പീരങ്കികള്‍ക്കായുള്ള കാത്തിരിപ്പിന് പരിസമാപ്തി

പീരങ്കികള്‍ക്കായുള്ള കാത്തിരിപ്പിന് പരിസമാപ്തി

വിദേശ ആയുധ ഇടപാടുകള്‍ എന്നും ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. 1980 കളുടെ അവസാനത്തില്‍ ബൊഫോഴ്‌സ് അഴിമതിയാണെങ്കില്‍ ഇപ്പോള്‍ റഫേല്‍ ഇടപാടാണ് സര്‍ക്കാരിന് തലവേദനയായിരിക്കുന്നത്. ഇതിനിടെ തദ്ദേശീയമായി കരുത്തുറ്റ പീരങ്കികള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ പ്രതിരോധ നിര്‍മാണ സംവിധാനം വിജയിച്ചിരിക്കുന്നു. ബൊഫോഴ്‌സ് കൈമാറിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച അത്യാധുനിക ധനുഷ് പീരങ്കികള്‍ സൈന്യത്തിന് കൈമാറിയതോടെ വലിയ മേധാവിത്തം ഇന്ത്യക്ക് അതിര്‍ത്തി മേഖലകളില്‍ ലഭിക്കും

പുതിയ പീരങ്കികള്‍ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ 2000 മുതലാണ് ആരംഭിക്കുന്നത്. എണ്ണമറ്റ പ്രശ്‌നങ്ങളുടെയും കരാര്‍ റദ്ദാക്കലുകളുടെയും വലിയ ഒരു പരമ്പരയാണ് പിന്നീടുള്ള കഥ. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ഈ അവസ്ഥക്ക് മാറ്റമുണ്ടായി. രണ്ട് വ്യത്യസ്ത 155 എംഎം പീരങ്കി സംവിധാനങ്ങള്‍ ഇന്ത്യന്‍ സൈന്യം സ്വന്തമാക്കിയത് ഇക്കാലത്താണ്. യുഎസ് നിര്‍മിത എം777 പീരങ്കികളും ദക്ഷിണകൊറിയില്‍ നിന്നും കെ9 വജ്ര എന്ന സ്വയം നിയന്ത്രിത തോക്കുകളുമാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഡിലാലി ആയുധ ഡിപ്പോയില്‍ ഇന്ത്യ വിന്യസിച്ചത്.

1980 കളുടെ അവസാനം അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറനുസരിച്ച് ബൊഫോഴ്‌സ് കമ്പനി നിര്‍മിച്ച 410 ഹൗബിറ്റ്‌സ് എഫ്എച്ച്77ബി പീരങ്കികള്‍ സ്വന്തമാക്കിയ ശേഷം മൂന്നു പതിറ്റാണ്ടുകള്‍ കടന്നു പോയിരിക്കുന്നു. അന്നത്തെ ആയുധ കച്ചവടത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. സൈന്യം വലിയ തോതില്‍ ആയുധ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യാ കൈമാറ്റം (ടിഒടി) ഫലപ്രദമായി നടത്തി സ്വന്തമാക്കിയ പീരങ്കികള്‍ നിര്‍ണായക ശേഷി നല്‍കുന്നവയാണ്.

ഓര്‍ഡന്‍സ് ഫാക്റ്ററി ബോര്‍ഡ് (ഒഎഫ്ബി) ആറ് ധനുഷ് 155/45 കാലിബര്‍ പീരങ്കി തോക്കുകള്‍ ആദ്യ ഘട്ടത്തില്‍ സൈന്യത്തിന് കൈമാറിക്കഴിഞ്ഞു. ബോഫോഴ്‌സുമായി നടത്തിയ ഇടപാടിനനുബന്ധമായി ലഭിച്ച 12,000 ത്തോളം ഡിസൈന്‍, ടെക്‌നോളജി രേഖകള്‍ ഉപയോഗിച്ചാണ് ധനുഷ് വികസിപ്പിച്ചത്. കരാറിന്റെ ഭാഗമായി രൂപരേഖ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്കു ലഭ്യമാക്കിയതിനു പുറമെ ബൊഫോഴ്‌സ് ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

