മൂന്ന് സ്‌കൂട്ടറുകള്‍ പുറത്തിറക്കി 22 കിംകോ പ്രവര്‍ത്തനമാരംഭിച്ചു

മൂന്ന് സ്‌കൂട്ടറുകള്‍ പുറത്തിറക്കി 22 കിംകോ പ്രവര്‍ത്തനമാരംഭിച്ചു

തായ്‌വാന്‍ കമ്പനിയായ കിംകോയും ഇന്ത്യന്‍ കമ്പനിയായ 22 മോട്ടോഴ്‌സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് 22 കിംകോ

ന്യൂഡെല്‍ഹി : 22 കിംകോ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്ന് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ഐ-ഫ്‌ളോ സ്‌കൂട്ടറിന് 90,000 രൂപയും ലൈക്ക് 200 സ്‌കൂട്ടറിന് 1.30 ലക്ഷം രൂപയും എക്‌സ്-ടൗണ്‍ 300ഐ എബിഎസ് സ്‌കൂട്ടറിന് 2.30 ലക്ഷം രൂപയുമാണ് ഡെല്‍ഹി ഓണ്‍ റോഡ് വില. തായ്‌വാന്‍ കമ്പനിയായ കിംകോയും ഇന്ത്യന്‍ കമ്പനിയായ 22 മോട്ടോഴ്‌സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് 22 കിംകോ.

22 കിംകോയുടെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ദേശീയ തലസ്ഥാന മേഖലയില്‍ ഉള്‍പ്പെടുന്ന ഭിവാഡിയിലാണ് സ്ഥാപിക്കുന്നതെന്ന് കിംകോ അറിയിച്ചു. പ്രതിവര്‍ഷം രണ്ട് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ഐ-ഫ്‌ളോ, ലൈക്ക് 200, എക്‌സ്-ടൗണ്‍ 300ഐ സ്‌കൂട്ടറുകള്‍ പൂര്‍ണ്ണമായും ഈ പ്ലാന്റില്‍ നിര്‍മ്മിക്കും. ഇന്ത്യയിലെ റോഡ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതാണ് 22 കിംകോയുടെ എല്ലാ മോഡലുകളുമെന്ന് കിംകോ ചെയര്‍മാന്‍ അലന്‍ കോ പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടറാണ് ഐ-ഫ്‌ളോ. രണ്ട് ബാറ്ററികളാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. ഓരോ ബാറ്ററിയും 30-40 കിലോമീറ്റര്‍ റേഞ്ച് സമ്മാനിക്കും. ദേശീയ തലസ്ഥാന മേഖലയില്‍ 14 അയോണക്‌സ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കിംകോ അറിയിച്ചു. ബാറ്ററിയുടെ ചാര്‍ജ് തീരുമ്പോള്‍ തൊട്ടടുത്ത അയോണക്‌സ് സ്‌റ്റേഷനില്‍ പോയി ചാര്‍ജ് ചെയ്ത ബാറ്ററി വാടക നല്‍കി ഉപയോഗിക്കാവുന്നതാണ്. ബാറ്ററിയുടെ വില ഉള്‍പ്പെടുത്താതെയാണ് ഐ-ഫ്‌ളോ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍ക്കുന്നത്.

ലൈക്ക് 200, എക്‌സ്-ടൗണ്‍ 300ഐ എബിഎസ് എന്നിവ പെട്രോള്‍ എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. റെട്രോ ലുക്കിലുള്ള സ്‌കൂട്ടറാണ് ലൈക്ക് 200. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. സ്‌പോര്‍ട്ടി ലുക്കില്‍ വരുന്ന മാക്‌സി സ്‌കൂട്ടറാണ് എക്‌സ്-ടൗണ്‍ 300ഐ എബിഎസ്. സുഖപ്രദമായ യാത്ര ഉറപ്പാക്കുന്ന സ്‌കൂട്ടറില്‍ ദീര്‍ഘദൂര യാത്ര പോകാം. രണ്ട് ഫുള്‍ ഫേസ് ഹെല്‍മറ്റുകള്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ് സ്റ്റോറേജ് സ്‌പേസ്.

ആദ്യ ഘട്ടത്തില്‍ ന്യൂ ഡെല്‍ഹി, ബെംഗളൂരു, പുണെ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് 22 കിംകോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 300 ടച്ച് പോയന്റുകളാണ് ലക്ഷ്യം. ഇന്ത്യയിലുടനീളം ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനാണ് പദ്ധതി.

Comments

comments

Categories: Auto
Tags: 2 Kymco