഥാപനങ്ങളും ഗോള്‍ഡ്മാനെ കൂടാതെ സോഫ്റ്റ്ബാങ്കിന് പുതിയ ഇടപാടിനായി പിന്തുണ നല്‍കുന്നുണ്ട്.

പുതിയ ഫണ്ടിനായി സോഫ്റ്റ്ബാങ്ക് ഒറ്റയ്ക്ക് 50 ബില്യണ്‍ ഡോളര്‍ മുടക്കിയേക്കുമെന്നാണ് സൂചന. ആദ്യ ഫണ്ടിലേക്ക് 28 ബില്യണ്‍ ഡോളറായിരുന്നു സോഫ്റ്റ്ബാങ്കിന്റെ സംഭാവന. ആദ്യ ഫണ്ട് മികച്ച നേട്ടം നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ ഫണ്ടിനായി കൂടുതല്‍ പണം മുടക്കാന്‍ ജാപ്പനീസ് സംരംഭകന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് മാസത്തോടെ 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് തീരുമാനം. അത് യാഥാര്‍ത്ഥ്യമായാല്‍ 200 ബില്യണ്‍ ഡോളറെന്ന വമ്പന്‍ നിക്ഷേപ ഫണ്ടിന് നേതൃത്വം നല്‍കിയ അപൂര്‍വ സംരംഭകനെന്ന ഖ്യാതിയോടെ മസയോഷി സണ്‍ ചരിത്രത്തിലേക്ക് നടന്ന് കയറും.

അതേസമയം മാര്‍ച്ച് മാസത്തോടെ മറ്റൊരു 100 ബില്യണ്‍ ഡോളര്‍ കൂടി സമാഹരിക്കാന്‍ സണ്ണിന് സാധിക്കുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. നിക്ഷേപ ഫണ്ടുകളില്‍ ഏറ്റവും വലുതായിരുന്നു സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 1.0. ലോകത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളുണ്ടാക്കും അതെന്ന് സകലരും വിലയിരുത്തിയെങ്കിലും സംരംഭങ്ങള്‍ തിരിച്ചുനല്‍കുന്ന നേട്ടത്തെ അത് ബാധിക്കുമോയെന്ന സംശയങ്ങളും ഉയര്‍ന്നു. നിക്ഷേപാന്തരീക്ഷത്തെ ഈ പദ്ധതി ത്വരിതപ്പെടുത്തിയെങ്കിലും ഫണ്ട് പിന്തുണ നല്‍കിയ പ്രധാന സംരംഭങ്ങളിലൊന്നായ യുബറിന്റെ പ്രഥമ ഓഹരി വില്‍പ്പന പ്രതീക്ഷിച്ചത്ര വിജയമാകാഞ്ഞത് ചര്‍ച്ച ചെയ്യപ്പെട്ടു.

സണ്ണിന് ആത്മവിശ്വാസം കൂടുതല്‍

അതേസമയം പുതിയ ഫണ്ടിന്റെ വിജയത്തെക്കുറിച്ച് യാതൊരുവിധ ആത്മവിശ്വാസക്കുറവും മസയോഷി സണ്ണിനില്ല. ആദ്യഫണ്ട് മഹത്തായ വിജയം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അതിലെ നല്ലൊരു ശതമാനം നിക്ഷേപകരും വിഷന്‍ ഫണ്ടിന്റെ രണ്ടാം പതിപ്പിലും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്-കഴിഞ്ഞ മാസം സണ്‍ ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞു. എന്നാല്‍ സോഫ്റ്റ്ബാങ്ക് ഈ രണ്ടാമത്തെ ഫണ്ട് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

സൗദിയാണ് താരം

നൂതനാത്മകമായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിനായി 2016ല്‍ സോഫ്റ്റ്ബാങ്ക് രൂപീകരിച്ച വിഷന്‍ ഫണ്ടിന്റെ ആദ്യ പതിപ്പിനെ പ്രധാനമായും താങ്ങി നിര്‍ത്തിയത് സൗദി അറേബ്യയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഈ നിക്ഷേപ പദ്ധതിയില്‍ പ്രത്യേക താല്‍പ്പര്യം തന്നെ ഉണ്ടായിരുന്നു. 100 ബില്യണ്‍ ഡോളറിന്റെ വിഷന്‍ ഫണ്ടിലേക്ക് 45 ബില്യണ്‍ ഡോളറും നല്‍കിയത് സൗദിയായിരുന്നു. പുതിയ വിഷന്‍ ഫണ്ടിലേക്കും സൗദി ഇത്രയും തുക നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

45 ബില്യണ്‍ ഡോളര്‍ തന്നെ പുതിയ ഫണ്ടിലേക്കും നല്‍കുമെന്ന് സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് കഴിഞ്ഞ ഒക്‌റ്റോബറില്‍ ബ്ലൂംബര്‍ഗിനോട് പറഞ്ഞിരുന്നു. അതേസമയം പുതിയ ഫണ്ടില്‍ നിക്ഷേപകരുടെ വൈവിധ്യവല്‍ക്കരണമാണ് മസയോഷി സണ്‍ ആഗ്രഹിക്കുന്നത്. അതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്നത് വ്യക്തമല്ല. സൗദിയില്‍ നിന്ന് 45 ബില്യണ്‍ ഡോളറെന്ന വമ്പന്‍ തുക തന്നെ പുതിയ ഫണ്ടിനായും സോഫ്റ്റ്ബാങ്ക് സ്വീകരിക്കുമോയെന്ന കാര്യത്തില്‍ അതുകൊണ്ടുതന്നെ പലര്‍ക്കും സംശയമുണ്ട്. മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിന് ശേഷം സൗദിയോടുള്ള സമീപനത്തില്‍ പല നിക്ഷേപകര്‍ക്കും മാറ്റം സംഭവിച്ചിട്ടുണ്ടെന്നതും ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്.

രണ്ടാമത്തെ വിഷന്‍ ഫണ്ടില്‍ തങ്ങള്‍ എത്ര നിക്ഷേപമിറക്കുമെന്ന കാര്യത്തില്‍ സൗദിയുടെ ഔദ്യോഗിക നിക്ഷേപ ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപ ഫണ്ട്, കസാക്ക്സ്ഥാന്റെ നിക്ഷേപ ഫണ്ട്, തയ്‌വാനിലെ ചില ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ രണ്ട് ബില്യണ്‍ ഡോളര്‍ വീതം പുതിയ ഫണ്ടിലേക്ക് നല്‍കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായതായാണ് വിവരം. ചെറിയ തുകയായിരിക്കും ഒമാന്‍ സര്‍ക്കാര്‍ നിക്ഷേപിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഡ്യൂഷ് ബാങ്കിലെ മുന്‍ എക്‌സിക്യൂട്ടിവ് രാജീവ് മിശ്രയാണ് ഫണ്ടിന് മേല്‍നോട്ടം വഹിക്കുന്നത്.

ആദ്യ ഫണ്ടില്‍ നിന്നും ഏകദേശം 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മൊത്തത്തില്‍ 71 നിക്ഷേപ ഇടപാടുകള്‍ നടത്തിയതായും ഇതില്‍ നിന്ന് 62 ശതമാനം നേട്ടം ലഭിച്ചതായും സണ്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചില ആഗോള മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏഷ്യന്‍ നഗരങ്ങളോട് പ്രത്യേക താല്‍പ്പര്യം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്നതാണ് സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിന്റെ നിക്ഷേപമെങ്കിലും ഏഷ്യന്‍ നഗരങ്ങളോട് മസയോഷി സണ്ണിന് പ്രത്യേക താല്‍പ്പര്യമുണ്ട്. അതില്‍ ചില നഗരങ്ങള്‍ ഇതാ.

സോള്‍: കൊറിയയിലെ സോളില്‍ മാത്രമായി 20ലധികം കമ്പനികളിലാണ് സണ്‍ നിക്ഷേപം നടത്തിയത്. മീറ്റ്‌ബോക്‌സ്, ഇലക്ട്രോണിക് ഘടക നിര്‍മാതാക്കളായ ദെര്‍ക്‌വൂ തുടങ്ങിയ സംരംഭങ്ങളാണ് ഇതില്‍ ശ്രദ്ധേയമായത്.

ബെയ്ജിംഗ്: ചൈനയിലെ ബെയ്ജിംഗില്‍ നടത്തിയ നിക്ഷേപങ്ങളില്‍ പ്രധാനം ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ദിദി ചക്‌സിംഗിലേതും ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറായ വാന്‍ഡൗജിയയിലേതുമാണ്. 14ഓളം കമ്പനികളില്‍ നിക്ഷേപമുണ്ട്.

ഷാംഗ്ഹായ്: ചൈനയിലെ നത്‌നെ ഷാംഗ്ഹായിയാണ് ഏറ്റവും വലിയ നിക്ഷേപം നടത്തിയിട്ടുള്ള മൂന്നാമത്തെ ഏഷ്യന്‍ നഗരം. കിംഗ് യീയിലാണ് പ്രധാന നിക്ഷേപം. 14ഓളം കമ്പനികളില്‍ ഈ നഗരത്തിലും നിക്ഷേപമുണ്ട്.

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിന് പ്രിയം ന്യൂഡെല്‍ഹിയാണ്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97, സ്‌നാപ്ഡീല്‍, ഒയോ എന്നിവ ഉള്‍പ്പടെ നാലിലധികം കമ്പനികളിലാണ് ഇവിടെ പ്രധാന നിക്ഷേപം.

ടോക്യോ: ഡെലി, വണ്‍ടാപ് ബയ് ഉള്‍പ്പടെ നാല് കമ്പനികളിലാണ് ടോക്യായിയിലെ സോഫ്റ്റ്ബാങ്ക് നിക്ഷേപം.

ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലും വിഷന്‍ഫണ്ട് സജീവമായിരുന്നു. ഇ-കൊമേഴ്‌സ് സംരംഭമായ ഫഌപ്കാര്‍ട്ടിലായിരുന്നു പ്രധാന നിക്ഷേപം. ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഒലയിലെയും മൊബീല്‍ അധിഷ്ഠിത സംരംഭമായ ഇന്‍മൊബിയിലെയും നിര്‍ണായക നിക്ഷേപം സോഫ്റ്റ്ബാങ്കിന്റേതുതന്നെ.

മുംബൈ: രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹൗസിംഗ്‌ഡോട്‌കോമിലും സണ്ണിന്റെ സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: Arabia