ബൊഫോഴ്‌സ് ഇടപാട് ഒപ്പുവെച്ചതിനു പിന്നാലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും അഴിമതി കേസില്‍ കുടുങ്ങുകയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ഇന്ത്യയിലെയും വാര്‍ത്താ തലകെട്ടുകളില്‍ നിറയുകയും ചെയ്തു. കുംഭകോണത്തില്‍ പരിഭ്രാന്തരായ ഇന്ത്യന്‍ ഭരണകൂടം 1987 ല്‍ ബൊഫോഴ്‌സ് നിരോധിച്ചു. അതോടെ സൈന്യത്തിനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ നിര്‍മാണ സ്ഥാപനങ്ങള്‍ക്കും ഈ തോക്കുകളുടെ പ്രയോജനം ലഭിക്കാതെയായി. ബൊഫോഴ്‌സിന്റെ രൂപകല്‍പ്പനയെയും സാങ്കേതികവിദ്യയെയും സംബന്ധിച്ച രേഖകള്‍ ഒരു ദശാബ്ദത്തോളം അങ്ങനെ പൊടിപിടിച്ച് കിടന്നു.

‘ബൊഫോഴ്‌സ് തോക്കുകള്‍ വാങ്ങുന്ന സമയത്ത് അതിന്റെ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനുകൂടിയുള്ള അവകാശം ഇന്ത്യ നേടിയിരുന്നു. ടിഒടി കരാര്‍ അനുസരിച്ചുള്ള എല്ലാ സാങ്കേതിക രേഖകളും എ.ബി ബൊഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഒഎഫ്ബിക്ക് ലഭിച്ചെങ്കിലും ഇടപാടുകള്‍ റദ്ദാക്കപ്പെട്ടതിനാല്‍ ഈ സാങ്കേതികവിദ്യാ കൈമാറ്റം മുന്നോട്ട് പോയില്ല,’ 2012 മാര്‍ച്ചില്‍ യുപിഎ സര്‍ക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പാക്കിസ്ഥാനെതിരെ ബൊഫോഴ്‌സ് തോക്കുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനായി. തോക്കിന്റെ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ആവശ്യം ഉയര്‍ന്നതോടെ 1999 ജൂണില്‍ ബൊഫോഴ്‌സ് നിരോധനം എടുത്തുമാറ്റി. അതേ വര്‍ഷം തന്നെ ഫീല്‍ഡ് ആര്‍ട്ടിലറി റാഷണലൈസേഷന്‍ പ്ലാനിന് ആര്‍മി അന്തിമരൂപം നല്‍കി. വിവിധ രീതിയിലുള്ള 3,000 ആര്‍ട്ടിലറി സംവിധാനങ്ങള്‍ സ്വന്തമാക്കാനാണ് ഇതില്‍ വിഭാവനം ചെയ്തിരുന്നത്. 155എംഎം/39കാലിബര്‍ ലഘു പീരങ്കികളും 155 എംഎം/52 കാള്‍ ടോവ്ഡ് സ്വയം നിയന്ത്രിത ആര്‍ട്ടിലറി പീരങ്കി തോക്കുകളുമാണ് ആര്‍മി സ്വന്തമാക്കിയത്. ഇറക്കുമതി ചെയ്യാനുള്ള പദ്ധതി 2009 ല്‍ പാളിയപ്പോള്‍ തദ്ദേശീയമായി പാരങ്കികള്‍ നിര്‍മിക്കാനുള്ള വഴികളന്വേഷിക്കാന്‍ തുടങ്ങി. ധനുഷിന്റെ ഉല്‍ഭവത്തിലേക്കാണ് ഇത് നയിച്ചത്. ഒഎഫ്ബി 2010 ല്‍ ധനുഷ് വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2012 ല്‍ സ്വീഡിഷ് കമ്പനിയായ ബൊഫോഴ്‌സിന്റെ പീരങ്കി യൂണിറ്റ് ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ കമ്പനിയായ ബേ (BAE) സിസ്റ്റം 1980 കളിലെ ഇടപാടിന്റെ ഭാഗമായി ഇന്ത്യക്ക് വാഗ്ദാനം ചെയ്തിരുന്ന സാങ്കേതിക സഹായം നല്‍കാനുള്ള സന്നദ്ധത അറിയിച്ചു. പലവിധ മെക്കാനിക്കല്‍, ഇലക്ട്രോണിക് നവീകരണങ്ങള്‍ക്ക് വിധേയമായ ധനുഷ്, 80 കളിലെ എഫ്എച്ച്-77ബിയേക്കാള്‍ മികച്ചതാണെന്ന് ഉറപ്പാക്കി.

ആദ്യമായി, ബൈ-മോഡുലാര്‍ ചാര്‍ജ് സിസ്റ്റം, നീളമേറിയ ബാരല്‍ എന്നീ പ്രത്യകതകളുള്ള ധനുഷ് പീരങ്കിതോക്കിന് 38 കിലോമീറ്റവര്‍ വരെ ദൂരത്തില്‍ വെടിയുതിര്‍ക്കാന്‍ ശേഷിയുണ്ട്. അതേ സമയം 27 കിലോമീറ്റര്‍ മാത്രമായിരുന്നു ബൊഫോഴ്‌സ് തോക്കിന്റെ ദൂരപരിധി.

രണ്ടാമത്, ഓട്ടോമാറ്റിക് ഗണ്‍ അലൈന്‍മെന്റ് ആന്‍ഡ് പൊസിഷനിംഗ് സിസ്റ്റത്തിന്റെ വിന്യാസം (എജിഎപിഎസ്) ധനുഷിനെ എഫ്എച്ച്-77ബിയേക്കാള്‍ കൃത്യതയുള്ളതാക്കി. എജിപിഎസില്‍ പരിഷ്‌കരിച്ച ടാക്റ്റിക്കല്‍ കംപ്യൂട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. പിഴവുകള്‍ കുറയ്ക്കുന്നതിന് ഒരു മസില്‍ വെലോസിറ്റി റഡാര്‍ ഉപയോഗിച്ചിരിക്കുന്നു. ജിപിഎസ് അപ്‌ഡേറ്റുകള്‍ ലഭ്യമായ, സൈറ്റ്‌നിംഗ് സംവിധാനത്തിലധിഷ്ഠിതമായ ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനവും ധനുഷിന്റെ ശേഷി വര്‍ധിപ്പിക്കുന്നു.

മൂന്നാമത്, കോര്‍പ് ഫയര്‍ കണ്‍ട്രോള്‍ സെന്റര്‍ മുതല്‍ വെടിയുടെ ശക്തി കാര്യക്ഷമമായ ഉപയോഗിക്കാനായുള്ള നെറ്റ്‌വര്‍ക്കിന്റെ രൂപീകരണത്തിന് സഹായിക്കുന്ന ബാറ്ററി കമാന്‍ഡ് പോസ്റ്റ് വരെ പീരങ്കിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകീകരിക്കുന്ന ശക്തി ആര്‍ട്ടിലറി കോംബാക്റ്റ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ധനുഷിലുണ്ട്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) ചേര്‍ന്ന് വികസിപ്പിച്ച ‘ശക്തി’ ഉപയോഗിച്ച് സൈന്യത്തിന് വര്‍ധിച്ച കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്രത്യേക കേന്ദ്രത്തെ ലക്ഷ്യമാക്കാന്‍ സാധിക്കും.

നാലാമത്, ധനുഷിന്റെ ഓട്ടോ ഗണ്‍ ലേയിംഗ് ശേഷി എഫ്എച്ച്-77ബിയേക്കാള്‍ വേഗത്തില്‍ ഒരു വസ്തുവിനെ ഉന്നമിടാന്‍ സഹായകമാണ്. അതിലുപരി ധനുഷ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച, ആദ്യത്തെ ദീര്‍ഘദൂര പീരങ്കി തോക്കാണ്. 87 ശതമാനവും തദ്ദേശീയ വികസനമാകയാല്‍ അറ്റകുറ്റപണികള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനാകും. ഊര്‍ജം ലഭ്യമാക്കുന്ന ആക്‌സിലറി പവര്‍ യൂണിറ്റ് (എപിയു) ഉള്‍പ്പെടെയുള്ള പല നിര്‍ണായക ഭാഗങ്ങളും ബേ സിസ്റ്റംസാണ് വിതരണം ചെയ്തിരിക്കുന്നത്. സൈറ്റ്‌നിംഗ് സിസ്റ്റം ഫ്രാന്‍സ് ആസ്ഥാനമായ സാഗേമിന്റേതാണ് (SAGEM). ഇന്ത്യയിലെ സ്വകാര്യ കമ്പനിയായ ഫോഴ്‌സ് മോട്ടോഴ്‌സ് എപിയു വികസിപ്പിക്കുന്നുണ്ട്. ബേ(BAE) സിസ്റ്റംസില്‍ നിന്നുള്ള ഇറക്കുമതിക്കു പകരം ഭാവിയില്‍ ഇത് ഉപയോഗപ്പെടുത്താനാകും.

ഒരു പീരങ്കി തോക്കിന്റെ വികസനം, ബാലിസ്റ്റിക് മിസൈലിന്റെ നിര്‍മാണത്തിന്റെയത്ര സങ്കീര്‍ണമല്ലായിരിക്കാം. എന്നാല്‍ ഇതും അല്‍പ്പം തന്ത്രപരമായ ജോലിയാണ്. തോക്കിന്റെ ചലനാത്മകതയും വെടിയുതിര്‍ക്കാനുള്ള ദൂരപരിധിയും തമ്മില്‍ അന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്നതാണ് പ്രധാന കാര്യങ്ങളിലൊന്ന്.

