ജെറ്റ് എയര്‍വേയ്‌സ്: ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദും പിന്‍വലിയുന്നു

ജെറ്റ് എയര്‍വേയ്‌സ്: ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദും പിന്‍വലിയുന്നു

അന്വേഷണങ്ങളും പാപ്പരത്ത ഹര്‍ജികളും നിക്ഷേപകരെ പിന്തിരിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട്

മുംബൈ: കടക്കെണിയിലായ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാനുള്ള പദ്ധതിയില്‍ നിന്ന് ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദ് എയര്‍വേസും പിന്മാറിയേക്കുമെന്ന് സൂചന. ജെറ്റിന്റെ ഓഹരികള്‍ വാങ്ങാനുള്ള പദ്ധതി ലണ്ടന്‍ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പ് മരവിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ നിക്ഷേപം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സും പിന്‍മാറുന്നെന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് മാസത്തോളമായി സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്ന ജെറ്റ് എയര്‍വേയ്‌സിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണിത്.

ജെറ്റിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടന്നു വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നിക്ഷേപം നടത്തുന്നത് അപകടകരമാണെന്നാണ് ഹിന്ദുജ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ജെറ്റിന്റെ വായ്പാദാതാക്കള്‍ പാപ്പരത്ത ഹര്‍ജിയുമായി കോടതിയെ സമീപിക്കാനിരിക്കുന്നത് അനുകൂല സാഹചര്യമല്ലെന്ന് ഹിന്ദുജ ഗ്രൂപ്പ് വിലയിരുത്തുന്നു. ജെറ്റ് എയര്‍വേയ്‌സിന് വായ്പ നല്‍കിയ ഷാമന്‍ വീല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഗഗ്ഗര്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വെവ്വേറെയുള്ള രണ്ട് പാപ്പരത്ത ഹര്‍ജികള്‍ മുംബൈയിലെ എന്‍സിഎല്‍ടിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിട്ടുണ്ട്.

അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജെറ്റ് എയര്‍വേസില്‍ നിക്ഷേപം നടത്തുന്നതിന് എതിരാണ്. മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ ജെറ്റിന്റെ ഇപ്പോഴത്തെ കടബാധ്യത ഏകദേശം 15,000 കോടി രൂപയാണ്.

Comments

comments

Categories: FK News