ബിഎസ് 6 പാലിക്കുന്ന ഹോണ്ട ആക്റ്റിവ 125 വരുന്നു

ബിഎസ് 6 പാലിക്കുന്ന ഹോണ്ട ആക്റ്റിവ 125 വരുന്നു

പിജിഎം-എഫ്‌ഐ, ഇ-എസ്പി സാങ്കേതികവിദ്യകള്‍ നല്‍കി

ന്യൂഡെല്‍ഹി : ഹോണ്ട തങ്ങളുടെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനം അനാവരണം ചെയ്തു. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) ആക്റ്റിവ 125 സ്‌കൂട്ടറാണ് പ്രദര്‍ശിപ്പിച്ചത്. ബിഎസ് 6 പാലിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഇരുചക്ര വാഹനമാണ് ഹോണ്ട ആക്റ്റിവ 125. ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട് മോട്ടോര്‍സൈക്കിളാണ് ആദ്യ ഇരുചക്ര വാഹനം. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

26 പുതിയ പാറ്റന്റ് അപേക്ഷകളോടെയാണ് ബിഎസ് 6 ആക്റ്റിവ 125 വികസിപ്പിച്ചതെന്ന് ഹോണ്ട പറഞ്ഞു. 125 സിസി എന്‍ജിന്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഹോണ്ടയുടെ പിജിഎം-എഫ്‌ഐ (പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍), എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇ-എസ്പി) സാങ്കേതികവിദ്യകള്‍ നല്‍കിയിരിക്കുന്നു. ജ്വലന ക്ഷമത വര്‍ധിപ്പിച്ച് എനര്‍ജി ഔട്ട്പുട്ട് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

പുതിയ സ്റ്റാര്‍ട്ടര്‍ സിസ്റ്റം, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം തുടങ്ങിയവ ഇപ്പോള്‍ നല്‍കിയിരിക്കുന്നു. തല്‍സമയ ഇന്ധനക്ഷമത, ഡിസ്റ്റന്‍സ്-ടു-എംപ്റ്റി എന്നിവ ഡിസ്‌പ്ലേ ചെയ്യുന്നതാണ് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പ് എന്നിവയും പരിഷ്‌കാരങ്ങളാണ്.

ആറ് വര്‍ഷ വാറന്റിയോടെയാണ് പുതിയ ഹോണ്ട ആക്റ്റിവ 125 വരുന്നത്. സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാറന്റി. മൂന്ന് വര്‍ഷ സ്റ്റാന്‍ഡേഡ് വാറന്റി കൂടാതെ മൂന്ന് വര്‍ഷത്തെ ഓപ്ഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റിയാണ് ഹോണ്ട ഓഫര്‍ ചെയ്യുന്നത്. ഈ വര്‍ഷം സെപ്റ്റംബറോടെ ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന്റെ വില്‍പ്പന ആരംഭിക്കും.

Comments

comments

Categories: Auto