പുതിയ തൊഴില്‍ നിയമം രൂപീകരിക്കാന്‍ പദ്ധതി

പുതിയ തൊഴില്‍ നിയമം രൂപീകരിക്കാന്‍ പദ്ധതി
  • വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങള്‍ എന്നീ നാല് വിഭാഗങ്ങളിലായി 44 നിയമങ്ങള്‍ ഏകേപിപ്പിക്കും
  • പുതിയ തൊഴില്‍ നിയമം നിക്ഷേപകരെ സഹായിക്കും സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടും

ന്യൂഡെല്‍ഹി: നിക്ഷേപകരെ സഹായിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കാനും ലക്ഷ്യമിട്ട് പുതിയ തൊഴില്‍ നിയമം രൂപീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നു. വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും വ്യാവസായിക ബന്ധങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 44 തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് പുതിയ തൊഴില്‍ നിയമം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാതല യോഗത്തിലാണ് പുതിയ തൊഴില്‍ നിയമം രൂപീകരിക്കാന്‍ തീരുമാനമായത്. ധനമന്ത്രി നിര്‍മല സീതാരാമന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, വാണിജ്യ, റെയ്ല്‍വേ വകുപ്പ് മന്ത്രി പീയുഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ തൊഴില്‍ ബില്‍ അവതരിപ്പിക്കുന്നതായിരിക്കുമെന്ന് യോഗത്തിന് ശേഷം ഗംഗ്വാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം കരട് തൊഴില്‍ നിയമം കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കും. നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാമത്തെ ആഴ്ച ബില്‍ അവതരിപ്പിക്കാനാണ് സാധ്യതയെന്നും സന്തോഷ് ഗംഗ്വാര്‍ പറഞ്ഞു. പുതിയ തൊഴില്‍ നിയമം രൂപീകരിക്കുന്നതിന് രാജ്യത്തെ പ്രധാനപ്പെട്ട തൊഴില്‍ യൂണിയനുകളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വേതനം, സാമൂഹ്യ സുരക്ഷ, വ്യവസായ സുരക്ഷയും ക്ഷേമവും, വ്യവസായ ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് പുതിയ തൊഴില്‍ നിയമത്തിന് കീഴില്‍ ക്രോഡീകരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, മിസെലേനിയസ് പ്രൊവിഷന്‍സ് ആക്റ്റ്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്റ്റ്, മെറ്റേണിറ്റി ബെനിഫിറ്റ്‌സ് ആക്റ്റ്, ബില്‍ഡിംഗ്, കണ്‍സ്ട്രക്ഷന്‍ തൊഴിലാളി നിയമം, തൊഴിലാളി നഷ്ടപരിഹാര നിയമം തുടങ്ങി സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലയിപ്പിച്ച് ഒറ്റ സാമൂഹ്യ സുരക്ഷാ നിയമനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫാക്റ്ററീസ് ആക്റ്റ്, ഖനന നിയമം, ലോഡിംഗ് തൊഴിലാളി സുരക്ഷ, ആരോഗ്യ, ക്ഷേമ നിയമം തുടങ്ങി വ്യാവസായിക മേഖലയില്‍ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള വിവിധ നിയമങ്ങളും ലയിപ്പിച്ച് ഒറ്റ നിയമനം രൂപീകരിക്കും. മിനിമം വേതന നിയമം, പേമെന്റ് ഓഫ് വേജസ് ആക്റ്റ്, ബോണസ് നിയമം, തുല്യ വേതന നിയമം എന്നിവയും ഏകോപിപ്പിച്ച് ഏക ചട്ടകൂടൊരുക്കും.

1947ലെ ഇന്‍ഡസ്ട്രിയല്‍ ഡെസ്പ്യൂട്ട് ആക്റ്റ്, 1926ലെ ട്രേഡ് യൂണിയന്‍ ആക്റ്റ്, 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്റ്റ് എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സിനു കീഴില്‍ ലയിപ്പിക്കുന്ന നിയമങ്ങള്‍. പുതിയ തൊഴില്‍ നിയമം കൊണ്ടുവരുന്നത് നിക്ഷേപകരെ സഹായിക്കുകയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Comments

comments

Categories: FK News
Tags: New job law