ഉറക്കം കളയുന്ന ആപ്പുകള്‍

ഉറക്കം കളയുന്ന ആപ്പുകള്‍

ഉറക്കം കിട്ടാന്‍ ഉപയോഗിക്കുന്ന മൊബീല്‍ ആപ്പുകള്‍ വിപരീതഫലം ഉളവാക്കുന്നുവെന്ന് വിദഗ്ധര്‍

ഉറക്കമുണരാന്‍ അലാറം വെക്കുന്നതു പോലെ സമയത്തിന് ഉറങ്ങാനും ഇന്നു പലവിധ ആപ്ലിക്കേഷനുകള്‍ മൊബീല്‍ ഫോണുകളിലുണ്ട്. ഇത്തരം സ്ലീപ്പ് ട്രാക്കിങ് ആപഌക്കേഷനുകള്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നതായാണു റിപ്പോര്‍ട്ട്. ഇത്തരം ആപ്പുകളുടെ ഉപയോഗം ഉല്‍ക്കണ്ഠയും നിദ്രാഭംഗവും ഉണ്ടാക്കുമെന്ന് ന്യൂറോളജിസ്റ്റുകള്‍ മുന്നറിയിപ്പു തരുന്നു. മുന്‍കൂട്ടി സമയക്രമം തീരുമാനിച്ചു കൊണ്ട് ഉറക്കത്തെ സമീപിക്കുന്നത് നേരേ വിപരീതഫലമാണുണ്ടാക്കുകയെന്ന് ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിദഗ്ധനായ ലണ്ടനിലെ ഗൈ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റായ ഡോ. ഗൈ ലെഴ്‌സിനര്‍ പറയുന്നു.

ഉറക്കം വരാനായി സ്ലീപ്പ് ട്രാക്കേഴ്‌സും മറ്റ് കാര്യങ്ങളും ഉപയോഗിച്ചതിനെ തുടര്‍ന്ന് നിദ്രാഭംഗവും മറ്റ് ഉറക്ക തകരാറുകളും വളര്‍ത്തിയെടുത്ത ഒരുപാട് ആളുകളെ കണ്ടിട്ടുണ്ടെന്ന് ലെഴ്‌സിനര്‍ വ്യക്തമാക്കുന്നു. എങ്ങനെയെങ്കിലും ഉറക്കം കിട്ടിയാല്‍ മതിയെന്ന് നിലയിലാണ് അവര്‍ ഉറക്കം വരാന്‍ ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്. തന്റെ ക്ലിനിക്കില്‍ വരുന്ന രോഗികളില്‍ മിക്കവാറും പേര്‍ ഇത്തരം അനേരാഗ്യ ഉറക്കശീലങ്ങളുടെ ഇരകളാണെന്ന് അദ്ദേഹം പറയുന്നു. ഉറങ്ങാന്‍ വേണ്ടി വേണ്ടി ഡൗണ്‍ലോഡ് ചെയ്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യാനും അവര്‍ക്കു പറ്റുന്നില്ല. അത് ഉപയോഗിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മിക്ക ആപ്ലിക്കേഷനുകളും ഗുണകരമാണോയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തവയാണെന്ന് ലെഴ്‌സിനര്‍. ഇവ ട്രാക്ക് മാത്രം ചെയ്യുന്നവയാണ്, അതിനാല്‍ത്തന്നെ ഉറക്കത്തിന്റെ ഗുണനിലവാരത്തില്‍ കാര്യമായി എന്തെങ്കിലും സംഭാവന ചെയ്യുന്നുവെന്നു കരുതാനുമാകില്ല. ഇത്തരം ആപ്പുകള്‍ തീരെ ഗുണകരമല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. രാത്രി ശരിക്ക് ഉറക്കം കിട്ടാതിരിക്കുകയും രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നതേ ക്ഷീണത്തോടെയാണെങ്കില്‍ എന്തോ ഒരു പ്രശ്‌നമുണ്ടെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. എല്ലാ ദിവസവും ഉണരുമ്പോള്‍ നവോന്മേഷം ലഭിക്കുകയും ദിവസം മുഴുവന്‍ ഒരേ ഊര്‍ജത്തോടെ ഉണര്‍ന്നിരിക്കുകയും രാത്രി കൃത്യസമയത്ത് ഉറങ്ങാന്‍ സാധിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുവെന്നാണര്‍ത്ഥം. ഉറക്കം വരാന്‍ നിങ്ങള്‍ ഒരു ആപ്ലിക്കേഷനെയും ആശ്രയിക്കേണ്ടതില്ല.

കഴിഞ്ഞ വര്‍ഷം ഷിക്കാഗോയില്‍ ഒരു സംഘം നടത്തിയ പഠനപരമ്പരയില്‍ സമാനമായ ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു. ഉറക്കം വരാനായി മൊബീല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന രോഗികളില്‍ ഓര്‍ത്തോസോംനിയ എന്ന അസ്വാസ്ഥ്യം കാണപ്പെടുന്നതിനെപ്പറ്റിയായിരുന്നു ആശങ്ക ഉയര്‍ന്നത്. ഒരു സാധാരണ വ്യക്തി ഏകദേശം എട്ടുമണിക്കൂറോളം ഉറങ്ങണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് ഓരോ വ്യക്തിയുടെയും കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. കുറഞ്ഞ സമയം ഉറങ്ങുന്നവരില്‍ ഉറക്കം കുറവാണെന്ന ഒരു ജാഗ്രത സ്വാഭാവികമായും ഉണ്ടായിരിക്കും. ഇത് അവരില്‍ വളരുന്തോറും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ആശങ്ക ഉണ്ടാകാനിടയുണ്ട്. ഈ സ്ഥിതിവിശേഷമാണ് ഒാര്‍ത്തോസോംനിയ എന്നറിയപ്പെടുന്നത്.

എല്ലാവരിലും ഉറക്ക രീതികളും സമയവും വിഭിന്നമായിരിക്കാം. അതിനാല്‍ നിങ്ങള്‍ ഒരു പൊതു സ്ലീപ് ട്രാക്കര്‍ ഉപയോഗിക്കുകയാണെങ്കില്‍, വ്യക്തിപരമായി ഉറക്കം ലഭിച്ചിട്ടില്ലെന്ന് തോന്നുന്ന പക്ഷം അത് നിങ്ങളെ വിഷമിപ്പിക്കാന്‍ തുടങ്ങും. ചില കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി) ആപഌക്കേഷനുകള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ ഉറക്കമില്ലായ്മ ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തിന്റെ ലക്ഷണമാണ് സുഖസുഷുപ്തി. സാങ്കേതികവിദ്യ എത്ര ഉപയോഗിച്ചാലും എത്ര പരിശീലിച്ചാലും സ്വാഭാവികമായി ഉറക്കം പുല്‍കുന്നതിനു തുല്യമാകില്ല അത്.

Comments

comments

Categories: Health
Tags: Sleeping