ഹൃദ്രോഗനിയന്ത്രണത്തിന് മൂന്നു മാര്‍ഗങ്ങള്‍

ഹൃദ്രോഗനിയന്ത്രണത്തിന് മൂന്നു മാര്‍ഗങ്ങള്‍

ഹൃദ്രോഗം മൂലമുള്ള അകാല മരണനിരക്ക് കുറയ്ക്കുന്നതിനായി രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുക, ഉപ്പിന്റെ ഉപഭോഗം കുറയ്ക്കുക, ഭക്ഷണത്തിലെ കൊഴുപ്പ് നീക്കം ചെയ്യുക എന്നീ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പുതിയ പഠനം പറയുന്നു. ഈ മൂന്നു മാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2040 ഓടെ ഹൃദ്രോഗനിരക്കു കുറയ്ക്കാനുള്ള ഇടപെടലുകളാണ് നടത്താനുദ്ദേശിക്കുകയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗൂദാര്‍സ് ഡാനേയ് പറയുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള ചികില്‍സ വര്‍ധിപ്പിക്കുന്നത് ലോക ജനസംഖ്യയുടെ 70 ശതമാനം ആളുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു. അതിലൂടെ 39.4 മില്യണ്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് 30 ശതമാനം വെട്ടിക്കുറയ്ക്കുക വഴി 40 മില്യന്‍ മരണങ്ങള്‍ ഇല്ലാതാക്കാനാകും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പ് ഒഴിവാക്കുന്നതിലൂടെ 14.8 ദശലക്ഷം അകാലമരണങ്ങള്‍ തടയാനും കഴിയും. കിഴക്കന്‍ ഏഷ്യ, പസഫിക്, ദക്ഷിണ ഏഷ്യ, സബ് സഹാറന്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരം ഇടപെടലുകളുടെ പ്രയോജനം ലഭിക്കുമെന്നു കരുതുന്ന മേഖലകള്‍.

കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറയ്ക്കുന്നതിന് നിരവധി പദ്ധതികളും നയങ്ങളും ആവശ്യമായി വരും. ഒരു പ്രധാന തന്ത്രം രക്തസമ്മര്‍ദ്ദമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ്. കാരണം അവയില്‍ മിക്കതും സുരക്ഷിതവും സാമ്പത്തികമായി താങ്ങാവുന്നതും ആണ്. ഈ മൂന്നു തരം ഇടപെടലുകളെ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ഗവേഷകര്‍ സമ്മതിച്ചു. ആരോഗ്യ പരിപാലന ശേഷി ഉയര്‍ത്തുന്നതിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്ന് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു. എങ്കിലും മുന്‍കാല ഇടപെടുലുകള്‍ ഫലപ്രദവും താങ്ങാനാവുന്നതും ആണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഉദാഹരണമായി, വടക്കന്‍ കാലിഫോര്‍ണിയയില്‍ 2001 നും 2013 നും ഇടയ്ക്ക് നടത്തിയ ഒരു പദ്ധതിയില്‍ രോഗികളില്‍ 90 ശതമാനം വരെ രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിഞ്ഞു. മെച്ചപ്പെട്ട ചികില്‍സാസൗകര്യങ്ങള്‍, രോഗി-സൗഹൃദ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണ വിവര സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് രക്താതിസമ്മര്‍ദ്ദത്തെ പിടിച്ചു കെട്ടാനായത്.. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ സമാനമായ സമീപനങ്ങള്‍ സ്വീകരിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ചികില്‍സയിലും നിയന്ത്രണത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സഹായിച്ചു.

Comments

comments

Categories: Health