ദൈര്‍ഘ്യമേറിയ സ്റ്റണ്ട് ഷോ; ഏഷ്യ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ടിവിഎസ്

ദൈര്‍ഘ്യമേറിയ സ്റ്റണ്ട് ഷോ; ഏഷ്യ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ടിവിഎസ്

അഞ്ച് ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. തുടര്‍ച്ചയായി ആറ് മണിക്കൂര്‍ സ്റ്റണ്ട് ഷോ നീണ്ടുനിന്നു

പുണെ : ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ് സ്റ്റണ്ട് ഷോ നടത്തി ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. കോയമ്പത്തൂര്‍, ബെംഗളൂരു, ജയ്പുര്‍, ഇന്ദോര്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള അഞ്ച് സ്റ്റണ്ട് ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. തുടര്‍ച്ചയായി ആറ് മണിക്കൂറാണ് സ്റ്റണ്ട് ഷോ നീണ്ടുനിന്നത്.

പരിഷ്‌കരിച്ച അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ബൈക്കുകളാണ് അഭ്യാസപ്രകടനത്തിന് ഉപയോഗിച്ചത്. ‘അപ്പാച്ചെ പ്രോ പെര്‍ഫോമന്‍സ് എക്‌സ്’ എന്ന് പേരിട്ട പരിപാടിയിലൂടെ ടിവിഎസ് മോട്ടോര്‍ കമ്പനി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു. സ്വന്തം റെക്കോര്‍ഡാണ് ടിവിഎസ് തിരുത്തിക്കുറിച്ചത്. 2017 ല്‍ ടിവിഎസ് സംഘടിപ്പിച്ച പരിപാടി അഞ്ച് മണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നത്.

ജയ്പുരിലെ സ്റ്റീല്‍ സൈലന്‍സേഴ്‌സ്, ബെംഗളൂരുവിലെ ബാലന്‍സ് പോയന്റ്, കോയമ്പത്തൂരിലെ ത്രോട്ടിലേഴ്‌സ്, ഡെല്‍ഹിയില്‍നിന്നുള്ള മോട്ടോ ടൈക്കൂണ്‍സ്, ഇന്ദോറില്‍നിന്ന് ത്രോട്ടില്‍ എക്‌സ്ട്രീം എന്നീ ടീമുകളാണ് സ്റ്റണ്ട് ഷോയില്‍ പങ്കെടുത്തത്. ഓരോ ടീമും പ്രത്യേകം പ്രത്യേകം ഇരുപത് മിനിറ്റ് വീതമാണ് അഭ്യാസപ്രകടനം നടത്തിയത്. ഇത് എതാണ്ട് ആറ് മണിക്കൂര്‍ വരെ നീണ്ടു.

ഷോയുടെ അവസാന ഇരുപത് മിനിറ്റില്‍ അഞ്ച് ടീമുകളും ഒരുമിച്ച് പങ്കെടുത്തത് ആവേശകരമായി. പുണെയിലാണ് ‘അപ്പാച്ചെ പ്രോ പെര്‍ഫോമന്‍സ് എക്‌സ്’ പരിപാടി സംഘടിപ്പിച്ചത്. മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ഷോ കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്.

Comments

comments

Categories: Auto
Tags: TVS