ഗുജറാത്ത് അതീവ ജാഗ്രതയില്‍

ഗുജറാത്ത് അതീവ ജാഗ്രതയില്‍

വലിയ എണ്ണ ശുദ്ധീകരണശാലകളും തുറമുഖങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണു ഗുജറാത്ത്. ഇന്നു ഗുജറാത്തില്‍ വീശിയടിക്കാന്‍ പോകുന്ന വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ റിഫൈനറികളും, തുറമുഖങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചു കൊണ്ട് തന്നെയാണു സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതലെടുത്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നിവരോടൊപ്പം നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ടീമും നിലയുറപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ഗുജറാത്ത് തീരത്ത് ‘വായു’ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നു സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ ഉള്‍പ്പെടുമെന്നു കരുതുന്ന ഏകദേശം മൂന്ന് ലക്ഷത്തോളം പേരെ രണ്ട് ദിവസത്തേയ്ക്കു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 10 തീരദേശ ജില്ലകളിലായി താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 2.91 ലക്ഷം പേരെ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഗുജറാത്ത് ചീഫ് സെക്രട്ടറി ജെ.എന്‍.സിംഗ് അടിയന്തരയോഗത്തില്‍ അറിയിച്ചിരുന്നു. ഇവരെയാണു ബുധനാഴ്ച ഉച്ചയോടെ മാറ്റിപ്പാര്‍പ്പിച്ചത്. 700 ഷെല്‍ട്ടര്‍ ഹോമുകളാണു താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എര്‍ത്ത് സയന്‍സസ് മന്ത്രാലയത്തിലെ സെക്രട്ടറി, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. വൈദ്യുതി, ടെലി കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ്, ജലവിതരണം തുടങ്ങിയവ ചുഴലിക്കാറ്റില്‍പ്പെട്ടു തടസപ്പെടുകയോ, തകരാറിലാവുകയോ ചെയ്താല്‍ ഉടന്‍ പുനസ്ഥാപിക്കുകയോ, തകരാര്‍ പരിഹരിക്കുകയോ ചെയ്യണമെന്ന് അമിത് ഷാ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ദാമന്‍ ദിയു തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അധികൃതരുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

ഗുജറാത്തില്‍ ചുഴലിക്കാറ്റ് വീശി കഴിയുമ്പോള്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു.കച്ച്, ജാംനഗര്‍, ജുനഗഢ്, ദേവ്ഭൂമി-ദ്വാരക, പോര്‍ബന്ദര്‍, രാജ്‌കോട്ട്, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍-സോമനാഥ് ജില്ലകളിലാണു മഴ പെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുമെന്നു മുഖ്യമന്ത്രി വിജയ് രൂപാനി അറിയിക്കുകയും ചെയ്തു. ദുരന്ത നിവാരണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കുന്നതിനായി ഒഢീഷ സര്‍ക്കാരുമായി ഗുജറാത്ത് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഒരു മാസം മുന്‍പ് ഇന്ത്യയുടെ കിഴക്കന്‍ തീരസംസ്ഥാനമായ ഒഢീഷയില്‍ ഫാനി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ ഫലപ്രദമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കിയിരുന്നു ഒഢീഷ. ഗുജറാത്തില്‍ ജൂണ്‍ 13,14 തീയതികളില്‍ വായു ചുഴലിക്കാറ്റ് വീശുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സൈന്യത്തെയും, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ടീം (എന്‍ഡിആര്‍എഫ്), തീരസംരക്ഷണ സേന, നേവി, എയര്‍ഫോഴ്‌സ്, മറ്റ് ഏജന്‍സികള്‍ എന്നിവരെയും രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ 12,13 തീയതികളില്‍ കച്ച്, സൗരാഷ്ട്രയിലെ തീരദേശ ജില്ലകളിലുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വായു ചുഴലിക്കാറ്റ്

അറബിക്കടലില്‍ തിങ്കളാഴ്ച (ജൂണ്‍ 10) രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ടു ചൊവ്വാഴ്ചയാണു വായു (vayu-very severe cyclonic storm) എന്ന അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്. വ്യാഴാഴ്ച മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അറബിക്കടലില്‍ വടക്ക് ഭാഗത്ത് വളരെ അപൂര്‍വമായിട്ടാണ് അതിതീവ്ര ചുഴലിക്കാറ്റ് രൂപമെടുക്കുന്നത്. ഗുജറാത്ത് സംസ്ഥാനം 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് അതിതീവ്ര ചുഴലിക്കാറ്റിനു സാക്ഷ്യം വഹിക്കാന്‍ പോകുന്നതും. അവസാനമായി ഗുജറാത്തില്‍ ചുഴലിക്കാറ്റ് വീശിയടിച്ചത് 1998-ലായിരുന്നു. അന്ന് ഏകദേശം 10,000 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒഢീഷയില്‍ മേയ് മാസം വീശിയടിച്ച ഫാനി ചുഴലിക്കാറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വായു ചുഴലിക്കാറ്റിന് നിരവധി വ്യത്യാസങ്ങളുണ്ട്. ഫാനിയുടെ വേഗത മണിക്കൂറില്‍ 200-235 കിലോമീറ്ററായിരുന്നു. എന്നാല്‍ വായുവിന്റെ വേഗത കണക്കാക്കുന്നത് 100-135 ആണ്. വായു ചുഴലിക്കാറ്റിനെ നേരിടാന്‍ ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുകയാണ്. വടക്കന്‍ ഗുജറാത്തിലെ ബാണസ്‌കന്ദ, സബര്‍കന്ദ എന്നീ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കാറ്റിനൊപ്പം ഇടിയും മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്കന്‍ ഗുജറാത്തില്‍ വ്യാഴാഴ്ച ശക്തമായ മഴയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

എങ്ങും ജാഗ്രത

നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് 39 ടീമുകളെയാണു വിന്യസിച്ചിരിക്കുന്നത്. ഇവര്‍ മരം മുറിക്കാനുള്ള ട്രീ കട്ടര്‍, അറ്റകുറ്റപ്പണികള്‍ ചെയ്യാനായി ടെലികോം ഉപകരണങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ എന്നിവ കരുതിയിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ 34 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനുള്ള എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്റര്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു.സോമനാഥ്, ദ്വാരക, കച്ച് എന്നിവിടങ്ങളില്‍ിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണമെന്നു വിനോദസഞ്ചാരികളോടു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി നിര്‍ദേശിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള വലിയ എണ്ണ ശുദ്ധീകരണ ശാലകളും, ട്യുണ, മുന്ദ്ര തുറമുഖങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണു ഗുജറാത്ത്. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ കീഴിലുള്ള നയാര എനര്‍ജിയും ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ചുഴലിക്കാറ്റ് മനുഷ്യര്‍ക്കു ഭീഷണിയാകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ഇന്‍ഫ്രാസ്‌ട്രെക്ചറുകള്‍ക്കു നാശമുണ്ടാക്കുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്.

Categories: Top Stories