ഇന്ത്യ-കൊളംബിയ വ്യാപാരം 10 ബില്യണ്‍ ഡോളറിലെത്തും

ഇന്ത്യ-കൊളംബിയ വ്യാപാരം 10 ബില്യണ്‍ ഡോളറിലെത്തും

ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഉടന്‍ ധാരണയാകും

ന്യൂഡെല്‍ഹി: ഇന്ത്യയും കൊളംബിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഉടന്‍ ധാരണയായേക്കും. നിലവില്‍ ഏകേദശം 1.5 ബില്യണ്‍ ഡോളറിന്റെ വ്യാപാര ഇടപാടുകളാണ് ഇന്ത്യയും ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയും തമ്മില്‍ നടക്കുന്നത്. 2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളുടെ മൂല്യം പത്ത് ബില്യണ്‍ ഡോളര്‍ എത്തിക്കാനാണ് വ്യാപാര ഉടമ്പടിയിലൂടെ ലക്ഷ്യമിടുന്നത്.

എന്നാല്‍, ഇന്ത്യയും കൊളംബിയയും ഉഭയകക്ഷി വ്യാപാരം പത്ത് ബില്യണ്‍ ഡോളറിലെത്തിക്കുകയെന്നത് സങ്കീര്‍ണമായ ജോലിയാണെന്നും പക്ഷെ, അതിന് ബുദ്ധിമുട്ടില്ലെന്നും ബഗോടയിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുള്ള നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൊളംബിയയിലെ വ്യാപാര, നിക്ഷേപ അന്തരീക്ഷത്തില്‍ തുടര്‍ന്നും പുരോഗതിയുണ്ടാകും. ആകര്‍ഷകമായ അവസരങ്ങളുള്ള കൊളംബിയന്‍ വിപണിയിലേക്ക് പ്രവേശിക്കാനും തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുമുള്ള സാധ്യതകള്‍ ഇന്ത്യന്‍ കമ്പനികള്‍ തീര്‍ച്ചയായും തേടുമെന്നും നയതന്ത്ര വിദഗ്ധര്‍ പറഞ്ഞു.

കയറ്റുമതിയിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ കൊളംബിയന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയേക്കും. അടിസ്ഥാനസൗകര്യ, എണ്ണ മേഖലകളിലേക്കുള്ള നിക്ഷേപം വര്‍ധിക്കുകയും ചെയ്യും. എന്നിരുന്നാലും, സാമ്പത്തിക ഏകീകരണം ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ആഭ്യന്തര ആവശ്യകതയില്‍ നേരിയ ഇടിവിന് കാരണമാകും. അതേസമയം, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വേഗം സംബന്ധിച്ച അനിശ്ചിതത്വങ്ങളും വെല്ലുവിളി നിറ ബാഹ്യാന്തരീക്ഷവും വെനസ്വലയില്‍ നിന്നുള്ള കുടിയേറ്റ പ്രതിസന്ധിയും കുറയും.

നയതന്ത്രപരമായ ബന്ധത്തിന്റെ 60 വര്‍ഷങ്ങള്‍ ഇന്ത്യയും കൊളംബിയയും ആഘോഷിക്കാന്‍ പോകുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ സ്ഥിരത കൈവരിക്കാനായിട്ടുണ്ട്. 2015ല്‍ ഇന്ത്യ കൊളംബിയയിലേക്ക് കയറ്റി അയച്ചത് 1.19 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്. 2016ല്‍ ഇത് 945 മില്യണ്‍ ഡോളറായി കുറഞ്ഞെങ്കിലും പിന്നീട് കയറ്റുമതി മൂല്യം ഒരു ബില്യണ്‍ ഡോളറിലധികം നിലനിര്‍ത്താനായിട്ടുണ്ട്.

കൊളംബിയന്‍ വിപണിയില്‍ പ്രവേശനം ഉറപ്പാക്കുന്നതിന് ഗൗരപരമായ ശ്രമങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്നുണ്ട്. ബജാജ്, ഹീറോ, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ്, സുസുക്കി, യമഹ, എകെടി, കെടിഎം തുടങ്ങിയ എല്ലാ ഇരുചക്ര വാഹന ബ്രാന്‍ഡുകള്‍ക്കും കൊളംബിയയില്‍ സാന്നിധ്യമുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, ഫാബ്രിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലും ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നുണ്ട്.

കൊളംബിയയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും മികച്ച പേരാണ് ഉള്ളത്. ബഗോടയിലും മെഡല്ലിനിലുമുള്ള ആയിരകണക്കിന് കൊളംബിയന്‍ പൗരന്മാരാണ് രാജ്യത്തെ ഇന്ത്യന്‍ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നത്. കൊളംബിയയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ പ്രധാന പങ്കുവഹിക്കാന്‍ പോകുന്ന പുതിയ സാരഥികള്‍ ഇരുചക്ര വാഹനങ്ങളായിരിക്കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ കൊളംബിയ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റില്‍ (ഒഇസിഡി) അംഗമാണ്. നിലവില്‍ തദ്ദേശീയ ഉല്‍പ്പാദന സാഹചര്യം അനിശ്ചിതത്വത്തിലാണ്. ഇത് കൊളംബിയയിലെ നിലവിലുള്ള ഹൈഡ്രോകാര്‍ബണ്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സ്വാഗതാര്‍ര്‍ഹമായ ഒരു അന്തരീക്ഷം ഇന്ത്യന്‍ നിക്ഷേപകര്‍ കണ്ടെത്തുമെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News