കമ്പനികളിലെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ പരീക്ഷ പാസാകേണ്ടി വരും

കമ്പനികളിലെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ പരീക്ഷ പാസാകേണ്ടി വരും

ഡയറക്റ്റര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്ര തവണ വേണമെങ്കിലും ഈ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് എത്താവുന്നതാണ്

ന്യൂഡെല്‍ഹി: രാജ്യത്തെ കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണ സംവിധാനത്തില്‍ നിര്‍ണായകമായൊരു പരിഷ്‌കരണ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കമ്പനികളില്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരായി നിയമിക്കപ്പെടുന്നതിനായി ഒരു പരീക്ഷ പാസാകണം എന്ന നിബന്ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ് വ്യക്തമാക്കി. ഡെലോയ്റ്റ് ഹാസ്‌കിന്‍സ് & സെല്‍സിന് വിലക്കേര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് അനിവാര്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഒരു ഓഡിറ്റില്‍ പിശകു പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഇവൈ അനുബന്ധ കമ്പനിക്ക് ഈ മാസം ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കമ്പനിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട ഒരു ഉത്തരവാദിത്തവും സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്കില്ലെന്ന ധാരണയെ തിരുത്താന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. കോര്‍പ്പറേറ്റ് സാക്ഷരത വളര്‍ത്താനും സ്വതന്ത്ര ഡയറക്റ്റര്‍മാരെ അവരുടെ ചുമതലകളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും ബോധവാന്‍മാരാക്കാനുമാണ് ശ്രമിക്കുന്നത്. കോര്‍പ്പറേറ്റ് ലോകത്തെ തട്ടിപ്പുകള്‍ക്ക് ഇതിലൂടെ വലിയ അളവില്‍ തടയിടാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇന്ത്യന്‍ കമ്പനി നിയമം, ധാര്‍മികത, മൂലധന വിപണി മാനദണ്ഡങ്ങള്‍ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന പരിജ്ഞാനം പരിശോധിക്കുന്നതിന് ഓണ്‍ലൈനിലൂടെയാണ് പരീക്ഷ നടത്തുക. നിശ്ചിത സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കണം. ഡയറക്റ്റര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്ര തവണ വേണമെങ്കിലും ഈ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് എത്താവുന്നതാണ്.

നിലവില്‍ കമ്പനികളുടെ ബോര്‍ഡുകളിലുള്ള നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡയറക്റ്റര്‍മാര്‍ക്ക് പരീക്ഷ അഭിമുഖീകരിക്കേണ്ടതില്ല. പക്ഷേ, സര്‍ക്കാര്‍ തയാറാക്കുന്ന ഡാറ്റാബേസില്‍ ഇവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാറിന്റെ ഡാറ്റാ ബേസില്‍ നിന്ന് കമ്പനികള്‍ക്ക് തങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തയാറുള്ള സ്വതന്ത്ര ഡയറക്റ്റര്‍മാരെ തെരഞ്ഞെടുക്കാവുന്നതാണെന്നും ഇന്‍ജെതി ശ്രീനിവാസ് പറയുന്നു.

നിലവിലെ കമ്പനി നിയമ പ്രകാരം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികള്‍ തങ്ങളുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ മൂന്നില്‍ ഒരു ഭാഗമെങ്കിലും സ്വതന്ത്ര ഡയറക്റ്റര്‍മാരെ ഉള്‍പ്പെടുത്തണം. കമ്പനിയുടെ സ്വാധീനത്തെ കുറിച്ച് മേല്‍നോട്ടം നടത്തുന്നതും ന്യൂനപക്ഷ ഓഹരിയുടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഇവരുടെ പ്രധാന ചുമതല. എന്നാല്‍ നിലവില്‍ പല കേസുകളിലും ഇതില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനുള്ളത്.

Comments

comments

Categories: FK News