ഓട്ടോ മേഖലയിലെ പ്രതിസന്ധി

ഓട്ടോ മേഖലയിലെ പ്രതിസന്ധി

32 ദശലക്ഷം പേര്‍ തൊഴിലെടുക്കുന്ന ഓട്ടോമൊബീല്‍ രംഗം കടുത്ത പ്രതിസന്ധിയിലാണ്. കാറിന് മുകളിലുള്ള നികുതി ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായേ മതിയാകൂ. വിപണിയിലെ പണമൊഴുക്ക് കൂട്ടുകയും വേണം

നിര്‍മാണത്തിന് ശേഷം വാഹനങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന ദുരവസ്ഥയിലാണ് ഇന്ത്യയുടെ ഓട്ടോമൊബീല്‍ രംഗം. അടുത്തിടെ ഒരു പ്രമുഖ ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 500,000 പാസഞ്ചര്‍ വാഹനങ്ങളും മൂന്ന് ദശലക്ഷം ഇരുചക്ര വാഹനങ്ങളും വിറ്റഴിയാതെ കിടക്കുകയാണ്. ഫലമോ, രാജ്യത്തെ 10 വന്‍കിട വാഹനനിര്‍മാണ കമ്പനികളില്‍ ഏഴെണ്ണവും തങ്ങളുടെ പല ഫാക്റ്ററികളും താല്‍ക്കാലികമായെങ്കിലും പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു.

അല്‍പ്പം ഗൗരവതരമാണ് കാര്യങ്ങള്‍. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് വാഹന നിര്‍മാണ മേഖല അഭിമുഖീകരിക്കുന്നത്. 32 ദശലക്ഷം പേര്‍ തൊഴിലെടുക്കുന്ന ഈ വ്യവസായം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് അഞ്ച് ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിയാതെ കിടക്കുന്നുവെന്ന കണക്കുകള്‍.

ഏപ്രില്‍ ജൂണ്‍ പാദത്തില്‍ പല കമ്പനികളും ഒന്നോ അധിലധികമോ ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം മേയ് മാസത്തെ വില്‍പ്പന കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയിരുന്നു. തുടര്‍ച്ചയായി 11 മാസങ്ങളില്‍ ഓട്ടോ മേഖലയിലെ വില്‍പ്പനയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായി നാലാം മാസവും രാജ്യത്തെ പ്രധാന വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 18.1 ശതമാനം കുറവാണ് മാരുതി വരുത്തിയിരിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പാരിസ്ഥിതിക നിയമങ്ങളുമെല്ലാം പാലിക്കാന്‍ കമ്പനികള്‍ പെടാപ്പാടു പെടുന്നതായാണ് വ്യക്തമാകുന്നത്. ഇതനുസരിച്ച് കാര്‍ മോഡലുകള്‍ക്ക് വില കൂട്ടുമ്പോള്‍ വാങ്ങാന്‍ വരുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു. ജൂലൈ ഒന്നിന് ശേഷം നിര്‍മിക്കപ്പെടുന്ന എല്ലാ കാറുകളിലും എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഓഡിയോ അലാം സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 2019 ഒക്‌റ്റോബര്‍ മുതല്‍ പുതിയ ക്രാഷ് ടെസ്റ്റ് മാനഡണ്ഡങ്ങളും നടപ്പില്‍ വരും.

ഭാരത് സ്റ്റേജ് VI നിലവാരമുള്ള വാഹനങ്ങളും ഇന്ധനവും 2020 ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നതും കമ്പനികളുടെ ചെലവ് കൂട്ടിയിട്ടുണ്ട്. ഭാരത് സ്റ്റേറ്റ് VI നിലവാരത്തിലേക്ക് അടുത്ത വര്‍ഷം ഏപ്രിലിന് മുമ്പ് മാറുന്നതിന് വലിയ സമ്മര്‍ദമാണ് ഓട്ടോ കമ്പനികള്‍ അനുഭവിക്കുന്നത്. യൂറോപ്യന്‍ മാനദണ്ഡങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഭാരതം നിശ്ചയിച്ചിരിക്കുന്ന വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ അളവാണ് ഭാരത് സ്‌റ്റേറ്റ്. പെട്രോളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പുറംതള്ളാവുന്ന മലിനീകരണഘടകങ്ങളുടെ അളവാണ് ഭാരത് സ്റ്റേജ് നിലവാരങ്ങള്‍ കൊണ്ട് സൂചിപ്പിക്കുന്നത്.

സാമ്പത്തികരംഗത്തെ മന്ദത കൂടി ഇതിനോട് ചേരുമ്പോള്‍ കാര്യങ്ങള്‍ രൂക്ഷമാകുന്നു. അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന അംഗീകാരം ഇന്ത്യക്ക് നഷ്ടമായത്. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്നു അത്. ഓട്ടോ മേഖലയ്ക്കുള്ള നികുതിയാണ് മറ്റൊരു പ്രധാന വിഷയം. നിലവില്‍ 28 ശതമാനം ജിഎസ്ടി (ചരക്കു സേവന നികുതി)യാണ് ഓട്ടോ മേഖലയ്ക്ക് മേല്‍ ചുമത്തുന്നത്. ഇത് വളരെ കൂടുതലാണെന്നാണ് ഈ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നത്. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ജിഎസ്ടി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്നാണ് കരുതപ്പെടുന്നത്. ബജറ്റില്‍ സാമ്പത്തിക ക്രയവിക്രയം ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളുണ്ടായാല്‍ അതും മേഖലയ്ക്ക് ഗുണം ചെയ്യും.

Categories: Editorial, Slider