ഡോ. ഷംഷീര്‍ വയലിലിന് യുഎഇയുടെ ആജീവനാന്ത വിസ

ഡോ. ഷംഷീര്‍ വയലിലിന് യുഎഇയുടെ ആജീവനാന്ത വിസ

ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി

അബുദാബി: വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ.ഷംഷീര്‍ വയലിലിനും കുടുംബത്തിനും യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി. രാജ്യത്തെ നിക്ഷേപാന്തരീക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ സര്‍ക്കാര്‍ തുടക്കമിട്ട ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗുണഭോക്താവാണ് ഡോ.ഷംഷീര്‍.

യുവാക്കള്‍ക്ക് വളരെ പ്രചോദനാത്മകമായ പദ്ധതിയാണ് ആജീവനാന്ത വിസ പദ്ധതിയെന്ന് ഗോള്‍ഡന്‍ കാര്‍ഡ് നേടിയ ശേഷം ഡോ.ഷംഷീര്‍ പ്രതികരിച്ചു. 2004ല്‍ മാത്രമാണ് ഞാന്‍ യുഎഇയില്‍ വന്നത്. സങ്കല്‍പ്പിക്കാന്‍ മാത്രം കഴിയുന്ന ഒന്നാണ് ഈ അംഗീകാരം. രാജ്യത്തെ നിക്ഷേപങ്ങളിലൂടെ കൂടുതല്‍ യുവാക്കള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഡോ.ഷംഷീര്‍ കൂട്ടിച്ചേര്‍ത്തു.

ബുര്‍ജീല്‍ ആശുപത്രി അടക്കം അബുദാബി, ദുബായ്, അല്‍ എയിന്‍ എമിറേറ്റുകളില്‍ നിരവധി ആശുപത്രികള്‍ ഉള്ള യുഎഇയിലെ മുന്‍നിര നിക്ഷേപ ഗ്രൂപ്പുകളിലൊന്നാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍. നാല് രാജ്യങ്ങളിലായി 23ഓളം ആശുപത്രികളും 125 മെഡിക്കല്‍ സെന്ററുകളും വിപിഎസിനുണ്ട്. വിപിഎസ് കൂടാതെ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അംനത് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും കൂടിയാണ് ഡോ.ഷംഷീര്‍.

അബുദാബിയിലെ ഷേഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ റേഡിയോളജിസ്റ്റ് ആയാണ് ഡോ.ഷംഷീര്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഹെല്‍ത്ത്‌കെയര്‍ രംഗത്തെ സംരംഭകനായി മാറിയ ഡോ.ഷംഷീര്‍ പത്ത് വര്‍ഷത്തിനുള്ളില്‍ വിപിഎസ് ഹെല്‍ത്ത് കെയറിനെ 20ലധികം ആശുപത്രികളുള്ള വലിയ ആശുപത്രി ശൃംഖലായി ഉയര്‍ത്തി. ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ഡോളറാണ് ഡോ.ഷംഷീറിന്റെ സ്വകാര്യ സ്വത്ത് .ഒരു ഡോക്ടര്‍ എന്ന നിലയില്‍ നിന്നും സംരംഭകനിലേക്കുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോ.ഷംഷീര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ ഡോ.ഷംഷീര്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും ആജീവനാന്ത വിസ പദ്ധതിയുടെ ആദ്യ ഗുണഭോക്താവുമായ എം എ യൂസഫലിയുടെ മരുമകന്‍ കൂടിയാണ്. യൂസഫലിയുടെ മൂത്ത മകള്‍ ഷബീനയാണ് ഡോ.ഷംഷീറിന്റെ ഭാര്യ.

രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാസം യുഎഇ സ്ഥിരതാമസ പദ്ധതി അവതരിപ്പിച്ചത്. ആകെ നിക്ഷേപം 100 ബില്യണ്‍ ഡോളറിലും അധികമുള്ള 6,800ഓളം നിക്ഷേപകരാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുക.

Comments

comments

Categories: Arabia