ജൂലൈ 15 ന് ഇന്ത്യ വീണ്ടും ചന്ദ്രനിലേക്ക്

ജൂലൈ 15 ന് ഇന്ത്യ വീണ്ടും ചന്ദ്രനിലേക്ക്
  • സെപ്റ്റംബര്‍ ആറിന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും
  • ചന്ദ്രനിലെ രാസഘടന പരിശോധിക്കുക പ്രധാന ദൗത്യം
  • ബഹിരാകാശ പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ആദ്യമായി പുറത്തുവിട്ടു

ബെംഗളൂരു: ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി അടുത്തമാസം ഇന്ത്യ വീണ്ടും ബഹിരാകാശത്തേക്ക് പറക്കും. രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായി ചന്ദ്രയാന്‍-2 ബഹിരാകാശ പേടകം ജൂലൈ 15ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് പുലര്‍ച്ചെ 2.51 നായിരിക്കും ചന്ദ്രയാന്‍-2 നെയും വഹിച്ചു കൊണ്ട് ജിഎസ്എല്‍വി എംകെ III റോക്കറ്റ് കുതിച്ചുയരുക. സെപ്റ്റംബര്‍ ആറിന് പേടകം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പേടകത്തിന്റെ സജ്ജീകരണങ്ങള്‍ ബംഗളൂരുവിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായി വരികയാണ്. ആന്റിനയുടെയും മറ്റും അന്തിമ പരീക്ഷണമാണ് പുരോഗമിക്കുന്നത്. ഇതിനു ശേഷം ശ്രീഹരിക്കോട്ട ദ്വീപിലേക്ക് പേടകം കൊണ്ടുപോകും. പ്രത്യേകം ക്ഷണിച്ച മാധ്യമ പ്രവര്‍ത്തകരിലൂടെ ആദ്യ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

ഇതുവരെ ബഹിരാകാശ പര്യവേക്ഷണങ്ങളൊന്നും നടക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ചന്ദ്രന്റെ രാസഘടനയെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണ് പ്രധാന ദൗത്യം. 10 വര്‍ഷം മുന്‍പ് വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്‍-1 നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലുള്ള തുടര്‍ പരിശോധനകളും നടക്കും. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ബെംഗളൂരുവില്‍ തയാറാവുന്ന ഓര്‍ബിറ്ററിന്റെയും ലാന്‍ഡറിന്റെയും ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടിരിക്കുന്നത്. ചെന്നൈയിലെ കേന്ദ്രത്തിലാണ് റോവര്‍ തയാറാക്കുന്നത്.

ഓര്‍ബിറ്ററില്‍ എട്ട് പേലോഡുകളാണ് ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ വഹിക്കുക. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഇമേജിംഗ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററും (ഐഐആര്‍എസ്) ഇതിന്റെ ഭാഗമാണ്. അഞ്ച് കാലുകളുള്ള ലാന്‍ഡറിന്റെ (വിക്രം) ഉള്ളിലാണ് പര്യവേക്ഷണ ഉപകരണമായ റോവര്‍ (പ്രഗ്യാന്‍) ഘടിപ്പിക്കുക. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍ഡര്‍ വെര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യും. ശേഷം റോവര്‍ പുറത്തെത്തി പര്യവേക്ഷണങ്ങള്‍ നടത്തുകയും വിവരങ്ങള്‍ ഭൂമിയിലെ ദൗത്യ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്യും. ചന്ദ്രന്റെ ഉപരിതല സാന്ദ്രതയും മാറ്റങ്ങളും അടക്കാനുള്ള ഉപകരണമായ രംഭ, ദക്ഷിണ ധ്രുവത്തിലെ താപനില അളക്കാനുള്ള ചാസ്റ്റ്, ഭൂചലനം അളക്കാനുള്ള ഐഎല്‍എസ്എ എന്നിവയാണ് ലാന്‍ഡറിനോട് ഘടിപ്പിച്ചിരിക്കുന്നത്.

സ്ത്രീശക്തി

രണ്ട് വനിതകള്‍ നിയന്ത്രിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഗവേഷണ ദൗത്യമാകും ചന്ദ്രയാന്‍-2. ചന്ദ്രയാന്‍-2 ന്‍രെ പ്രൊജക്റ്റ് ഡയറക്റ്റര്‍ എം വനിതയും മിഷന്‍ ഡയറക്റ്റര്‍ ഋതു കരിധാലുമാണ്. രണ്ടാം ചന്ദ്ര ദൗത്യത്തിന്റെ ഭാഗമായ ശാസ്ത്രജ്ഞരില്‍ 30 ശതമാനം വനിതകളാണ്. ചന്ദ്രയാന്‍-1, മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവയിലും വനിതാ ഗവേഷകര്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പ്രകീര്‍ത്തിച്ചു.

Categories: FK News, Slider
Tags: chandrayan 2