ചൈനയുടെ പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍

ചൈനയുടെ പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍

യുഎസുമായുള്ള വ്യാപാരയുദ്ധവും സാമ്പത്തിക അനിശ്ചിതത്വങ്ങളും മൂലം ആവശ്യകത ദുര്‍ബലാവസ്ഥയില്‍

ബെയ്ജിംഗ്: ചൈനയിലെ പണപ്പെരുപ്പം ഇക്കഴിഞ്ഞ മേയില്‍ 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. ആഫ്രിക്കന്‍ പന്നിപ്പനി മൂലം പന്നിയിറച്ചിയുടെ വിലയിലും മോശം കാലാവസ്ഥ മൂലം പഴങ്ങളുടെ വിലയിലും ഉണ്ടായ കുതിച്ചു കയറ്റമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുമ്പോഴും ആവശ്യകത ദുര്‍ബലമായി തന്നെ നില്‍ക്കുകയാണ്. യുഎസുമായുള്ള വ്യാപാരയുദ്ധവും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ഇതിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം മേയില്‍ 2.7 ശതമാനമാണെന്ന് ചൈനയുടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏപ്രിലില്‍ 2.5 ശതമാനം റീട്ടെയ്ല്‍ പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയിരുന്നത്. ബ്ലൂംബെര്‍ഗ് സംഘടിപ്പിച്ച സര്‍വെയില്‍ സാമ്പത്തിക വിദഗ്ധര്‍ പങ്കുവെച്ച പൊതു അഭിപ്രായങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പകര്‍ച്ചവ്യാധി പിടിപ്പെട്ടതിനെ തുടര്‍ന്ന് പന്നി മാംസത്തിന്റെ വിതരണത്തില്‍ വലിയ ഇടിവുണ്ടായത് വിവിധ ഭക്ഷണ വിതരണ ശൃംഖലകളിലും ഭക്ഷ്യോല്‍പ്പന്നങ്ങളിലും വിലക്കയറ്റത്തിന് കാരണമായി.

ആഭ്യന്തര തലത്തിലെ ആവശ്യകത പ്രതിഫലിപ്പിക്കുന്ന പ്രൊഡ്യൂസേര്‍സ് പ്രൈസ് ഇന്റക്‌സ് ഏപ്രിലിലെ 0.9 ശതമാനത്തില്‍ നിന്ന് മേയില്‍ 0.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. യുഎസ്- ചൈന വ്യാപാരയുദ്ധം കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ ചൈനയുടെ വളര്‍ച്ചാ വേഗത്തില്‍ കൂടുതല്‍ ഇടിവുണ്ടാകുമെന്നാണ് നോമുറ ഇന്റര്‍നാഷണല്‍ വിലയിരുത്തിയിട്ടുള്ളത്. വിപണിയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുന്നതിനുമായി ചൈന കൂടുതല്‍ ഉത്തേജന നടപടികള്‍ക്ക് തയാറാകുമെന്നാണ് നോമുറയുടെ വിലയിരുത്തല്‍.
ഈ മാസം ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗും യുഎസ് പ്രസിഡന്റ് ഡൊണാര്‍ഡ് ട്രംപും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കും. ദീര്‍ഘകാലമായുള്ള വ്യാപാരത്തര്‍ക്കങ്ങള്‍ ഇരു രാഷ്ട്രത്തലവന്‍മാരും ചര്‍ച്ച ചെയ്‌തേക്കുമെങ്കിലും കരാറുകളിലേക്ക് അത് നീങ്ങാനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ വിരളമാണ്. ജി 20 നിര്‍ണായക കരാറുകള്‍ക്കുള്ള വേദിയല്ലെന്ന് കഴിഞ്ഞദിവസം യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy