ഹ്യുണ്ടായ് ക്രെറ്റയെ വെല്ലാന്‍ സിട്രോണ്‍ മോഡല്‍ ഒരുങ്ങുന്നു

ഹ്യുണ്ടായ് ക്രെറ്റയെ വെല്ലാന്‍ സിട്രോണ്‍ മോഡല്‍ ഒരുങ്ങുന്നു

2022 ല്‍ ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി അവതരിപ്പിക്കും. സെഗ്‌മെന്റ് ലീഡറായ ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുവിളിക്കുകയാണ് ലക്ഷ്യം

ന്യൂഡെല്‍ഹി : പിഎസ്എ ഗ്രൂപ്പിനുകീഴിലെ ബ്രാന്‍ഡായ സിട്രോണ്‍ 2020 ലാണ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നത്. സി5 എയര്‍ക്രോസ് ആയിരിക്കും ആദ്യ മോഡല്‍. ഒരു വര്‍ഷത്തിനുശേഷം ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഒരു കോംപാക്റ്റ് എസ്‌യുവി കൂടി പുറത്തിറക്കും. ഇതേതുടര്‍ന്ന് 2022 ല്‍ സിട്രോണ്‍ മൂന്നാമതൊരു മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ലീഡറായ ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുവിളിക്കുകയാണ് ലക്ഷ്യം. മിഡ്‌സൈസ് എസ്‌യുവി വികസിപ്പിച്ചുവരികയാണ് ഇപ്പോള്‍ സിട്രോണ്‍.

സിട്രോണ്‍ സി4 കാക്റ്റസ് അടിസ്ഥാനമാക്കിയാണ് പുതിയ മിഡ്‌സൈസ് എസ്‌യുവി വികസിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സിട്രോണ്‍ മോഡലുകളെപ്പോലെ, വലിയ തോതില്‍ തദ്ദേശീയവല്‍ക്കരിച്ചായിരിക്കും ഇന്ത്യന്‍ വിപണിക്കായി നിര്‍മ്മിക്കുന്നത്. സ്റ്റൈലിംഗ് അല്‍പ്പം വിചിത്രമായി തോന്നിയേക്കാം.

സിട്രോണിന്റെ കോംപാക്റ്റ് എസ്‌യുവി ഉപയോഗിക്കുന്ന അതേ എന്‍ജിനുകളായിരിക്കും ഒരുപക്ഷേ മിഡ്‌സൈസ് എസ്‌യുവിയില്‍ നല്‍കുന്നത്. എന്നാല്‍ ട്യൂണ്‍ ഉയര്‍ന്നതായിരിക്കും. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകളെന്ന് പ്രതീക്ഷിക്കുന്നു. ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കാനുള്ള സാധ്യത കാണുന്നു.

സിട്രോണിന്റെ മിഡ്‌സൈസ് എസ്‌യുവി വിപണിയിലെത്തുമ്പോള്‍, ഹ്യുണ്ടായ് ക്രെറ്റ രണ്ടാം തലമുറയില്‍ എത്തിയിരിക്കും. കിയ സെല്‍റ്റോസ്, ടാറ്റ ബ്ലാക്ക്‌ബേര്‍ഡ് (കോഡ്‌നാമം) എന്നിവയായിരിക്കും മറ്റ് എതിരാളികള്‍.

Comments

comments

Categories: Auto