കല്‍ക്കരി വൈദ്യുതിനിലയങ്ങള്‍ ശരീരത്തിലെ മെര്‍ക്കുറി കൂട്ടും

കല്‍ക്കരി വൈദ്യുതിനിലയങ്ങള്‍ ശരീരത്തിലെ മെര്‍ക്കുറി കൂട്ടും

കല്‍ക്കരി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളിലെ ജനങ്ങളുടെ ശരീരത്തില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതലായിരിക്കുമെന്ന് പഠനം. ഹൈദരാബാദ് ഐഐടി നടത്തി പഠനത്തിലാണ് ഇക്കാര്യമുള്ളത്. ജല സ്രോതസ്സുകളിലൂടെയാണ് മെര്‍ക്കുറിയുടെ അളവ് ശരീരത്തില്‍ പ്രവേശിക്കുന്നത്. ഹൈദരാബാദ്, വാസ്‌കോ ഡ ഗാമ, നെല്ലൂര്‍ എന്നീ മൂന്ന് നഗരങ്ങളെയാണ് ഗവേഷണസംഘം പഠനത്തിനായി തിരഞ്ഞെടുത്തത്. നഗരവാസികളായ 600ല്‍പ്പരം പേരുടെ ശരീരസാംപിളുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. അന്തരീക്ഷത്തില്‍ മെര്‍ക്കുറി പുറംതള്ളുന്ന ഏറ്റവും വലിയ സ്ഥാപനങ്ങളാണ് കല്‍ക്കരിവൈദ്യുതിനിലയങ്ങള്‍. 2020 ഓടെ ഇന്ത്യയിലെ മെര്‍ക്കുറി പുറംതള്ളല്‍ 540 ടണ്‍ ആകും. വര്‍ത്തമാനകാലത്ത് മനുഷ്യരില്‍ മെര്‍ക്കുറിയുടെ അംശം കടന്നു കയറുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ്. പ്രത്യേകിച്ച് മീന്‍, അരി എന്നിവയില്‍ നിന്നാണിത് സംഭവിക്കുന്നത്.

കല്‍ക്കരി നിലയങ്ങള്‍ പുറംതള്ളുന്ന വിനാശകരമായ മെര്‍ക്കുറി മണ്ണിലും വെള്ളത്തിലും കലരുന്നു. മെര്‍ക്കുറിമാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന വയലുകളിലും ജലാശയങ്ങളിലും വളരുന്ന ഇവയിലൂടെ മനുഷ്യശരീരത്തില്‍ ഈ രാസമാലിന്യം പ്രവേശിക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന മനുഷ്യാവയവങ്ങള്‍ ശ്വാസകോശവും വൃക്കകളും ഹൃദയവുമാണെന്ന് ഐഐടി ഹൈദരാബാദിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആസിഫ് ഖുറേഷി ചൂണ്ടിക്കാട്ടുന്നു. വിഷകരമായ മെര്‍ക്കുറി കുട്ടികളെയാണ് അധികം ബാധിക്കുന്നത്. സാവധാനത്തിലാണ് ഇതിന്റെ വിഷം ശരീരത്തില്‍ കയറുക. ചെറിയ അളവ് മെര്‍ക്കുറിപോലും വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാഡീവ്യൂഹം, രോഗപ്രതിരോധശേഷി, കരള്‍, വൃക്ക, തൊലി, കണ്ണ് എന്നിവയെയെല്ലാം മെര്‍ക്കുറി ബാധിക്കും. പൊതുജനാരോഗ്യത്തിന് ഭീഷണിയായ 10 രാസപദാര്‍ഥങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന മെര്‍ക്കുറിയെ കണക്കാക്കിയിട്ടുണ്ട്. ഐഐടി പഠനത്തില്‍ പരിശോധനയ്ക്കു വിധേയരാക്കിയവരില്‍ ഏതാണ്ട് 5.5% പേരില്‍ നിലവിലെ യുഎസ്- ഇപിഎ നിര്‍ദേശിച്ച പരിധിക്കു മുകളിലുള്ള മെര്‍ക്കുറി കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: Health