സുക്കര്‍ബെര്‍ഗിന്റേതെന്നു തോന്നിപ്പിക്കുന്ന വ്യാജ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍

സുക്കര്‍ബെര്‍ഗിന്റേതെന്നു തോന്നിപ്പിക്കുന്ന വ്യാജ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഡീപ്പ് ഫേക്ക് (deep fake) ടെക്‌നോളജി ഉപയോഗിച്ചു സൃഷ്ടിച്ചതെന്നു കരുതുന്ന ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ വ്യാജ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഇക്കാര്യം വൈസ് എന്ന മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡസ്‌ക്കില്‍ ഇരുന്ന് ഫേസ്ബുക്കിന്റെ ശക്തിയെ കുറിച്ച് അശുഭസൂചകമായ രീതിയില്‍ പ്രസംഗിക്കുന്ന സുക്കര്‍ബെര്‍ഗാണു വീഡിയോയിലുള്ളത്.

‘ ഇക്കാര്യം ഒരു നിമിഷത്തേയ്ക്കു സങ്കല്‍പ്പിക്കുക: ഒരു മനുഷ്യന്, കോടിക്കണക്കിനു വരുന്ന ആളുകളുടെ മോഷ്ടിച്ച ഡാറ്റയുടെ നിയന്ത്രണം, അതും അവരുടെ രഹസ്യങ്ങളെ കുറിച്ച്, അവരുടെ ജീവിതത്തെ കുറിച്ച്, അവരുടെ ഭാവിയെ കുറിച്ചുള്ള വിവരങ്ങളുടെ നിയന്ത്രണം കൈവശം വരുമ്പോഴുള്ള അവസ്ഥയെ കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. ഇത്തരത്തില്‍ എല്ലാവരുടെയും വിവരങ്ങള്‍ എന്റെ കൈവശമുണ്ട്. ഇതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നതു സ്‌പെക്ടറിനോടാണ് (Spectre). ഡാറ്റയുടെ നിയന്ത്രണമുള്ളവനാണു ഭാവിയെ നിയന്ത്രിക്കുന്നതെന്ന് എനിക്കു മനസിലാക്കി തന്നത് സ്്‌പെക്ടറാണെന്ന്’ സുക്കര്‍ബെര്‍ഗ് പറയുന്നതാണു വീഡിയോ. @bill_posters_uk എന്ന പേരുള്ള ഇന്‍സ്റ്റാഗ്രാം എക്കൗണ്ടില്‍ ജൂണ്‍ എട്ടിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ബില്‍ പോസ്റ്റേഴ്‌സ്, ഡാനിയല്‍ ഹോവേ എന്നിവര്‍ ചേര്‍ന്നു അഡ്വര്‍ടൈസിംഗ് കമ്പനിയായ കാനിയുടെ സഹകരണത്തോടെയാണു വീഡിയോ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. വീഡിയോ കാണുമ്പോള്‍ തന്നെ വ്യാജമാണെന്ന് എളുപ്പം മനസിലാകും. സുക്കര്‍ബെര്‍ഗിന്റെ ശബ്ദവും, ചുണ്ടിന്റെ ചലനങ്ങളും കൃത്രിമമാണെന്നു ബോധ്യപ്പെടും. എന്നാല്‍, ഈ കാര്യം ശരിവയ്ക്കുന്നതിനൊപ്പം തന്നെ ഡീപ്പ് ഫേക്ക് ടെക്‌നോളജിയുടെ ദുരുപയോഗത്തില്‍ വര്‍ധിച്ചുവരുന്ന ആശങ്കയെ ഈ സംഭവം ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. ഏറ്റവും കൃത്യതയുള്ള അഥവാ sharp ആയിട്ടുള്ള കണ്ണുകളെ പോലും കബളിപ്പിക്കാന്‍ കഴിവുള്ളവയാണു ഡീപ്പ് ഫേക്ക്‌സ്. ഇന്റര്‍നെറ്റിന്റെ ഇരുണ്ട കോണുകളില്‍ ഡീപ്പ് ഫേക്ക്‌സിനെ നമ്മള്‍ക്കു കാണുവാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ വീഡിയോകളെയാണു പൊതുവേ ഡീപ്പ് ഫേക്ക്‌സ് എന്നു വിശേഷിപ്പിക്കുന്നത്. ട്വിറ്റര്‍, യു ട്യൂബ്, ഇന്‍സ്റ്റാഗ്രാം, റെഡ്ഢിറ്റ് തുടങ്ങിയ നവമാധ്യമങ്ങളെയാണു ഡീപ്പ് ഫേക്ക്‌സ് പ്രധാനമായും ലക്ഷ്യമിടുന്നത്.

വീഡിയോ നീക്കം ചെയ്യില്ലെന്ന് ഇന്‍സ്റ്റാഗ്രാം

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ വ്യാജ വീഡിയോ നീക്കം ചെയ്യില്ലെന്ന് ഇന്‍സ്റ്റാഗ്രാം വക്താവ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റായ വിവരങ്ങളെ പോലെ തന്നെയായിരിക്കും ഞങ്ങള്‍ ഈ കണ്ടന്റ് അഥവാ ഉള്ളടക്കത്തെയും കണക്കാക്കുന്നതെന്നു വക്താവ് പറഞ്ഞു. തേഡ് പാര്‍ട്ടി ഫാക്റ്റ് ചെക്കേഴ്‌സ് (fact-checkers) വീഡിയോയെ തെറ്റായി അടയാളപ്പെടുത്തുകയാണെങ്കില്‍, അത് ഇന്‍സ്റ്റാഗ്രാമിന്റെ recommendation surfaces-ല്‍നിന്നും നീക്കം ചെയ്യുമെന്നും ഇന്‍സ്റ്റാഗ്രാം വക്താവ് പറഞ്ഞു. വസ്തുത പരിശോധിക്കുന്നവരെയാണു ഫാക്റ്റ്‌ചെക്കര്‍മാര്‍ എന്നു വിളിക്കുന്നത്. ഫാക്റ്റ് ചെക്കര്‍മാരെ ഇന്ന് ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയുകയെന്നതാണു ഫാക്റ്റ് ചെക്കിംഗിലൂടെ ലക്ഷ്യമിടുന്നതെങ്കിലും വ്യാജ എക്കൗണ്ടുകള്‍ നീക്കം ചെയ്യല്‍, വാര്‍ത്ത സാക്ഷരത പ്രോത്സാഹിപ്പിക്കല്‍, സ്പാമറുടെ ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ തടയല്‍ എന്നിവയും ഫാക്റ്റ് ചെക്കിംഗിന്റെ ഭാഗമാണ്.

Comments

comments

Categories: FK News