ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 പുറത്തിറക്കി

ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 11.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.99 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സൂപ്പര്‍മോട്ടോ ബൈക്ക് അനാവരണം ചെയ്തത്. ഇന്ത്യയില്‍ മിക്കവാറും വിറ്റുതീര്‍ന്ന ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 939 മോട്ടോര്‍സൈക്കിളിന് പകരമാണ് ഹൈപ്പര്‍മോട്ടാര്‍ഡ് 950 വരുന്നത്. ഈ വിലയില്‍ ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 950 മോട്ടോര്‍സൈക്കിളിന് നേരിട്ടുള്ള എതിരാളികളില്ല.

ഡുകാറ്റി ഹൈപ്പര്‍മോട്ടാര്‍ഡ് 939 ഉപയോഗിക്കുന്ന അതേ 937 സിസി, ‘എല്‍’ ട്വിന്‍ എന്‍ജിനാണ് 950 മോഡലിന് കരുത്തേകുന്നത്. എന്നാല്‍ കംപ്രഷന്‍ അനുപാതം 12.6:1 ല്‍നിന്ന് 13.3:1 ആയി വര്‍ധിച്ചു. അതുകൊണ്ടുതന്നെ കരുത്ത് 4 കുതിരശക്തിയും ടോര്‍ക്ക് ഒരു ന്യൂട്ടണ്‍ മീറ്ററും കൂടി. ഇപ്പോള്‍ 114 എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. പരമാവധി ടോര്‍ക്കിന്റെ 80 ശതമാനവും 3,000 ആര്‍പിഎമ്മില്‍ പുറത്തെടുക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. പുതിയ എക്‌സ്‌ഹോസ്റ്റ് വാല്‍വ് ടൈമിംഗ്, 53 എംഎം ത്രോട്ടില്‍ ബോഡി, പുതിയ ഇന്‍ജെക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റ്, പുതിയ ഹൈഡ്രോളിക് ക്ലച്ച് എന്നിവയും മാറ്റങ്ങളാണ്.

മെക്കാനിക്കല്‍ മാറ്റങ്ങള്‍ കൂടാതെ, പരിഷ്‌കരിച്ച ഫ്രെയിമിലാണ് 950 നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീല്‍ ട്രെല്ലിസ് ട്യൂബുകളുടെ കനം 3 മില്ലി മീറ്ററില്‍നിന്ന് 2.5 മില്ലി മീറ്ററായി കുറച്ചു. ഇതോടെ മോട്ടോര്‍സൈക്കിളിന്റെ ഭാരം 181 കിലോഗ്രാമില്‍നിന്ന് 178 കിലോഗ്രാമായി കുറഞ്ഞു. പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന മര്‍സോക്കി യുഎസ്ഡി ഫോര്‍ക്കുകളും സാക്‌സ് മോണോഷോക്കുമാണ് സ്റ്റാന്‍ഡേഡ് മോഡലിന്റെ സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്. എസ്പി മോഡലിന്റെ മുന്നിലും പിന്നിലും പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഓഹ്‌ലിന്‍സ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു. 6 ആക്‌സിസ് ഐഎംയു, മൂന്ന് സെറ്റിംഗ്‌സ് സഹിതം ബോഷ് കോര്‍ണറിംഗ് എബിഎസ് ഇവോ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. സീറ്റിന് തൊട്ടുതാഴെ എക്‌സ്‌ഹോസ്റ്റ് പൈപ്പ് നല്‍കുന്ന രീതി ഡുകാറ്റി ഒരിക്കല്‍ക്കൂടി അവതരിപ്പിച്ചു.

Comments

comments

Categories: Auto
Tags: Ducati