ചൈനയില്‍ 5 ജി ഉപയോഗിച്ച് വിദൂര നിയന്ത്രിത ശസ്ത്രക്രിയ

ചൈനയില്‍ 5 ജി ഉപയോഗിച്ച് വിദൂര നിയന്ത്രിത ശസ്ത്രക്രിയ

ടെലികോം സാങ്കേതികവിദ്യാരംഗത്തെ ഏറ്റവും വേഗതയേറിയ 5ജി ശൃംഖലാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ചൈന മറ്റു രാജ്യങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ആധുനിക ഗാഡ്‌ജെറ്റുകള്‍ മുതല്‍ ഉപഗ്രഹ, വൈദ്യശാസ്ത്ര രംഗം വരെയുള്ള വിപുലമായ മേഖലകളില്‍ 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലാണ് അവരുടെ ശ്രദ്ധ. ഇതില്‍ ഏറ്റവും പുതിയ ചുവടുവെപ്പാണ് കഴിഞ്ഞ ദിവസം രാജ്യത്തു നടന്നത്.

വിദൂര വനമേഖലാജില്ല, ഷെന്നോംഗ്ജിയയിലെ ആശുപത്രിയിലെ ശസ്ത്രക്രിയ, 200 കിലോമീറ്റര്‍ ദൂരെ, ഷിയാന്‍ നഗരത്തിലെ തായ്‌ഹെ ആശുപത്രിയിലെ വിദഗ്ധഡോക്റ്റര്‍മാര്‍ തല്‍സമയം നിയന്ത്രിച്ചു. പിത്താശയ സഞ്ചി ശസ്ത്രക്രിയയാണ് 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായി നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പിത്താശയസഞ്ചി നീക്കം ചെയ്യാനായി. 5ജി ലൈസന്‍സ് നേടിയ നാലു കമ്പനികള്‍ ആറാംതിയതി മുതല്‍ സേവനം ആരംഭിച്ചിരിക്കുകയാണ്. നെറ്റ്‌വര്‍ക്ക് മുറിയുകയോ വൈകുകയോ ചെയ്യാതിരുന്നതാണ് ശസ്ത്രക്രിയ സുഗമമായി, കൃത്യസമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്. രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു.

ശസ്ത്രക്രിയയുടെ വ്യക്തമായ വീഡിയോകളും ചിത്രങ്ങളും കൈമാറാന്‍ 5ജി ശൃംഖലയ്ക്കു സാധിച്ചു. ദൂരെ നിന്ന് ശസ്ത്രക്രിയ നിയന്ത്രിക്കുന്ന ഡോക്റ്റര്‍മാരുടെ സഹകരണം ഫലവത്താക്കാന്‍ ഇതിനു കഴിഞ്ഞു. ഗതാഗതവും വിനോദവും ആരോഗ്യപരിചരണവും പോലുള്ള മേഖലകളില്‍ പൊതുജനാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചൈന 5 ജി നെറ്റ് വര്‍ക്ക് നടപ്പിലാക്കുന്നുണ്ട്. ഇതുവരെ 300ഓളം 5ജി ബെയ്‌സ് സ്റ്റേഷനുകള്‍ ഹൂബി ടെലികോം കമ്പനി നിര്‍മിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം 5ജി സിഗ്‌നല്‍ കവറേജ് കൈവരിക്കാനുമായിട്ടുണ്ട്. തലസ്ഥാന നഗരമായ ബീജിംഗില്‍ 4,300ഓളം 5 ജി ബേസ് സ്റ്റേഷനുകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇത് രാജ്യത്ത് അതിവേഗ ടെലികോം നെറ്റ്‌വര്‍ക്ക് സാധ്യമാക്കും. നിലവിലെ 4 ജി എല്‍ടിഇ നെറ്റ്‌വര്‍ക്കിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വേഗതയുള്ള ഡൗണ്‍ലോഡ് സാധ്യമാക്കുന്ന വരും തലമുറ സെല്ലുലാര്‍ സാങ്കേതികവിദ്യയാണ് 5ജി.

Comments

comments

Categories: FK News