എങ്കിലും ധനുഷിന് അതിന്റേതായ പോരായ്മകളുമുണ്ട്. 2013 ഓഗസ്റ്റില്‍ പൊഖ്‌റാനില്‍ പീരങ്കിയുടെ മാതൃക പരീക്ഷിക്കുമ്പോള്‍ തോക്കിന്റെ ബാരലിനകത്തിരുന്ന് ഒരു ഷെല്‍ പൊട്ടിത്തെറിച്ചിരുന്നു. ബാരല്‍ പൊട്ടിത്തെറിക്കുന്നത് ഒരു അസാധാരണ പ്രശ്‌നമല്ല. എന്നാല്‍, അപകടത്തിന് കാരണം ബാരലിന്റെ തകരാറല്ല, വെടിമരുന്നു നിറച്ചതിലെ അപാകത മൂലം ബാരലില്‍ അധിക സമ്മര്‍ദ്ദം അനുഭവപ്പെട്ടതാണെന്ന് കണ്ടെത്തി.

2016 ല്‍ പൊഖ്‌റാനിലും ബാബിനാ റേഞ്ചിലുമാണ് ആദ്യഘട്ട പരീക്ഷണം നടന്നത്. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം അതേ വര്‍ഷം തന്നെ സിയാച്ചിനിലെ സൈനിക ആസ്ഥാനത്ത് നടന്നു. ഈ പരീക്ഷണങ്ങള്‍ക്കായി തോക്ക് മരുഭൂമികളിലും, ഉയരത്തിലുള്ള മലമ്പ്രദേശങ്ങളിലേക്കും സഞ്ചരിച്ചു. ഇത് ധനുഷിന്റെ ചലനാത്മകത തെളിയിക്കുന്നതായിരുന്നു.

പക്ഷേ, ധനുഷ് തന്റെ കഴിവ് തെളിയിക്കുന്ന സമയത്ത് മറ്റൊരു തടസം കൂടിയുണ്ടായി. 2017 ല്‍ ഈ പീരങ്കി തോക്കുകള്‍ക്കായി ചൈനീസ് നിര്‍മിത ബയറിംഗ്‌സ് വിതരണം ചെയ്തതിന് ന്യൂഡെല്‍ഹി ആസ്ഥാനമായ സ്ഥാപനത്തിനെതിരെ സിബിഐ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ജര്‍മനിയിലെ സിആര്‍ബി ആന്‍ട്രീബ്‌സ്റ്റെന്‍ചിക് എന്ന കമ്പനിയുടെ ഉല്‍പ്പന്നമെന്ന പേരിലായിരുന്നു തട്ടിപ്പ്. ഇത് പീരങ്കി വികസന പദ്ധതിയെ കുറെ കാലം അനിശ്ചിതത്വത്തിലാക്കി.

2017 മേയ് മാസത്തില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുമ്പോള്‍, വെടിമരുന്നുകളുപയോഗിച്ച് വെടിവെക്കുന്നതുമൂലം ഉണ്ടാകുന്ന റീകോയില്‍ കുറയ്ക്കുന്നതിന് ബാരലിന്റെ മുകള്‍ ഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന മസില്‍ ബ്രേക്കില്‍ ഒരു ഷെല്‍ തട്ടിയതോടെ തോക്ക് തകരാറിലായി. 2018 ജൂണിലും സമാനമായ അപകടം പിണഞ്ഞു. അതോടെ തോക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ ഭാഗമാക്കുന്ന നടപടി തത്കാലം പിന്‍വലിച്ചു.

ആദ്യ ബാച്ചിലെ 18 ധനുഷ് തോക്കുകള്‍ 2017 ലും 36 തോക്കുകള്‍ 2018 ലും സൈന്യത്തിന് കൈമാറാനായിരുന്നു പരിപാടി. 2019 ല്‍ 60 എണ്ണം കൂടി കൈമാറുന്നതോടെ 114 തോക്കുകളെന്ന ആദ്യ ഓര്‍ഡര്‍ പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ 2018 ജൂണ്‍ മാസത്തിലും പരീക്ഷണ വെടിയുതിര്‍ക്കല്‍ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ആര്‍മിക്ക് അവസാനം തോക്ക് ലഭിക്കുകയും തദ്ദേശീയ വികസനത്തിന് ടിഒടി ഇപ്പോഴും വിജയപ്രദമായ മാതൃകയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.

Categories: FK Special, Slider