നീരവ് മോദിക്ക് നാലാം തവണയും ജാമ്യമില്ല

നീരവ് മോദിക്ക് നാലാം തവണയും ജാമ്യമില്ല

സാക്ഷികളെ സ്വാധീനിക്കുമെന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് ലണ്ടനിലെ കോടതി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി നാലാമതും തള്ളി. നീരവിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ നീരവ് തല്‍ക്കാലം ലണ്ടനിലെ ജയിലില്‍ തുടരുമെന്ന് ഉറപ്പായി. ബ്രിട്ടണില്‍ നിന്ന് നീരവിനെ വൈകാതെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള സാധ്യതകളും ഇതോടെ വര്‍ധിച്ചു.

കീഴ്‌കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് നീരവ് മോദി വെസ്റ്റ്മിനിസ്റ്റര്‍ കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ തന്റെ കക്ഷി ജൂലിയന്‍ അസാഞ്‌ജോ മറ്റോ അല്ലെന്നായിരുന്നു മോദിയുടെ അഭിഭാഷകരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനോ കോസിനെ വഴിതിരിച്ചു വിടാനോ സാധ്യതകളുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായിരുന്നത്. 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വിവാദ വജ്ര വ്യവസായിയായ നീരവും മാതുലന്‍ മെഹുല്‍ ചോക്‌സിയും ഇന്ത്യ വിട്ടിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഡ്‌ലി ഹൗസ് ബ്രാഞ്ച് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ ഉദ്യോഗസ്ഥരും ഭാഗമായിരുന്നു.

മല്യയും നീരവും സഹതടവുകാരാവും

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ 12 ാം നമ്പര്‍ ബാരക്ക് നീരവ് മോദിയെ കാത്തിരിക്കുന്നു. ലണ്ടനില്‍ നിന്നും എത്തിച്ചാല്‍ നീരവ് മോദിയെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടെയാവും പാര്‍പ്പിക്കുകയെന്ന് ജയില്‍ അധികൃതര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചു. നീരവിനൊപ്പം സഹതടവുകാരനായി നിശ്ചയിച്ചിരിക്കുന്നത് കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെയാണ്. ബ്രിട്ടണില്‍ നിന്ന് വിട്ടുകിട്ടുന്നതിനനുസരിച്ച് ഇരുവരെയും ഇവിടേക്ക് എത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ലണ്ടനിലെ കോടതികളില്‍ തടവുകാരുടെ താമസം സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. മൂന്ന് ചതുരശ്ര മീറ്റര്‍ സ്ഥലവും പഞ്ഞി മെത്തയും തലയിണയും ബെഡ്ഷീറ്റും പുതപ്പുമാവും വ്യവസായ പ്രമുഖന്‍മാര്‍ക്ക് ലഭിക്കുക. വ്യായാമത്തിനുള്ള അവസരവും ശുദ്ധ ജലവും 24 മണിക്കൂര്‍ വൈദ്യസഹായവും ഉറപ്പാക്കുമെന്ന് ആര്‍തര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

Categories: FK News, Slider
Tags: neerav modi