വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം പണമായി പിന്‍വലിച്ചാല്‍ നികുതി

വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം പണമായി പിന്‍വലിച്ചാല്‍ നികുതി

കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: നോട്ടായി പിന്‍വലിക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തേടുന്നു. രാജ്യത്ത് നോട്ട് ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വര്‍ഷത്തില്‍ പത്ത് ലക്ഷത്തിലധികം രൂപ പണമായി പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. പണം പിന്‍വലിച്ചവരെ എളുപ്പം കണ്ടെത്താനും ഇവര്‍ നികുതി അടയ്ക്കുന്നുണ്ടോ എന്നി പരിശോധിക്കാനും ഇത് സഹായിക്കും. സവിശേഷ തിരിച്ചറിയല്‍ നമ്പര്‍, ഒറ്റത്തവണ പാസ്‌വേര്‍ഡ് എന്നിവ ഉള്‍പ്പെടുന്നതിനാല്‍ ആധാര്‍ ദുരുപയോഗം ചെയ്ത് പണം എടുക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലെ ഗുണഭോക്താവ് ആധാര്‍ ഉപയോഗിച്ച് രസീതുകള്‍ ആധികാരികമാക്കേണ്ടതുണ്ട്. പക്ഷെ, അഞ്ച് ലക്ഷം രൂപ വരെ പിന്‍വലിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പൊതുവെ വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും വര്‍ഷത്തില്‍ പത്ത് ലക്ഷത്തില്‍ കൂടുതല്‍ തുക നോട്ടായി പിന്‍വലിക്കേണ്ടി വരില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

ജൂലൈ അഞ്ചിന് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം വെച്ചിട്ടുള്ളത്. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. രാജ്യത്തെ മധ്യവര്‍ഗ്ഗത്തിനും പാവപ്പെട്ടവര്‍ക്കും ഭാരമാകുന്ന തരത്തില്‍ ഒന്നും ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ അവസരമുള്ളപ്പോള്‍ പത്ത് ലക്ഷം രൂപയിലധികം നോട്ടായി പിന്‍വലിക്കേണ്ടതുണ്ടോ എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ഇത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ ഒഴിവാക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിനായി ഒരു സമിതിയെയും കേന്ദ്ര ബാങ്ക് നിയോഗിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷം മുന്‍പ് ബിസിനസ് ചെലവുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ബിസിനസുകാര്‍ക്ക് ഡിജിറ്റല്‍ അല്ലെങ്കില്‍ ചെക്ക് ഇടപാടുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ ഫലമായി വന്‍കിട കമ്പനികള്‍ 10,000 രൂപയിലധികമുള്ള ശമ്പളം ചെക്ക് മുഖേനയോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ നല്‍കിതുടങ്ങിയിട്ടുണ്ട്.

ഒരു പതിറ്റാണ്ട് മുന്‍പ് യുപിഎ സര്‍ക്കാര്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. 2016 അവസാനത്തിലാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന എന്‍ ചന്ദ്രബാബു നായിഡു അധ്യക്ഷനായ ഉന്നതതല സമിതി 50,000 രൂപയിലധികം പിന്‍വലിക്കുമ്പോള്‍ നികുതി ചുമത്താനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. നോട്ട് അസാധുവാക്കലിനുശേഷം നോട്ട് ഉപയോഗം കുറയ്ക്കാനുള്ള മറ്റ് നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാനായില്ല.

Comments

comments

Categories: FK News

Related Articles