സ്വകാര്യ എല്‍പിജി വില്‍പ്പന: വിദഗ്ധ സമിതി പരിശോധിക്കും

സ്വകാര്യ എല്‍പിജി വില്‍പ്പന: വിദഗ്ധ സമിതി പരിശോധിക്കും

സബ്‌സിഡിയോടുകൂടി എല്‍പിജി വില്‍ക്കാന്‍ അനുവദിക്കണമെന്ന് സ്വകാര്യ കമ്പനികളുടെ ആവശ്യം

ന്യൂഡെല്‍ഹി: സബ്‌സിഡിയോടു കൂടി പാചക വാതകം വില്‍ക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധസമതിക്ക് രൂപം നല്‍കി. സാമ്പത്തിക വിദഗ്ധന്‍ കിരിത് പരേഖ്, മുന്‍ പെട്രോളിയം സെക്രട്ടറി ജി സി ചതുര്‍വേദി, ഇന്ത്യന്‍ ഓയില്‍ മുന്‍ ചെയര്‍മാന്‍ എം എ പത്താന്‍, ഐഐഎം അഹമ്മദാബാദ് ഡയറക്റ്റര്‍ ഇറോള്‍ ഡിസൂസ, പെട്രോളിയം മന്ത്രാലയം ജോയന്റ് സെക്രട്ടറി എന്നിവരാണ് എണ്ണ മന്ത്രാലയം രപീകരിച്ച സമിതിയിലെ അംഗങ്ങള്‍. അടുത്ത മാസം അവസാനത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിലവിലെ എല്‍പിജി വിപണന സംവിധാനം സമിതി പുനപരിശോധിക്കും. രാജ്യത്ത് ദുര്‍ലഭമായ ഒരു നിയന്ത്രിത ചരക്കിന്റെ വിപണിയില്‍ മല്‍സരം അനുവദിക്കാമോ എന്ന് വിലയിരുത്തുമെന്ന് എണ്ണ മന്ത്രാലയം അറിയിച്ചു. വലിയ ആനുകൂല്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ചുകൊണ്ട് പൊതുമേഖലാ കമ്പനികളാണ് നിലവില്‍ ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. സ്വകാര്യ മേഖലയില്‍ സബ്‌സിഡിയോട് കൂടിയ എല്‍പിജി വിതരണത്തിന് അനുവാദം നല്‍കണമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള കമ്പനികള്‍ ഏറെക്കാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുടെ (ജാംനഗര്‍ റിഫൈനറി) ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയില്‍ ഒരു ദശലക്ഷത്തോളം ഉപഭോക്താക്കള്‍ക്കാണ് പാചക വാതകം വിതരണം ചെയ്യുന്നത്. അതേസമയം 26.5 ദശലക്ഷം എല്‍പിജി ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ 20 ദശലക്ഷം പേര്‍ സബ്‌സിഡി സ്വീകരിക്കുന്നില്ല. ഇത് സ്വകാര്യ കമ്പനികളെ സംബന്ധിച്ച് മികച്ച സാധ്യതയുള്ള മേഖലയാണ്.

Categories: FK News, Slider
Tags: LPG