ആപ്പിള്‍ ഇന്ത്യയിലേക്ക് ചേക്കേറിയേക്കും

ആപ്പിള്‍ ഇന്ത്യയിലേക്ക് ചേക്കേറിയേക്കും

ആപ്പിളില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ നിര്‍മാണം ചൈനക്ക് പുറത്തേക്ക് മാറ്റാന്‍ തയാറാണെന്ന് ഫോക്്സ്‌കോണ്‍

തായ്‌പെയ്: യുഎസ്-ചൈന വ്യാപാരയുദ്ധം കൂടുതല്‍ പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെങ്കില്‍ നിര്‍മാണ യൂണിറ്റുകള്‍ ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ആപ്പിള്‍ സൂചന നല്‍കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ടെക് കമ്പനികളെ മാടിവിളിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ആവേശകരമാണ് റിപ്പോര്‍ട്ട്. ചൈനയ്ക്ക് പുറത്തേക്ക് നിര്‍മാണം നീക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും യുഎസ് വിപണിയെ ആധാരമാക്കി ആപ്പിള്‍ നടത്തുന്ന ഏത് നീക്കത്തെയും പിന്തുണക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് കമ്പനിയുടെ ചൈനയിലെ നിര്‍മാണ പങ്കാളിയായ ഫോക്‌സ്‌കോണ്‍ (ഹോണ്‍ ഹായ്) വ്യക്തമാക്കി. ഉല്‍പ്പാദന സംവിധാനങ്ങളുടെ 25 ശതമാനവും ചൈനയ്ക്ക് പുറത്താണെന്ന് ഫോക്‌സ്‌കോണിന്റെ അര്‍ധചാലക വിഭാഗം മേധാവി യംഗ് ലിയു പറഞ്ഞു.

ആപ്പിളിന്റെ ബിസിനസില്‍ ചൈന പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഐഫോണുകളുടെയും ഐപാഡുകളുടെയും ഏറ്റവും വലിയ അന്താരാഷ്ട്ര വിപണികൂടിയാണ് ചൈന. എന്നാല്‍ യുഎസും ചൈനയും തമ്മില്‍ ആരംഭിച്ച വ്യാപാര സംഘര്‍ഷം കമ്പനിയുടെ വരുമാനവും വില്‍പ്പനയും വന്‍തോതില്‍ ഇടിച്ചിട്ടുണ്ട്.

ഐഫോണ്‍ എക്‌സ്ആര്‍ സീരിസിന്റെ പരീക്ഷണ ഉപയോഗം ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നടത്തി വരികയാണ്. ചെന്നൈയില്‍ ഉല്‍പ്പാദന ശാലയില്‍ ഈ സീരിസ് ഫോണുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാനും കമ്പനി തയാറെടുക്കുകയാണ്. ബെഗളൂരുവിലെ വിസ്ട്രണ്‍ പ്ലാന്റില്‍ ആപ്പിളിന്റെ പഴയ മോഡല്‍ ഫോണുകള്‍ നിലവില്‍ സംയോജിപ്പിച്ചു വരുന്നുണ്ട്.

Categories: FK News, Slider
Tags: Apple